കെ.സി.വേണുഗോപാലിനെതിരെ രാഹുല്‍ ഗാന്ധിക്ക് കത്തയച്ച പി.എസ്. പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
Kerala News
കെ.സി.വേണുഗോപാലിനെതിരെ രാഹുല്‍ ഗാന്ധിക്ക് കത്തയച്ച പി.എസ്. പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th August 2021, 8:38 pm

തിരുവനന്തപുരം: കെ.പി.സി.സി സെക്രട്ടറി പി.എസ്. പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി.
നെടുമങ്ങാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു പി.എസ്.പ്രശാന്ത്. ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചു.

കോണ്‍ഗ്രസ് ഹൈക്കമാന്റിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും വെല്ലുവിളിക്കുകയും ചെയ്തതിനാണ് പ്രശാന്തിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത്.

ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നെന്നും എന്നാല്‍, തെറ്റുതിരുത്താന്‍ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും സുധാകരന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഡി.സി.സി അധ്യക്ഷന്‍മാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പി.എസ്.പ്രശാന്ത് വെല്ലുവിളിയുമായി രംഗത്തുവന്നത്.

കെ.സി.വേണുഗോപാലിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രശാന്ത് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു. വേണുഗോപാല്‍ ബി.ജെ.പി ഏജന്റാണെന്നും കോണ്‍ഗ്രസിനെ തകര്‍ക്കുന്നുവെന്നും പ്രശാന്ത് ആരോപിച്ചിരുന്നു.

തന്നെ പരാജയപ്പെടുത്താന്‍ ശ്രമിച്ചയാളാണ് പാലോട് രവിയെന്നും ഇതിന്റെ തെളിവുകള്‍ തോല്‍വി പഠിക്കുന്ന കമ്മീഷന്‍ കൈമറിയിട്ടുണ്ടെന്നും
ഇത്തരം ഒരാളെ ഡി.ഡി.സി അധ്യക്ഷനാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: KPCC Secretary P.S. Prashant was expelled from the party.