| Monday, 7th September 2020, 8:39 pm

ശരിയായ രീതിയില്‍ വെഞ്ഞാറമൂട് കൊലപാതക കേസ് അന്വേഷിച്ചാല്‍ സി.പി.ഐ.എം നേതാക്കളുടെ പങ്ക് പുറത്തുവരും; ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശരിയായ രീതിയില്‍ വെഞ്ഞാറമൂട് കൊലപാതക കേസ് അന്വേഷിച്ചാല്‍ സി.പി.എം നേതാക്കളുടെ പങ്ക് പുറത്തുവരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം. കേരള പൊലീസ് അന്വേഷണം നടത്തിയാല്‍ നീതിയുണ്ടാകില്ലെന്നും ഇതിനാലാണ് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഉരുത്തിരിഞ്ഞ് വരികയാണ്. അക്രമരാഷ്ട്രീയത്തിന് അറുതിവരുത്താന്‍ സി.പി.ഐ.എം തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ബോംബ് നിര്‍മ്മാണം സി.പി.ഐ.എമ്മിന് കുടില്‍വ്യവസായമാണെന്നും ആയുധ ശേഖരത്തില്‍ സി.പി.ഐ.എം പൊലീസിനേക്കാള്‍ മുന്നിലാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. കതിരൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് പരിക്ക് പറ്റിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.

പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടിനേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ബോംബ് നിര്‍മ്മാണവും എതിരാളികളെ വെട്ടിവീഴ്ത്തുന്നതിന് വേണ്ടിയുള്ള മാരകായുധങ്ങളും നിര്‍മ്മിച്ച് കൊണ്ടിരിക്കുകയാണെന്നും കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നാണ് ആയുധങ്ങള്‍ എത്തിക്കുന്നത്. കേരളത്തെ കലാപഭൂമിയാക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

മുല്ലപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

ആയുധശേഖരത്തില്‍ സി.പി.ഐ.എം പൊലീസിനേക്കാള്‍ മുന്നിലാണ്.

ബോംബ് നിര്‍മ്മാണം സി.പി.ഐ.എമ്മിന് കുടില്‍ വ്യവസായമാണ്. പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടിനേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ബോംബ് നിര്‍മ്മാണവും എതിരാളികളെ വെട്ടിവീഴ്ത്തുന്നതിന് വേണ്ടിയുള്ള മാരകായുധങ്ങളും നിര്‍മ്മിച്ച് കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നാണ് ആയുധങ്ങള്‍ എത്തിക്കുന്നത്. കേരളത്തെ കലാപഭൂമിയാക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നത്.

കതിരൂര്‍ പൊന്ന്യത്ത് ബേംബ് നിര്‍മ്മാണത്തിനിടയില്‍ സി.പി.ഐ.എംകാര്‍ക്ക് പരിക്കേല്‍ക്കാനിടയായ സംഭവം ആയുധ നിര്‍മ്മാണം സി.പി.ഐ.എം ഇനിയും നിര്‍ത്തിയില്ലെന്നതിന് തെളിവാണ്. ഈ സംഭവത്തിലെ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം വെഞ്ഞുറാമൂട് നടന്ന കൊലപാതകം രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘട്ടനമായിരുന്നു. സത്യസന്ധമായ പോലീസ് അന്വേഷണം നടക്കുന്ന സാഹചര്യമല്ല. കേരള പൊലീസ് അന്വേഷണം നടത്തിയാല്‍ നീതിയുണ്ടാകില്ല. ഇതിനാലാണ് സിബിഐ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ശരിയായ രീതിയില്‍ വെഞ്ഞാറമൂട് കൊലപാതക കേസ് അന്വേഷിച്ചാല്‍ സി.പി.എം നേതാക്കളുടെ പങ്ക് പുറത്തുവരും. ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഉരുത്തിരിഞ്ഞ് വരികയാണ്.
അക്രമരാഷ്ട്രീയത്തിന് അറുതിവരുത്താന്‍ സി.പി.ഐ.എം തയ്യാറാകണം.

അമ്പത് വര്‍ഷം മുന്‍പ് നടന്ന ആദ്യ രാഷ്ട്രീയ കൊലപതാകമായ വാടിക്കല്‍ രാമകൃഷ്ണന്റെ അറുംകൊല കണ്ട നാടാണ് തലശേരി.ചരിത്രം ഉറങ്ങുന്ന തശേരിയുടെ പൈതൃകത്തിന് കളങ്കം ചാര്‍ത്തുന്ന ചെയ്തികള്‍ ഇപ്പോഴും സി.പി.എം തുടരുകയാണ്. തലശേരിയെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി സി.പി.ഐ.എം മാറ്റി. അരനൂറ്റാണ്ടായി ഇവിടെ സി.പി.ഐ.എം കാട്ടുനീതി നടപ്പാക്കുകയാണ്. ചോരക്കളി അവസാനിപ്പിക്കാന്‍ സി.പി.ഐ.എം തയ്യാറാകണം. അല്ലെങ്കില്‍ ഇനിയും പല കുടുംബങ്ങളിലെയും അമ്മമാരുടേയും സഹോദരിമാരുടേയും തേങ്ങലും നിലവിളികളും ഉയരും.

അഴിമതിയുടേയും സ്വര്‍ണ്ണക്കടത്തിന്റേയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെങ്കില്‍ മയക്കുമരുന്ന് ലോബിയുടെ പ്രവര്‍ത്തനം എകെജി സെന്ററിനെ ചുറ്റിപ്പറ്റിയാണ്. മയക്കുമരുന്നിന്റെ കേന്ദ്രമായി കലാലയങ്ങള്‍ മാറി. സി.പി.ഐ.എം നിയന്ത്രണത്തിലുള്ള തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റല്‍ കൗമാരകുറ്റവാളികളെ വളര്‍ത്തുന്ന കേന്ദ്രമായി.

സംസ്ഥാനത്ത് സ്ത്രീസുരക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. കൊവിഡ് രോഗികള്‍ പോലും പീഡിപ്പിക്കപ്പെടുന്നു. പിന്‍വാതില്‍ നിയമനങ്ങളിലൂടെ ക്രിമിനലുകളെ പുനരധിവസിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

സര്‍ക്കാരിനെതിരായ അഴിമതി ആരോപണം, സ്വര്‍ണക്കള്ളക്കടത്ത്, അന്താരാഷ്ട്ര മയക്കു മരുന്ന് ഇടപാട് തുടങ്ങിയവയില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് സി.പി.ഐ.എം അക്രമം അഴിച്ച് വിടുന്നത്. വരുന്ന ലോക്കല്‍ബോഡി തിരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയുണ്ടാകുമെന്ന് കണ്ടാണ് ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ സി.പി.ഐ.എം പങ്കാളിയാകുന്നത്. കേരളത്തെ കലാപഭൂമിയാക്കി ജനങ്ങളില്‍ ഭീതി പരത്തുകയെന്നതാണ് സി.പി.ഐ.എമ്മിന്റെ ലക്ഷ്യമെന്നും ഇതിനെതിരെയുള്ള പോരാട്ടമാണ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഗാന്ധിയന്‍ സമരം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ContentHighlights: KPCC President Mullappally Ramachandran allegations against CPIM In Venjaramoodu murder

We use cookies to give you the best possible experience. Learn more