തിരുവനന്തപുരം: മൗലാന അബുല്‍ കലാം ആസാദ് അനുസ്മരണം വിലക്കിയിട്ടില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍. സംഘടനാ പ്രശ്‌നം പരിഹരിക്കാനാണ് നിര്‍ദേശിച്ചതെന്നും അനുസ്മരണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യേണ്ട പരിപാടിയാണ് കെ. സുധാകരന്‍ മാറ്റിവെക്കാന്‍ നിര്‍ദേശിച്ചിരുന്നത്.
കെ.പി.സി.സി മൈനോരിറ്റി വിഭാഗമായിരുന്നു പരിപാടിയുടെ സംഘാടകര്‍. എന്നാല്‍ സംഘടനയില്‍ ആഭ്യന്തര പ്രശ്‌നമുള്ളതിനാലാണ് മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് കെ.പി.സി.സി നേരത്തെ നല്‍കിയിരുന്ന വിശദീകരണം.
അബുല്‍ കലാം ആസാദിന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി മതമൈത്രി സംഗമമായാണ് പരിപാടി നടത്തിയിരുന്നത്. എ.കെ. ആന്റണിയാണ് പരിപാടിയുടെ ഉദ്ഘാടകന്‍. മൈനോറിറ്റി വിഭാഗത്തിനുള്ളില്‍ നിരവധി സംഘടനാ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇത് പരിഹരിച്ച ശേഷം മാത്രം പരിപാടി നടത്തിയാല്‍ മതിയെന്നും കെ.പി.സി.സി വിശദീകരണത്തില്‍ പറഞ്ഞിരുന്നു.
മതസൗഹാര്‍ദത്തിനും ഹിന്ദു-മുസ്‌ലിം സാഹോദര്യത്തിനുമായി എന്നും നിലകൊണ്ട ശക്തനായ നേതാവായിരുന്നു മൗലാനാ ആസാദെന്ന കെ.പി.സി.സി പ്രസിഡന്റ് സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതകരണം.
‘ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയും ആയിരുന്ന മൗലാന അബുല്‍ കലാം ആസാദിന്റെ 134-ാം ജന്മവാര്‍ഷികമാണിന്ന്.
മതസൗഹാര്‍ദ്ദത്തിനും ഹിന്ദു-മുസ്‌ലിം സാഹോദര്യത്തിനുമായി എന്നും നിലകൊണ്ട ശക്തനായ നേതാവായിരുന്നു മൗലാനാ ആസാദ്.
വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയില്‍ ഇന്നു കാണുന്ന എല്ലാ മുന്നേറ്റങ്ങള്‍ക്കും തുടക്കംകുറിച്ചവരില്‍ പ്രധാനിയായിരുന്നു മൗലാന അബുല്‍കലാം ആസാദ്. അദ്ദേഹം തുടങ്ങിവെച്ച വിദ്യാഭ്യാസ പരിഷ്‌കാരങ്ങളോടുള്ള ആദരസൂചകമായാണ് രാജ്യം ഈ ദിവസം ദേശീയ വിദ്യാഭ്യാസ ദിനമായി ആഘോഷിക്കുന്നത്.
ആ ത്യാഗോജ്ജ്വല ജീവിതത്തിന്റെ ജ്വലിക്കുന്ന സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം,’ സുധാകരന്‍ പറഞ്ഞു.
CONTENT HIGHLIGHT: KPCC said Maulana Abul Kalam Azad has not been banned