തിരുവനന്തപുരം: മൗലാന അബുല്‍ കലാം ആസാദ് അനുസ്മരണം വിലക്കിയിട്ടില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍. സംഘടനാ പ്രശ്‌നം പരിഹരിക്കാനാണ് നിര്‍ദേശിച്ചതെന്നും അനുസ്മരണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യേണ്ട പരിപാടിയാണ് കെ. സുധാകരന്‍ മാറ്റിവെക്കാന്‍ നിര്‍ദേശിച്ചിരുന്നത്.
കെ.പി.സി.സി മൈനോരിറ്റി വിഭാഗമായിരുന്നു പരിപാടിയുടെ സംഘാടകര്‍. എന്നാല്‍ സംഘടനയില്‍ ആഭ്യന്തര പ്രശ്‌നമുള്ളതിനാലാണ് മാറ്റിവെക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് കെ.പി.സി.സി നേരത്തെ നല്‍കിയിരുന്ന വിശദീകരണം.
അബുല്‍ കലാം ആസാദിന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായി മതമൈത്രി സംഗമമായാണ് പരിപാടി നടത്തിയിരുന്നത്. എ.കെ. ആന്റണിയാണ് പരിപാടിയുടെ ഉദ്ഘാടകന്‍. മൈനോറിറ്റി വിഭാഗത്തിനുള്ളില്‍ നിരവധി സംഘടനാ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇത് പരിഹരിച്ച ശേഷം മാത്രം പരിപാടി നടത്തിയാല്‍ മതിയെന്നും കെ.പി.സി.സി വിശദീകരണത്തില്‍ പറഞ്ഞിരുന്നു.
മതസൗഹാര്‍ദത്തിനും ഹിന്ദു-മുസ്‌ലിം സാഹോദര്യത്തിനുമായി എന്നും നിലകൊണ്ട ശക്തനായ നേതാവായിരുന്നു മൗലാനാ ആസാദെന്ന കെ.പി.സി.സി പ്രസിഡന്റ് സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതകരണം.