കോഴിക്കോട്: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏഷ്യാനെറ്റ് ന്യൂസ് ചെയ്ത സോഫ്റ്റ് സ്റ്റോറിയുടെ പേരില്‍ ഇടതു അണികളില്‍ നിന്ന് തനിക്ക് ഇപ്പോഴും സൈബര്‍ ആക്രമണം നേരിടുകയാണെന്ന് തുറന്നെഴുതിയ കായംകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന അരിത ബാബുവിന് പിന്തുണയുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം.
തെരഞ്ഞെടുപ്പ് കാലത്തെ സോഫ്റ്റ് സ്റ്റോറിയുടെ പേരില്‍ പ്രതികൂല സാമൂഹിക സാഹചര്യങ്ങളോട് പടവെട്ടുന്ന ഒരു യുവ പൊതുപ്രവര്‍ത്തകയ്ക്കും മാധ്യമപ്രവര്‍ത്തകയ്ക്കും നേരെ സി.പിഐ.എം ഓണ്‍ലൈന്‍ ഗുണ്ടകള്‍ നീചമായ സൈബര്‍ അറ്റാക്ക് നടത്തുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘മൈക്കും കുത്തി ചാനല്‍ കാമറക്ക് വേണ്ടി പാടത്ത് കൊയ്യാനിറങ്ങിയ സജീഷന്‍ കഞ്ഞിക്കുഴിമാരുടെ ഉഡായിപ്പ് അടപടലം പൊളിഞ്ഞു പോയില്ലായിരുന്നെങ്കില്‍ സി.പി.ഐ.എം പി.ആര്‍ പുലികള്‍ ഇതിനോടകം എന്തൊക്കെയൊന്ന് എഴുതിപ്പൊലിപ്പിച്ചേനെ.
ആര്‍ദ്രതയുള്ള മനസ്സ്, നിഷ്‌ക്കളങ്കമായ പെരുമാറ്റം, സഹ സഖാക്കള്‍ക്കൊപ്പമുള്ള കഠിനാധ്വാനം, യുവത്വത്തിന്റെ സാമൂഹിക പ്രതിബദ്ധത, കൊവിഡ് കാലത്തെ സര്‍ഗാത്മകത, മണ്ണും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തേക്കുറിച്ച് മാര്‍ക്‌സിന്റെ കാഴ്ചപ്പാട്, സോവിയറ്റ് കാലത്തെ കാര്‍ഷിക അഭിവൃദ്ധിയില്‍ ലെനിന്റെ പങ്ക്, ക്യൂബന്‍ വിപ്ലവത്തിനിടയില്‍ കൃഷിപ്പണിക്ക് സമയം കണ്ടെത്തിയ കാസ്‌ട്രോ, ചെഗുവേര.
ഇങ്ങനെ കാണ്ഡം, കാണ്ഡം എഴുതി നിറച്ചേനെ. എന്നിട്ടാണ് എട്ടുപത്ത് മാസം മുമ്പ് ടെലികാസ്റ്റ് ചെയ്ത ഒരു തെരഞ്ഞെടുപ്പ് സോഫ്റ്റ് സ്റ്റോറിയുടെ പേരില്‍ പ്രതികൂല സാമൂഹിക സാഹചര്യങ്ങളോട് പടവെട്ടുന്ന ഒരു യുവ പൊതുപ്രവര്‍ത്തകയ്ക്കും മാധ്യമപ്രവര്‍ത്തകയ്ക്കും നേരെ സി.പിഐ.എം ഓണ്‍ലൈന്‍ ഗുണ്ടകള്‍ ഈ നീചമായ സൈബര്‍ അറ്റാക്ക് നടത്തുന്നത്,’ ബല്‍റാം എഴുതി
അതേസമയം, മുഖ്യമന്ത്രിക്കെഴുതിയ കത്തിലായിരുന്നു അരിത ബാബു തനിക്കുണ്ടായ ദുരനുഭവം എഴുതിയിരുന്നത്.
‘ഏഷ്യാനെറ്റിലെ ലക്ഷ്മി പത്മ എന്ന മാധ്യമപ്രവര്‍ത്തക എന്നെക്കുറിച്ച് തയ്യാറാക്കിയ ഒരു പ്രോഗ്രാമിന്റെ പേരില്‍ അവരെയും എന്നെയും അധിക്ഷേപിക്കുന്നത് ഇപ്പോഴും തുടരുകയാണ്. ‘പാല്‍ക്കാരീ’ ‘കറവക്കാരീ’ എന്നുമൊക്കെയുള്ള വിളികള്‍ അതിന്റെ നേരിട്ടുള്ള അര്‍ത്ഥത്തില്‍ ആണെങ്കില്‍ സന്തോഷത്തോടെ കേള്‍ക്കാവുന്ന രാഷ്ട്രീയ ബോധ്യം എനിക്കുണ്ട്.
എന്നാല്‍, ‘കറവ വറ്റിയോ ചാച്ചീ’, ‘ നിനക്കെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു മുത്തേ, നമുക്ക് അല്‍പ്പം പാല്‍ കറന്നാലോ ഈ രാത്രിയില്‍?’ എന്നൊക്കെ ചോദിക്കുന്നവര്‍ അങ്ങയുടെ ചിത്രങ്ങളാണ് സഖാവേ കവര്‍ ചിത്രമായി കൊടുക്കുന്നത്, ‘ അരിത ബാബു കത്തില്‍ പറഞ്ഞു.
തന്റേതുപോലുള്ള ജീവിതസാഹചര്യങ്ങളില്‍ നിന്ന് വരുന്ന സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളില്‍ സവിശേഷമായ ശ്രദ്ധ കിട്ടാറുണ്ടെന്നും ഇടതുപക്ഷത്തിലെ നേതാക്കളുടെ സ്റ്റോറികളും സമാന സാഹചര്യത്തില്‍ വന്നിട്ടുണ്ടെന്നും അരിത മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ പറഞ്ഞു.
‘ചെത്തുകാരന്റെ മകനായതില്‍ അഭിമാനിക്കുന്നു എന്ന അങ്ങയുടെ പ്രസ്താവന,
രാഷ്ട്രീയമായി അങ്ങയുടെ മറുചേരിയില്‍ നിന്നുകൊണ്ടുതന്നെ, ആഹ്ലാദത്തോടെ കേട്ട ഒരാളാണ് ഞാന്‍. എന്നാല്‍ അങ്ങയുടെ അനുയായികളെന്ന് ഉച്ചത്തില്‍ വിളംബരം ചെയ്യുന്ന ചിലര്‍ ഫേസ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും എന്നെക്കുറിച്ച് നടത്തുന്ന അധിക്ഷേപങ്ങള്‍ ഒരു സ്ത്രീ എന്ന നിലയിലും, പൊതുരംഗത്തു നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തക എന്ന നിലയിലും, സാമൂഹിക ശ്രേണിയിലെ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഒരാളെന്ന നിലയിലും എന്നെ വേദനിപ്പിക്കുന്നു,’ അരിത ബാബു പറഞ്ഞു.