പ്രിയങ്ക ഗാന്ധിയെ വരവേൽക്കാൻ എല്ലാ നേതാക്കളും ചുരം കയറേണ്ട; കെ.പി.സി.സിയുടെ കർശന നിർദേശം
Kerala News
പ്രിയങ്ക ഗാന്ധിയെ വരവേൽക്കാൻ എല്ലാ നേതാക്കളും ചുരം കയറേണ്ട; കെ.പി.സി.സിയുടെ കർശന നിർദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd October 2024, 9:27 am

കല്‍പ്പറ്റ: പ്രിയങ്ക ഗാന്ധിയെ വരവേല്‍ക്കാന്‍ എല്ലാ നേതാക്കളും വയനാട് ചുരം കയറേണ്ടതില്ലെന്ന് കെ.പി.സി.സി. ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കുന്നതിനായി ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരത്തോടെ പ്രിയങ്ക ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേരളത്തിലെത്തുന്ന സാഹചര്യത്തിലാണ് കെ.പി.സി.സിയുടെ മുന്നൊരുക്കം.

ചേലക്കര, പാലക്കാട് മണ്ഡലങ്ങളില്‍ ചുമതലയുളള നേതാക്കള്‍ അനാവശ്യമായി വയനാടിന് വണ്ടി കയരുതെന്നാണ് കെ.പി.സി.സി നിര്‍ദേശം. ഇരു മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി മുതിര്‍ന്ന നേതാക്കള്‍ക്ക് കെ.പി.സി.സി ചുമതല നല്‍കി.

നിലവില്‍ കോണ്‍ഗ്രസിലെ അഞ്ച് എം.എല്‍.എമാര്‍ക്ക് മാത്രമാണ് വയനാട്ടില്‍ കെ.പി.സി.സി നേതൃത്വം ചുമതല നല്‍കിയിരിക്കുന്നത്.

ചേലക്കരയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കൊടിക്കുന്നില്‍ സുരേഷുമാണ് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍. പാലക്കാട് മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതല നല്‍കിയിരിക്കുന്നത് ബെന്നി ബെഹനാനും കെ.സി. ജോസഫിനുമാണ്.

തെരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കള്‍ മണ്ഡലം വിടുന്നില്ലെന്നും പ്രചരണത്തിനുള്ള നീക്കങ്ങള്‍ നടത്തുന്നുണ്ടെന്നും ഉറപ്പുവരുത്തേണ്ടത് നിരീക്ഷകരാണ്.

ഇവര്‍ക്ക് പുറമെ കെ.പി.സി.സി ഭാരവാഹികള്‍ക്കും സമീപ ജില്ലകളിലെ ഡി.സി.സി പ്രസിഡന്റുമാര്‍ക്കും പഞ്ചായത്ത് തലത്തില്‍ ചുമലതല നല്‍കിയിട്ടുണ്ട്. ബാക്കിയുളള നേതാക്കള്‍ ചേലക്കര-പാലക്കാട് മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് കെ.പി.സി.സി നിര്‍ദേശം നല്‍കിയത്.

പ്രിയങ്ക ഗാന്ധിയുടെ കന്നിമത്സരമാണ് വായനാട്ടിലേത്. നാളെ (ബുധനാഴ്ച)യാണ് പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. എ.ഐ.സി.സി നേതാക്കളുടെയും ഭാരവാഹികളുടെയും മേല്‍നോട്ടത്തിലാണ് വയനാട്ടിലെ തെരഞ്ഞെടുപ്പ് നടപടികള്‍ നടക്കുന്നത്.

സോണിയ ഗാന്ധി, മുന്‍ വയനാട് എം.പി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ പ്രിയങ്കയുടെ കന്നിയങ്കത്തിന് ഊര്‍ജം നല്‍കുന്നതിനായി വയനാട്ടിലെത്തും.

നവംബര്‍ 13ന് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് നടക്കും. സി.പി.ഐയുടെ സത്യന്‍ മൊകേരിയും ബി.ജെ.പിയുടെ നവ്യ ഹരിദാസുമാണ് പ്രിയങ്ക ഗാന്ധിയുടെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍. നാദാപുരം മുന്‍ എം.എല്‍.എയായിരുന്നു സത്യന്‍ മൊകേരി. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറാണ് നവ്യ ഹരിദാസ്.

Content Highlight: KPCC said that all the leaders should not climb the Wayanad pass to welcome Priyanka Gandhi