തിരുവനന്തപുരം: കെ റെയിലിനെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ സി.പി.ഐ.എം സൈബര്‍ ഗുണ്ടായിസം നടത്തുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കെ റെയില്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക പങ്കുവെച്ചതിന്റെ പേരില്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്കു നേരെ സി.പി.ഐ.എം സൈബര്‍ സംഘം നടത്തുന്ന വന്യമായ ആക്രമണം നീതീകരിക്കാനാവാത്തതാണെന്ന് സുധാകരന്‍ പറഞ്ഞു.
വ്യക്തിഹത്യ നടത്തുകയാണ് ഇതു വഴി സി.പി.ഐ.എം ചെയ്യുന്നത്. വ്യക്തി സ്വാതന്ത്യത്തിനു മേലുള്ള ക്രൂരമായ കടന്നുകയറ്റമാണിത്. സി.പി.ഐ.എം ഇംഗിതത്തിനു വഴങ്ങി ജീവിച്ചു കൊള്ളുക എന്നതാണ് അവര്‍ നല്‍കുന്ന സന്ദേശം.
അല്ലാത്തവരെല്ലാം തങ്ങളുടെ സൈബര്‍ ആക്രമണങ്ങള്‍ക്കു വിധേയരാവുക. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുക എന്ന ഫാസിസ്റ്റ് രീതി. കേരളം രാഷ്ട്രീയ പ്രബുദ്ധതയുടെ നാടല്ലേ? ഇത്രയും അധമമായ പ്രവൃത്തികള്‍ അനുവദിക്കാമോ കവി റഫീഖ് അഹമ്മദിനേയും കാരശ്ശേരി മാഷിനെപ്പോലുള്ളവര്‍ക്കുമെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ദാക്ഷിണ്യരഹിതമായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നീതിബോധമുള്ള മലയാളി സമൂഹം പ്രതികരിക്കണമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കെ റെയില്‍ വിഷയത്തില്‍ നിലപാട് പറഞ്ഞതിന്റെ പേരില്‍ എം.എന്‍. കാരശ്ശേരിക്കുനേരെ ഇടത് പ്രൊഫൈലില്‍ നിന്ന് സൈബര്‍ ആക്രമണം നേരിടുന്നു എന്ന ആരോപണത്തിനിടെ അദ്ദേഹത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ രംഗത്തെത്തിയിരുന്നു.കേരളത്തിന്റെ’ആകെ മൊത്തം അപ്പനാവാന്‍’ഒരു കാരശേരിയും വരേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.