കോഴിക്കോട്: കെ.പി.സി.സിയുടെ നവസങ്കല്‍പ്പ് ചിന്തന്‍ ശിബിരത്തിന് ഇന്ന് കോഴിക്കോട് തുടക്കമാകും. ഇന്നും നാളെയുമായി കോഴിക്കോട് ബീച്ചിന് സമീപമുള്ള ആസ്പിയന്‍ കോര്‍ട്ട് യാര്‍ഡില്‍ നടക്കുന്ന പരിപാടിയില്‍ സംഘടനാ ശേഷി ശക്തമാക്കുന്നതിനൊപ്പം 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചര്‍ച്ചയാകും.
കെ.പി.സി.സി ഭാരവാഹികള്‍ക്ക് പുറമേ ഡി.സി.സി പ്രസിഡന്റുമാരും പോഷക സംഘടനാ ഭാരവാഹികളുമുള്‍പ്പടെ 200 ഓളം പ്രതിനിധികളാണ് ശിബിരത്തില്‍ പങ്കെടുക്കുക. ഉദയാപൂര്‍ ശിബിരത്തിന്റെ മാതൃകയിലായിരിക്കും പരിപാടി.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേതൃനിരയില്‍ വന്ന ശേഷം പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ ഒരുമിച്ചെത്തുന്ന വേദിയെന്ന നിലയില്‍ പാര്‍ട്ടിയിലെ ശെലീമാറ്റമടക്കം സജീവ ചര്‍ച്ചയാകും.
സംഘടനാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും സാമുദായിക സംഘടനകളോടുള്ള കോണ്‍ഗ്രസിന്റെ നിലപാടും കൂടാതെ, കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധിയെ വീണ്ടും വയനാട് ലോക്സഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നതിനെക്കുറിച്ചും ചിന്തന്‍ ശിബിരത്തില്‍ ചര്‍ച്ചയാകും.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനായി രൂപീകരിക്കേണ്ട കര്‍മപദ്ധതിക്കായി പ്രത്യേക സെഷനോടൊപ്പം തെരഞ്ഞെടുപ്പ് പ്രവര്‍ത്തന കലണ്ടറിനും ശിബിരം രൂപം കൊടുക്കും.
മിഷന്‍ 24, പൊളിറ്റിക്കല്‍ കമ്മിറ്റി, ഇക്കണോമിക്കല്‍ കമ്മിറ്റി, ഓര്‍ഗനൈസേഷന്‍ കമ്മിറ്റി, ഔട്ട്‌റീച്ച് കമ്മിറ്റി എന്നീ വിഷയങ്ങള്‍ ആസ്പദമാക്കിയുള്ള ചര്‍ച്ചകളുടെ ക്രോഡീകരണം ശിബിരത്തില്‍ നടത്തും.
കോണ്‍ഗ്രസ് ഹൗസ് എന്ന പേരില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തുടങ്ങുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യും. സംസ്ഥാനത്തെ മുഴുവന്‍ കമ്മിറ്റികളെയും കോര്‍ത്തിണക്കിക്കൊണ്ടാണ് ഈ സംവിധാനം.
കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള പോഷക സംഘടനകളുടെ പ്രവര്‍ത്തനവും ശിബിരത്തില്‍ വിലയിരുത്തപ്പെടും.
കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദ്വിഗ് വിജയ് സിങ്, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥന്‍ പെരുമാള്‍ എന്നിവര്‍ എ.ഐ.സി.സിയെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുക്കും.
കോഴിക്കോട് നടക്കുന്ന ചിന്തന്‍ ശിബിരം കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വലിയ വഴിത്തിരിവാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Content Highlight: KPCC’s Chintan camp will begin in Kozhikode