| Tuesday, 21st June 2022, 3:57 pm

ശസ്ത്രക്രിയക്ക് ശേഷം രോഗി മരിച്ച സംഭവം; ഒരു മനുഷ്യജീവന്‍ രക്ഷിക്കുന്നതില്‍ കാണിച്ച അലംഭാവം പൊറുക്കാന്‍ കഴിയല്ല: കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ഗുരുതര അനാസ്ഥ ഉണ്ടായിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.

സമയത്തിനനുസരിച്ച് രോഗിക്ക് ചികിത്സ കിട്ടിയിട്ടില്ല എന്നത് വസ്തുതയാണെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടയെടക്കണമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

ഒരു മനുഷ്യജീവന്‍ രക്ഷിക്കുന്നതില്‍ കാണിച്ച അലംഭാവം ഒരിക്കലും പൊറുക്കാന്‍ കഴിയുന്നതല്ല. കുറ്റം ആരുടെ ഭാഗത്ത് നിന്നാണെങ്കിലും മാതൃകാപരമായ ശിക്ഷ അനിവാര്യമാണ്.

ഏകോപനത്തിലെ പിഴവാണ് ഒരു മനുഷ്യ ജീവന്‍ നഷ്ടമാകാന്‍ കാരണം. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ലെന്നും ആരോഗ്യവകുപ്പും ഈ സംഭവത്തില്‍ പ്രതിസ്ഥാനത്താണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു. മെഡിക്കല്‍ കോളേജില്‍ വീഴ്ച പതിവാണെന്നും ആരോഗ്യ മന്ത്രിക്ക് വകുപ്പില്‍ ഒരു നിയന്ത്രണവുമില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

പത്രത്തില്‍ ഫോട്ടോ വരാന്‍ അവയവം വാങ്ങി ഓടിയത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ഇന്നലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞ രോഗി മരിച്ചത്. അവയവം കൃത്യസമയത്ത് എത്തിച്ചിട്ടും ശസ്ത്രക്രിയ നാല് മണിക്കൂര്‍ വൈകിയതാണ് രോഗി മരിക്കാന്‍ കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. വൃക്ക മാറ്റിവെച്ച 54കാരനാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് വൃക്ക എത്തിച്ചത്.

കൊച്ചിയില്‍ നിന്നും പ്രത്യേക സംവിധാനങ്ങളോടെയാണ് അവയവം തിരുവനന്തപുരത്ത് എത്തിച്ചത്. എന്നാല്‍ പിന്നീട് മെഡിക്കല്‍ കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായാണ് പരാതി.

Content Highlights: KPCC President K  Sudhakaran said that there was serious negligence in the incident where the patient died

We use cookies to give you the best possible experience. Learn more