തിരുവനന്തപുരം: മാധ്യമങ്ങളെ കാണുന്നത് തന്നെ തനിക്ക് ഇഷ്ടമല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. വാര്‍ത്തകള്‍ ഉണ്ടാക്കാന്‍, പറയുന്ന കാര്യങ്ങളെ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും വക്രീകരിച്ച വാര്‍ത്തകളാണ് വരുന്നതെന്നും സുധാകരന്‍ പറഞ്ഞു. പറയുന്നതല്ല മാധ്യമങ്ങള്‍ എഴുതുന്നതെന്നും അദ്ദേഹം ആരോപിച്ചു.
‘മാധ്യമങ്ങളെ കാണുന്നത് തന്നെ എനിക്കിപ്പോള്‍ പേടിയാണ്. പറഞ്ഞതല്ല നിങ്ങള്‍ കൊടുക്കുന്നത്. ചിന്തിക്കുന്നതല്ല നിങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. അതിലെനിക്ക് കടുത്ത പ്രതിഷേധമുണ്ട്. അതുകൊണ്ട് നിങ്ങളെ അഭിമുഖീകരിക്കാന്‍ തന്നെ എനിക്ക് മടിയാണ്.
എന്റെ മുമ്പില്‍ ഈ കോലൊന്നും കൊണ്ടുവെക്കേണ്ട, എനിക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ ഞാന്‍ നിങ്ങളോട് നേരിട്ട് പറയും.
ഞാന്‍ സംസാരിക്കുന്നത് വളച്ചൊടിച്ച് വക്രീകരിച്ച് നിങ്ങള്‍ക്ക് തോന്നിയ രീതിയില്‍ എഴുതുന്ന മാധ്യമപ്രവര്‍ത്തനം നമ്മുടെ നാട്ടിലെ ജനാധിപത്യ സംവിധാനങ്ങളെ ദുര്‍ബലമാക്കും. മാധ്യമപ്രവര്‍ത്തകര്‍ ആരേക്കാളും ഏറെ ഉത്തരവാദിത്തമുള്ളവരാണ്. ജനമനസുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സുപ്രധാന സ്ഥാനമുണ്ട്.
പക്ഷേ അത് ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയാല്‍, ജനാധിപത്യം ചോദ്യം ചെയ്യപ്പെടും. അതുകൊണ്ട് പറയുന്നത് മാത്രം എഴുതുക. പറയുന്നതിന്റെ ലക്ഷ്യവും സന്ദര്‍ഭവും മാറ്റിമറിച്ച് വക്രീകരിച്ച് വാര്‍ത്ത കൊടുക്കുന്നതൊന്നും സ്വതന്ത്രമായ ഒരു മാധ്യമപ്രവര്‍ത്തനമല്ല,’ കെ. സുധാകരന്‍ പറഞ്ഞു.
അതേസമയം, ഇല്ലാത്ത കത്തും ഉദ്ദേശിക്കാത്ത പ്രസംഗവും തനിക്കെതിരെ ഉപയോഗപ്പെടുത്തിയത് ഒരേ ശക്തികളാണെന്ന അഭിപ്രായമാണ് കെ.സുധാകരനുള്ളത്.
ഡി.ജി.പിക്ക് സുധാകരന്‍ ഔദ്യോഗികമായി പരാതി നല്‍കി. എഴുതാത്ത കത്തിന്റെ പേരില്‍, തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണ് നടന്നതെന്ന സംശയവും സുധാകരന്‍ പരാതിയില്‍ പറഞ്ഞു.
തന്റെ പേരില്‍ വന്ന വ്യാജക്കത്തിന്റെ നിജസ്ഥിതി അറിയാന്‍ കെ.സുധാകരന്‍ പൊലീസിനെ സമീപിച്ചു. കെ.പി.സി.സി അധ്യക്ഷ പദവി ഒഴിയാന്‍ തയ്യാറെന്ന് കാട്ടി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്നാണ് സുധാകരന്റെ പേരില്‍ വന്ന വാര്‍ത്തകളുണ്ടായിരുന്നത്.
പ്രതിപക്ഷനേതാവ് വി.ഡി. സതീശനില്‍ നിന്ന് തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും അതിനാല്‍ പദവിയില്‍ നിന്ന് ഒഴിയാന്‍ സന്നദ്ധമാണെന്നും കത്തിന്റെ ഉള്ളടക്കമായി വാര്‍ത്തകളില്‍ വന്നിരുന്നു.