കെ.എസ്.യു പ്രവര്‍ത്തകനായിരിക്കെ ആര്‍.എസ്.എസ് ശാഖകള്‍ സംരക്ഷിക്കാന്‍ ആളെ വിട്ടിട്ടുണ്ട്: വിവാദ പ്രസ്താവനയുമായി കെ. സുധാകരന്‍
Kerala News
കെ.എസ്.യു പ്രവര്‍ത്തകനായിരിക്കെ ആര്‍.എസ്.എസ് ശാഖകള്‍ സംരക്ഷിക്കാന്‍ ആളെ വിട്ടിട്ടുണ്ട്: വിവാദ പ്രസ്താവനയുമായി കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th November 2022, 1:19 pm

തിരുവനന്തപുരം: കെ.എസ്.യു പ്രവര്‍ത്തകനായിരിക്കെ ആര്‍.എസ്.എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി.

താന്‍ കെ.എസ്.യു പ്രവര്‍ത്തകനായിരുന്ന കാലത്ത് ആര്‍.എസ്.എസുകാര്‍ ആരംഭിച്ച ശാഖ കളെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ അടിച്ചുപൊളിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആളെയയച്ച് സംരക്ഷിച്ചിട്ടുണ്ടെന്നാണ് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞത്.

കണ്ണൂരില്‍ എം.വി.ആര്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു വിവാദ പരാമര്‍ശം.

”ഞാന്‍ കെ.എസ്.യു പ്രവര്‍ത്തകനായിരുന്ന കാലം, എന്റെ ഇടക്കാല അസംബ്ലിയിലെ കേഴുന്ന, തോട്ടട തുടങ്ങിയ പ്രദേശങ്ങളില്‍ ആര്‍.എസ്.എസിന്റെ ശാഖ ആരംഭിച്ചപ്പോള്‍, ആ ശാഖ അടിച്ചുപൊളിക്കാനും തകര്‍ക്കാനും സി.പി.ഐ.എം ശ്രമിച്ച ഒരു കാലമുണ്ടായിരുന്നു.

അന്ന് അവിടെ ശാഖ നടത്താന്‍ സാധിക്കാത്ത ഒരു ചുറ്റുപാട് പ്രദേശത്തുണ്ടായപ്പോള്‍ ആളെ അയച്ച് ശാഖകള്‍ക്ക് സംരക്ഷണം കൊടുത്ത ആളാണ് ഞാന്‍. ശാഖയോടും ശാഖയുടെ ലക്ഷ്യത്തോടും ആര്‍.എസ്.എസിനോടും ആഭിമുഖ്യമുണ്ടായിട്ടല്ല. ഒരു ജനാധാപത്യ അവകാശം നിലനില്‍ക്കുന്ന സ്ഥലത്ത് ഒരു മൗലികാവകാശം തകര്‍ക്കപ്പെടുന്നത് നോക്കിനില്‍ക്കുന്നത് ഒരു ജനാധിപത്യ വിശ്വാസിക്ക് ഗുണകരമല്ല എന്ന തോന്നലാണ് എന്നെ അതിന് പ്രേരിപ്പിച്ചത്.

ഞാന്‍ ഒരിക്കലും ആര്‍.എസ്.എസിന്റെ ഒരു തരത്തിലുമുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുകയോ സഹകരിക്കുകയോ ചെയ്തിട്ടില്ല, പിന്തുണ പ്രഖ്യാപിച്ചിട്ടുമില്ല. പക്ഷേ ആവിഷ്‌കാര സ്വാതന്ത്ര്യം രാഷ്ട്രീയ സ്വാതന്ത്ര്യം എന്നിവ ഓരോ പൗരന്റേയും ജന്മാവകാശമാണ്. അത് നിലനിര്‍ത്തണം.

നാടിന്റെ സാമൂഹിക- സാമ്പത്തിക സുരക്ഷിതത്വത്തിനും മതേതരത്വത്തിനും പോറലേല്‍ക്കാതെ നടത്തുന്ന ഏത് പ്രവര്‍ത്തനത്തെയും നമ്മള്‍ സഹായിക്കേണ്ട സാഹചര്യം ജനാധിപത്യ- മതേതര രാഷ്ട്രത്തിലുണ്ട്. അങ്ങനെയൊരു തോന്നലാണ് എന്നെ നയിച്ചത്.

ആ തീരുമാനം ശരിയോ തെറ്റോ എന്നതൊക്കെ ഒരുപക്ഷേ വിവാദമാകാം. പക്ഷെ അങ്ങനെയൊരു തോന്നലാണ് അന്ന് ഈ തീരുമാനമെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്,” കെ. സുധാകരന്‍ പറഞ്ഞു.

Content Highlight: KPCC president K. Sudhakaran says he protected RSS shakha while he was a KSU leader