| Monday, 4th April 2022, 5:34 pm

ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ സ്വന്തം; പോഷക സംഘടനയ്ക്കും മുകളിലാണ് അതിന്റെ പ്രാധാന്യം: കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ അവിഭാജ്യ ഘടകമെന്ന് കെ.പി.സി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. പോഷക സംഘടനയ്ക്കും മുകളിലാണ് ഐ.എന്‍.ടി.യു.സിയുടെ പ്രാധാന്യമെന്ന് കെ. സുധാകരന്‍ പറഞ്ഞു.

ഭരണഘടനാപരമായി പോഷക സംഘടന എന്ന ലേബലില്‍ ഐന്‍.എന്‍.ടി.യു.സി ഇല്ലെങ്കിലും അതിനെല്ലാം മുകളിലാണ് ഐ.എന്‍.ടി.യു.സിക്ക് എ.ഐ.സി.സിയിലെ സ്ഥാനം.

ഒരു പോഷക സംഘടനയുടെയും വര്‍ക്കിംഗ് പ്രസിഡന്റ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഇല്ല. ഐ.എന്‍.ടി.യു.സിയുടെ പ്രസിഡന്റ് മാത്രമാണ് വര്‍ക്കിംഗ് കമ്മിറ്റിയിലുള്ളതെന്നും സുധാകരന്‍ പറഞ്ഞു.

ഐ.എന്‍.ടി.യു.സിയെക്കുറിച്ച് പ്രതിപക്ഷനേതാവ് പറഞ്ഞതും ഇതേ അര്‍ത്ഥത്തിലാണ്. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ സ്വന്തമാണ്. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ സ്വന്തമാണെന്ന് തന്നെയാണ് പ്രതിപക്ഷ നേതാവും പറഞ്ഞത്. സ്വന്തം എന്ന് പറഞ്ഞാല്‍ അതിന് ഒരുപാട് അര്‍ത്ഥങ്ങളുണ്ട്. ഐ.എന്‍.ടി.യു.സിയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ചെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തില്‍ ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത് വിവാദമായിരുന്നു. ഇതിനെതിരെ ചങ്ങനാശേരി മാര്‍ക്കറ്റിലെ ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. പ്രതിഷേധങ്ങള്‍ പാടില്ലെന്നും ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന് ഒപ്പമാണെന്നുമായിരുന്നു ആര്‍. ചന്ദ്രശേഖരന്‍ പ്രകടനത്തെ തള്ളിക്കൊണ്ട് പറഞ്ഞത്.

എന്നാല്‍ ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടന തന്നെയെന്നാണ് ചന്ദ്രശേഖരന്‍ പറഞ്ഞത്. കോണ്‍ഗ്രസുമായി ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന പ്രസ്ഥാനമാണ് ഐ.എന്‍.ടി.യു.സി. ഐ.എന്‍.ടി.യു.സിയുടെ ചരിത്രം വേണമെങ്കില്‍ പരിശോധിക്കാമെന്നും, കോണ്‍ഗ്രസും ഐ.എന്‍.ടി.യു.സിയും രണ്ടല്ല എന്നും ചന്ദ്രശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെ.പി.സി.സിയുടെ ലിസ്റ്റിലും ഐ.എന്‍.ടി.യു.സി പോഷക സംഘടനകളുടെ കൂട്ടത്തിലുണ്ടെന്നും ആര്‍. ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി.

CONTENT HIGHLIGHTS:  KPCC President K . Sudhakaran. said that INTUC is an integral part of the Congress

We use cookies to give you the best possible experience. Learn more