| Sunday, 23rd July 2017, 11:57 am

എം. വിന്‍സെന്റിന് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പീഡനക്കേസില്‍ അറസ്റ്റിലായ എം. വിന്‍സെന്റിനെതിരെ കെ.പി.സി.സി നടപടി. കുറ്റവിമുക്തനാകും വരെ വിന്‍സെന്റിനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്താനാണ് തീരുമാനം. നിലവില്‍ കെ.പി.സി.സി സെക്രട്ടറിയാണ് വിന്‍സെന്റ്.

എം.എല്‍.എ സ്ഥാനം രാജിവെക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ പറഞ്ഞു. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായും ഹസന്‍ പറഞ്ഞു. തിരക്കിട്ടുള്ള അറസ്റ്റ് ഗൂഢാലോചനയുടെ തെളിവാണെന്നും അദ്ദേഹം വാദിക്കുന്നു.

എന്നാല്‍ കേസില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ മാത്രമേ പാര്‍ട്ടി നടപടി സ്വീകരിക്കൂവെന്നായിരുന്നു ഹസന്‍ കഴിഞ്ഞദിവസം പറഞ്ഞത്. എന്നാലിപ്പോള്‍ അദ്ദേഹത്തെ സസ്‌പെന്റ് ചെയ്യുന്നതായി കെ.പി.സി.സി അറിയിച്ചിരിക്കുകയാണ്.


Must Read: മൊബൈലില്‍ അശ്ലീല ക്ലിപ്പുകള്‍ പാടില്ല; ചരടും ഏലസ്സും പറ്റില്ല: സൗദിയില്‍ പോകുന്ന ഇന്ത്യക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ഇവയാണ്


എം.വിന്‍സെന്റ് പീഡിപ്പിച്ചെന്ന് വീട്ടമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിന്‍സെന്റിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. എം വിന്‍സെന്റ് പരാതിക്കാരിയായ വീട്ടമ്മയെ കഴിഞ്ഞ അഞ്ചു മാസത്തിനിടെ 900 തവണ വിളിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ശനിയാഴ്ച വൈകുന്നേരത്തോടെ എം. വിന്‍സെന്റിനെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

വീട്ടമ്മയോട് എം.എല്‍.എ ഫോണില്‍ വിളിച്ച് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ആത്മഹത്യ പ്രേരണകുറ്റത്തിന് കേസെടുത്തത്. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ വീട്ടമ്മയുടെ മൊഴിക്ക് ശേഷം സ്ത്രീ പീഡനത്തിന് കേസെടുക്കുകയായിരുന്നു.


Don”t Miss: എം. വിന്‍സെന്റിനെതിരെയുള്ളത് രാഷ്ട്രീയ ഗൂഢാലോചന; പിന്നില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകനായ സഹോദരനെന്നും പരാതിക്കാരുടെ സഹോദരി


We use cookies to give you the best possible experience. Learn more