| Monday, 13th June 2022, 7:36 pm

മുഖ്യമന്ത്രിയുടെ ബോഡിഗാര്‍ഡ് ചമഞ്ഞ് ജയരാജന്‍ ഗുണ്ടാപ്പണിക്കിറങ്ങിയതെന്തിന്? യാത്രക്കാരനെ ആക്രമിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ക്കെതിരെ കേസെടുക്കണം: വി.ടി. ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: വിമാനത്തിനകത്ത് യാത്രക്കാരനെ ആക്രമിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. മുഖ്യമന്ത്രിയോട് പ്രതിഷേധിച്ച് സംസാരിച്ചവരെ ജയരാജന്‍ മുന്നോട്ടു കടന്നുവന്ന് ഏകപക്ഷീയമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

‘മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള യാതൊരുദ്ദേശ്യവും യൂത്ത് കോണ്‍ഗ്രസുകാരായ ആ ചെറുപ്പക്കാര്‍ക്ക് ഇല്ലായിരുന്നു എന്നത് വ്യക്തമാണ്.

അതുകൊണ്ടായിരിക്കാം മുഖ്യമന്ത്രിയോടൊപ്പമുള്ള പേഴ്‌സണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വരെ ഇതിലൊന്നുമിടപെടാതെ അവരവരുടെ സീറ്റുകളില്‍ത്തന്നെ ഇരുന്നത്. പിന്നെന്തിനാണ് മുഖ്യമന്ത്രിയുടെ ബോഡിഗാര്‍ഡ് ചമഞ്ഞ് ജയരാജന്‍ നേരിട്ട് ഗുണ്ടാപ്പണിക്ക് ഇറങ്ങിയത്?’ ബല്‍റാം ചോദിച്ചു.

യാത്രക്കാരായ ചെറുപ്പക്കാരെ എന്ത് അടിസ്ഥാനത്തിലാണ് മദ്യപാനികളായി ചിത്രീകരിക്കുന്നതെന്നും ലക്ഷണം കണ്ടിട്ട് സ്വബോധത്തിലല്ലാത്ത രീതിയില്‍ പെരുമാറിയത് ജയരാജനാണെന്നും ബല്‍റാം പറയുന്നു.

അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ഇ.പി. ജയരാജനും രംഗത്തെത്തിയിരുന്നു.

പ്രതിഷേധക്കാരുടെ ലക്ഷ്യം മുഖ്യമന്ത്രിയെ ആക്രമിക്കുക എന്നതായിരുന്നുവെന്നും മദ്യപിച്ചായിരുന്നു പ്രതിഷേധിക്കാരന്‍ വന്നതെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

മുദ്രാവാക്യം വിളിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നാക്ക് കുഴയുന്നുണ്ടായിരുന്നെന്നും എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. എല്‍.ഡി.എഫിന്റെ വികസനത്തിനെതിരായ പ്രതിഷേധമാണ് ഇവിടെ നടക്കുന്നത്. നൈരാശ്യം വന്നാല്‍ കോണ്‍ഗ്രസ് ഇങ്ങനെയാകുമോ? മുഖ്യമന്ത്രിക്ക് വിമാനത്തില്‍ പോലും യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിതിയായി. കോണ്‍ഗ്രസ് ഭീകരരെ കൊണ്ടാണ് നടക്കുന്നത്. ഇത്തരം പ്രതിഷേധങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് അണികള്‍ രംഗത്തുവരണമെന്നും ജയരാജന്‍ പറഞ്ഞു.

കണ്ണൂരില്‍നിന്ന് തിരിച്ച വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത ഉടനെയായിരുന്നു പ്രതിഷേധം. ആദ്യം സീറ്റിലിരുന്ന് മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്നീട് പിണറായി വിജയന്റെ അടുത്തേക്കു നീങ്ങി മുഖ്യമന്ത്രി രാജിവെക്കണമെന്ന് വിളിച്ചുപറയുകയായിരുന്നു.

വി.ടി. ബല്‍റാമിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

വിമാനത്തിനകത്ത് യാത്രക്കാരെ ആക്രമിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ക്കെതിരെ കേസെടുക്കണം. മുഖ്യമന്ത്രിയോട് പ്രതിഷേധിച്ച് സംസാരിച്ചവരെ ജയരാജന്‍ മുന്നോട്ടു കടന്നുവന്ന് ഏകപക്ഷീയമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള യാതൊരുദ്ദേശ്യവും യൂത്ത് കോണ്‍ഗ്രസുകാരായ ആ ചെറുപ്പക്കാര്‍ക്ക് ഇല്ലായിരുന്നു എന്നത് വ്യക്തമാണ്. അതുകൊണ്ടായിരിക്കാം മുഖ്യമന്ത്രിയോടൊപ്പമുള്ള പേഴ്സണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വരെ ഇതിലൊന്നുമിടപെടാതെ അവരവരുടെ സീറ്റുകളില്‍ത്തന്നെ ഇരുന്നത്. പിന്നെന്തിനാണ് മുഖ്യമന്ത്രിയുടെ ബോഡിഗാര്‍ഡ് ചമഞ്ഞ് ജയരാജന്‍ നേരിട്ട് ഗുണ്ടാപ്പണിക്ക് ഇറങ്ങിയത്?

യാത്രക്കാരായ ചെറുപ്പക്കാരെ മദ്യപാനികളായി മുദ്രകുത്തുക കൂടി ചെയ്യുകയാണ് ജയരാജന്‍! എവിടുന്ന് കിട്ടി ജയരാജന് ഇങ്ങനെയൊരു വിവരം? ലക്ഷണം കണ്ടിട്ട് സ്വബോധത്തിലല്ലാത്ത രീതിയില്‍ പെരുമാറിയത് ജയരാജനാണ്. അതുകൊണ്ടുതന്നെ ആ ചെറുപ്പക്കാരോടൊപ്പം ജയരാജനേയും വൈദ്യ പരിശോധനക്ക് വിധേയനാക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ വച്ച് തന്നെ വൈദ്യപരിശോധന നടത്തി ഇക്കാര്യത്തില്‍ ഉടന്‍ സ്ഥിരീകരണമുണ്ടാക്കണം.

Content Highlight: KPCC Vice Precedent VT Balram against LDF Convenor EP Jayarajan

We use cookies to give you the best possible experience. Learn more