തിരുവനന്തപുരം: കെ.പി.സി.സിയുടെ പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിനിടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആളുകൂടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു.
കണ്ടാലറിയാവുന്ന നൂറിലധികം പേര്‍ക്ക് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച്ചയാണ് പുതിയ പ്രസിഡന്റ് ആയി കെ. സുധാകരന്‍ അധികാരമേറ്റത്.
ഇന്ദിരാഭവനില്‍ മുതിര്‍ന്ന നേതാക്കളുടേയും എ.ഐ.സി.സി. പ്രതിനിധികളുടേയും സാന്നിധ്യത്തിലാണ് കെ.സുധാകരന്‍ ചുമതലയേറ്റെടുത്തത്.
രാവിലെ കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തിയ സുധാകരന്‍ തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചനയും നടത്തിയിരുന്നു.
സുധാകരനൊപ്പം കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരായി ടി.സിദ്ദീഖ്, കൊടിക്കുന്നില്‍ സുരേഷ്, പി.ടി. തോമസ് എന്നിവരും ചുമതലയേറ്റിട്ടുണ്ട്.
സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ ഇടതുപക്ഷം തനിക്ക് നേരെ ഉന്നയിക്കുന്ന ആര്‍.എസ്.എസ്. ബന്ധത്തിന് സുധാകരന്‍ മറുപടി നല്‍കി. അതൊരു അജണ്ടയുടെ ഭാഗമായി ആണെന്നും സി.പി.ഐ.എം. കോണ്‍ഗ്രസിനെ ഭയക്കുന്നത് കൊണ്ടാണ് തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നതെന്നുമാണ് കെ. സുധാകരന്‍ പറഞ്ഞത്.
ആര്‍.എസ്.എസ്. ലേബലടിച്ച് കോണ്‍ഗ്രസിന്റെ നേതാക്കളെ തകര്‍ത്തുകളയാമെന്ന് ആരും വിചാരിക്കേണ്ടെന്നും സുധാകരന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
KPCC The crowd during the charge taking President; Police have registered a case