| Friday, 20th May 2022, 7:37 pm

മലബാറിലും തിരുവിതാംകൂറിലും പട്ടിയില്‍ വ്യത്യാസമൊന്നുമില്ല; കെ. സുധാകരനെതിരെ മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ‘ചങ്ങലയില്‍ നിന്നും പൊട്ടിയ നായയേപ്പോലെയാണ് മുഖ്യമന്ത്രി’ എന്ന പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

സുധാകരന്റെ സംസ്‌കാരം സമൂഹം മനസ്സിലാക്കുമെന്നും, അത് ശരിയോ തെറ്റോ എന്ന് ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘മലബാറിലും തിരുവിതാംകൂറിലും പട്ടിയില്‍ വ്യത്യാസമൊന്നുമില്ല, ചങ്ങലയെ ചങ്ങല എന്ന് തന്നെയാണ് പ്രയോഗിക്കുക ഓരോരുത്തരുടെയും സംസ്‌കാരത്തിന് അനുസരിച്ചാണ് പെരുമാറുക,’ മുഖ്യമന്ത്രി പറഞ്ഞു.

കേസുമായി പോകാന്‍ സര്‍ക്കാരിന് താല്‍പര്യമില്ലായെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ചങ്ങലയില്‍ നിന്നും പൊട്ടിയ നായയേപ്പോലെയാണ് മുഖ്യമന്ത്രി പിണറായി തൃക്കാക്കരയില്‍ വന്നിരിക്കുന്നതെന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. മുഖ്യമന്ത്രിയെ ആരും കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുന്നില്ലെന്നും നിയന്ത്രിക്കാന്‍ ആരുമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

പരാമര്‍ശം വിവാദമായതോടെ വിഷയത്തില്‍ വിശദീകരണവുമായി കെ.സുധാകരന്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മോശം പരാമര്‍ശം നടത്തിയിട്ടില്ല. താന്‍ പറഞ്ഞത് മോശം പരാമര്‍ശമായിട്ട് തോന്നുന്നുവെങ്കില്‍ അത് പിന്‍വലിക്കുന്നുവെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭരണസംവിധാനം ദുരുപയോഗം ചെയ്തതിനേയാണ് കുറ്റപ്പെടുത്തിയത് എന്ന് സുധാകരന്‍ പറഞ്ഞു.

താന്‍ നടത്തിയ പരാമര്‍ശം മലബാറിലുള്ള കൊളോക്കിയല്‍ ഉപമയാണ്. പരാമര്‍ശത്തില്‍ ഒരു വാക്കിനകത്തും അപമാനിക്കുന്ന രീതിയില്‍ ഒന്നും ഉപയോഗിച്ചിട്ടില്ല. അങ്ങനെ തോന്നിയിട്ടുണ്ടെങ്കില്‍ മാത്രം അത് പിന്‍വലിക്കുന്നു. ഞാന്‍ എന്നെക്കുറിച്ചും അത്തരത്തിലുള്ള പരാമര്‍ശം നടത്താറുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷം സര്‍ക്കാരിന് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതിസന്ധികള്‍ക്കിടയിലും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ സാധിച്ചു. സര്‍ക്കാരിനുള്ള ജനപിന്തുണ വര്‍ധിച്ചുവരികയാണ്. തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പിലെ ഫലം അത് തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ വാര്‍ഷിക ദിനത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കുകയായിരുന്നു അദ്ദേഹം.

Content Highlights: KPCC President K. Sudhakaran to  remark Chief Minister Pinarayi Vijayan responds

We use cookies to give you the best possible experience. Learn more