| Tuesday, 16th August 2022, 9:25 am

'സഖാക്കള്‍ക്ക്(പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിലെ) വീട്ടില്‍ വളര്‍ത്തുന്ന പൂവന്‍ കോഴിയുടെ അവസ്ഥ, ആവശ്യം വന്നാല്‍ തട്ടും'; വിവാദ പരാമര്‍ശവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പാലക്കാട് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗമായ ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍. സഖാക്കള്‍ക്ക്, പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിലെ സഖാക്കള്‍ക്ക് വീട്ടില്‍ വളര്‍ത്തുന്ന പൂവന്‍ കോഴിയുടെ അവസ്ഥയാണെന്നും ആവശ്യം വന്നാല്‍ അവനെ തട്ടുമെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയത്.

പാലക്കാട് കൊലപാതകം സംബന്ധിച്ച് സി.പി.ഐ.എം വിചിത്രമായ വാദമാണ് ഉന്നയിക്കുന്നതെന്നും കൊലപാതകം സംബന്ധിച്ച് പ്രതികള്‍ ആരെന്നു സി.പി.ഐ.എം വിധി എഴുതുകയാണെന്നും സജീന്ദ്രന്‍ എഴുതി.

‘വീട്ടില്‍ വളര്‍ത്തുന്ന പൂവന്‍ കോഴിയുടെ അവസ്ഥയാണ് കേരളത്തിലെ സാധാ സഖാക്കള്‍ക്ക് പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിലെ സഖാക്കള്‍ക്ക്.
വീട്ടില്‍ ഒരു ആവശ്യം വന്നാല്‍ അവനെ തട്ടും. പാവത്തുങ്ങളോട് സഹതാപം മാത്രം.

സഖാവിനെ വെട്ടാന്‍ പോയ ദിവസം പോലും കൊടിയേരിക്ക് വേണ്ടി പോസ്റ്റ് ഇട്ടവന്‍ ബി.ജെ.പി ആണോ? ആണെന്നാണ് ഇപ്പോള്‍ സഖാക്കള്‍ വാദിച്ചുകൊണ്ടിരിക്കുന്നത്.

പാലക്കാട് കൊലപാതകം സംബന്ധിച്ച് സി.പി.ഐ.എം വിചിത്രമായ മറ്റൊരു വാദം കൂടി മുന്നോട്ടുവെക്കുന്നുണ്ട്. ‘ഒരുപക്ഷേ പാര്‍ട്ടി അനുഭാവി ആയിരിക്കാം, ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ കാണാം.. പക്ഷേ ഞങ്ങളുടെ പാര്‍ട്ടി മെമ്പര്‍ഷിപ്പില്ല സംഘടനാ ചുമതല ഇല്ല’ പാര്‍ട്ടി മെമ്പര്‍ഷിപ്പും സംഘടന ചുമതലയും ഉള്ളവര്‍ വെട്ടിയാല്‍ മാത്രമാണോ സി.പി.ഐ.എം നടത്തിയ കൊലപാതകം ആവുകയുള്ളൂ? എത്ര വിചിത്രവും ബാലിശവുമാണ് ഇവര്‍ മുന്നോട്ടുവെക്കുന്ന വാദങ്ങള്‍? സാമാന്യ ബുദ്ധിക്ക് നിരക്കുന്ന കാര്യങ്ങള്‍ വേണം നിങ്ങള്‍ സംസാരിക്കാന്‍.

സമീപകാലത്തായി വെഞ്ഞാറമൂട് കൊലപാതകം കോണ്‍ഗ്രസിന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിച്ചു. എ.കെ.ജി സെന്റര്‍ പടക്കമേറ് കോണ്‍ഗ്രസിന്റെ മേല്‍ കെട്ടിവെച്ചു. പാലക്കാട് സി.പി.ഐ.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിലും പ്രതികള്‍ ആരെന്ന് സിപിഎം വിധി എഴുതുന്നു.
സി.പി.ഐ.എം പറയുന്നത് അതേപടി ഏറ്റു പറയാന്‍ മനസില്ലെന്നു പ്രഖ്യാപിച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് അഭിനന്ദനങ്ങള്‍,’ വി.പി. സജീന്ദ്രന്‍ പറഞ്ഞു.

അതേസമയം, ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ സി.പി.ഐ.എം പ്രവര്‍ത്തകരാണെന്ന് കെ. സുധാകരന്‍ പറഞ്ഞിരുന്നു. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് കരുതി എല്ലാം ബി.ജെ.പിയുടെ തലയില്‍ ഇടാന്‍ കഴിയുമോ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഷാജഹാനെ കൊലപ്പെടുത്തിയ അക്രമികള്‍ പാര്‍ട്ടി അംഗങ്ങള്‍ എന്ന് ദൃക്‌സാക്ഷി പറയുമ്പോള്‍ ഉത്തരവാദിത്തതില്‍ നിന്ന് സി.പി.ഐ.എമ്മിന് എങ്ങനെ ഒഴിയാനാകും. സംസ്ഥാന സര്‍ക്കാരിന്റെ കയ്യിലുള്ളതിനേക്കാള്‍ ആയുധശേഖരം സി.പി.ഐ.എമ്മിനുണ്ട്. അക്രമികള്‍ പാര്‍ട്ടി അംഗങ്ങളല്ലെന്ന് പറയുന്ന സി.പി.ഐ.എം നേതാക്കള തിരുത്തുന്നത് പാര്‍ട്ടിക്കാര്‍ തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു.

CONTENT HIGHLIGHTS: KPCC Vice President V.P.Sajeendran made a controversial comment on the killing of Palakkad CPIM local committee member Shah Jahan

We use cookies to give you the best possible experience. Learn more