| Saturday, 15th April 2023, 11:08 pm

പുല്‍വാമയിലേത് ഭരണകൂടം പരോക്ഷമായി നടത്തിയ കൂട്ടക്കൊല; മോദിക്ക് സൈനികരോടുള്ള സ്‌നേഹം കേവലം വോട്ട്: കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മോദിക്ക് സൈനികരോടും ഈ രാജ്യത്തോടുമുള്ള സ്‌നേഹം കേവലം വോട്ട് മാത്രം ലക്ഷ്യമാക്കിയുള്ളതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. പുല്‍വാമയില്‍ കൊല്ലപ്പെട്ട ധീര ജവാന്മാര്‍ മോദിയുടെ അധികാരമോഹത്തിന്റെ രക്തസാക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു.

പുല്‍വാമയിലെ വീഴ്ച മറച്ചുവെക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടുവെന്ന ജമ്മു കാശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കപട രാജ്യസ്‌നേഹം പറഞ്ഞ് വീണ്ടും അധികാരത്തില്‍ വരാന്‍ നരേന്ദ്രമോദി വരുത്തിയ ഗുരുതര വീഴ്ചയില്‍ നമുക്ക് നഷ്ടമായത് ഒരുപറ്റം വീര സൈനികരുടെ ജീവനും ജീവിതവുമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

‘പുല്‍വാമയിലെ ഭീകരാക്രമണം 40 സൈനികരുടെ ജീവനാണ് എടുത്തത്. മോദി സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയെ പറ്റി കോണ്‍ഗ്രസ് അന്ന് പറഞ്ഞപ്പോള്‍ വിമര്‍ശിക്കാന്‍ കപട രാജ്യസ്‌നേഹികള്‍ ഒരുപാടുണ്ടായിരുന്നു.
എത്ര മൂടി വെച്ചാലും സത്യം ഒരുനാള്‍ പുറത്തു വന്നിരിക്കും.

പുല്‍വാമയില്‍ കൊല്ലപ്പെട്ട ധീര ജവാന്മാര്‍ മോദിയുടെ അധികാരമോഹത്തിന്റെ രക്തസാക്ഷികളാണ്. കപട രാജ്യസ്‌നേഹം പറഞ്ഞ് വീണ്ടും അധികാരത്തില്‍ വരാന്‍ നരേന്ദ്ര മോദി വരുത്തിയ ഗുരുതര വീഴ്ചയില്‍ നമുക്ക് നഷ്ടമായത് ഒരുപറ്റം വീര സൈനികരുടെ ജീവനും ജീവിതവും ആണ്.

ചോദ്യങ്ങളെ ഭയന്ന് ഓടുന്ന നരേന്ദ്ര മോദി ഈ വിഷയത്തിലും വാ തുറക്കില്ല. പക്ഷേ ഇന്ത്യാ മഹാരാജ്യത്തെ സ്‌നേഹിക്കുന്ന ഓരോ പൗരനും, ഈ രാജ്യത്തിന്റെ കാവല്‍ക്കാരെ സ്‌നേഹിക്കുന്ന ഓരോ മനുഷ്യസ്‌നേഹിയും നരേന്ദ്രമോദിയ്ക്കും ബി.ജെ.പിക്കും ജനാധിപത്യ രീതിയില്‍ മറുപടി കൊടുത്തിരിക്കണം.
മറക്കരുത്, മോദിയുടെ ഭരണകൂടം പരോക്ഷമായി നടത്തിയ ഈ കൂട്ടക്കൊല. മോദിയുടെ കഴിവുകേട് കാരണം കൊല്ലപ്പെട്ട വീര ജവാന്മാരുടെ ജീവനു പകരം ചോദിക്കേണ്ടത് ഓരോ ഇന്ത്യന്‍ പൗരന്റെയും കടമയാണ്,’ സുധാകരന്‍ പറഞ്ഞു.

Content Highlight: KPCC president K. Sudhakaran Says Modi said that Modi’s love for soldiers and this country is only for votes

We use cookies to give you the best possible experience. Learn more