തിരുവനന്തപുരം: ഒരൊറ്റ എം.എല്‍.എ പോലുമില്ലാത്ത ബി.ജെ.പി പിണറായി വിജയനെ കളിപ്പാവയാക്കി കേരളം ഭരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. കേന്ദ്ര സര്‍ക്കാര്‍ കേരള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നോക്കുന്നേ എന്ന് വിലപിച്ചുനടന്നു കൊണ്ട് തന്നെ നെഹ്‌റു ട്രോഫി വള്ളംകളിക്കും ഓണാഘോഷങ്ങള്‍ക്കും അമിത് ഷായെ ക്ഷണിച്ചത് ഇരട്ടത്താപ്പാണെന്നും സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെ. സുധാകരന്റെ പ്രതികരണം.
ആര്‍.എസ്.എസുമായി പല ഘട്ടങ്ങളിലും സഹകരിച്ചിട്ടുണ്ട്, ഇനിയും സഹകരിക്കും എന്ന് പറഞ്ഞ പിണറായി വിജയനില്‍ നിന്നും ഞങ്ങള്‍ ബി.ജെ.പി വിരുദ്ധത അല്‍പം പോലും പ്രതീക്ഷിക്കുന്നില്ല.
കേരളത്തിലെ ബി.ജെ.പിയുടെ ‘എ’ ടീം ആയാണ് ഇപ്പോള്‍ സി.പി.ഐ.എം പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പിയുടെ സംസ്ഥാന ഘടകം ആവശ്യപ്പെട്ടത് പ്രകാരമായിരിക്കാം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന വള്ളംകളിയിലേക്ക് നെഹ്‌റു വിരുദ്ധനായ അമിത് ഷായെ പിണറായി ക്ഷണിച്ചതെന്നും സുധാകരന്‍ പറഞ്ഞു.
അഴിമതികളുടെ പേരില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയാല്‍ ബി.ജെ.പിയിലേക്ക് ചേക്കേറാനും പിണറായി മടിക്കില്ലെന്ന് അദ്ദേഹത്തിന്റെ സംഘപരിവാര്‍ വിധേയത്വം വ്യക്തമാക്കുകയാണ്. ആ ഭയം കൊണ്ടായിരിക്കാം ഇത്രയേറെ അഴിമതികള്‍ നടത്തിയ മുഖ്യമന്ത്രിയെ സി.പി.ഐ.എം ഇപ്പോളും പിന്തുണക്കുന്നത്.
അഴിമതിക്കേസുകളില്‍ അകത്താകാതിരിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും വിനീതവിധേയനായി നില്‍ക്കേണ്ടി വരുന്ന കേരള മുഖ്യമന്ത്രിയുടെ ഗതികേടില്‍ കോണ്‍ഗ്രസിന് സഹതാപമുണ്ട്. എണ്ണമറ്റ അഴിമതി കേസുകളില്‍ നിന്ന് രക്ഷനേടാനാണ് ബി.ജെ.പിയുടെ ചെരുപ്പ് നക്കല്‍ പിണറായി വിജയന്‍ ശീലമാക്കുന്നതെങ്കില്‍ അതൊന്നും കേരളത്തില്‍ വിലപ്പോവില്ലെന്ന് മാത്രം ഓര്‍മപ്പെടുത്തുന്നുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, സെപ്റ്റംബര്‍ നാലിന് നടക്കുന്ന മത്സരത്തില്‍ മുഖ്യാതിഥിയായി എത്തണമെന്നും ഓണാഘോഷങ്ങളില്‍ പങ്കെടുക്കണമെന്നുമാണ് ഓഗസ്റ്റ് 23ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അമിത് ഷായ്ക്ക് അയച്ച കത്തില്‍ സൂചിപ്പിക്കുന്നത്.
ഓഗസ്റ്റ് 30 മുതല്‍ സെപറ്റംബര്‍ നാല് വരെ കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷാ കേരളത്തില്‍ എത്തുന്നുണ്ട്. ഇതിനെത്തുമ്പോള്‍ വള്ളം കളിയില്‍ പങ്കെടുക്കണമെന്നാണ് ക്ഷണിച്ചിരിക്കുന്നത്. അമിത് ഷാ എത്തുകയാണെങ്കില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാകുമെന്നാണ് സൂചന.