കണ്ണൂര്‍: ലോക കായിക പ്രേമികള്‍ മുഴുവന്‍ ലുസൈല്‍ സ്റ്റേഡിയത്തിന്റെ അകത്തളങ്ങളിലേക്ക് കണ്ണുചിമ്മാതെ നേക്കിയിരിക്കുകയാണ്. കലാശ പോരാട്ടത്തില്‍ ആര് കപ്പുയര്‍ത്തും എന്ന ആകാംഷയിലാണ് ആരാധകരെല്ലാം.
തന്റെ അവസാന ലോകകപ്പ് മത്സരം കളിക്കാനിറങ്ങുന്ന സൂപ്പര്‍ താരം ലയണല്‍ മെസി ഖത്തറില്‍ കപ്പുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.
ലോകകപ്പ് നേടാന്‍ മെസി അര്‍ഹനാണ്. മെസി കപ്പുയര്‍ത്തണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് കെ. സുധാകരന്‍ പറഞ്ഞു.
ചെറിയ പ്രായക്കാരനായ എംബാപ്പെയ്ക്ക് ഇനിയും അവസരമുണ്ട്. അതുകൊണ്ട് തന്നെ ഇനി അവസരമില്ലാത്ത മെസിക്കാവട്ടെ ഇത്തവണത്തെ ട്രോഫിയെന്നും സുധാകരന്‍ വ്യക്തമാക്കി.
‘ലോകത്തെ എല്ലാ ഫുട്ബോള്‍ ആരാധകരും ആദരിക്കുന്ന കളിക്കാരനാണ് മെസി. അദ്ദേഹത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ മത്സരമാണ് ഇന്നത്തേത്. അതുകൊണ്ട് തന്നെ മെസി കപ്പുയര്‍ത്തണമെന്നാണ് തന്റെ ആഗ്രഹം.
ലോകകപ്പ് നേടാന്‍ മെസി അര്‍ഹനാണ്. ലോകമെമ്പാടുമുള്ള എല്ലാ ഫുട്ബോള്‍ ആരാധകരും അത് ആഗ്രഹിക്കുന്നുണ്ട്. സംതൃപ്തിയോടെ അദ്ദേഹത്തിന് വിരമിക്കാന്‍ സാധിക്കണം.
എംബാപ്പെ മികച്ച കളിക്കാരനാണ്. അദ്ദേഹം ഒരു ലോകകപ്പ് ഉയര്‍ത്തിയതുമാണ്. ചെറിയ പ്രായക്കാരനായ എംബാപ്പെയ്ക്ക് ഇനിയും അവസരമുണ്ട്. അതുകൊണ്ട് തന്നെ ഇനി അവസരമില്ലാത്ത മെസിക്കാവട്ടെ ഇത്തവണത്തെ ട്രോഫി,’സുധാകരന്‍ പറഞ്ഞു.
അതേസമയം, ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ നന്നായി കളിക്കുന്ന ടീം ജയിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്. തന്റെ ടീം ബ്രസീലാണ്. എന്നാല്‍ ബ്രസീല്‍ തോറ്റ് പുറത്തായെന്ന് കരുതി അര്‍ജന്റീന കപ്പെടുക്കരുതെന്ന് ആഗ്രഹിക്കുന്ന ആളല്ല താനെന്നും അദ്ദേഹം പറഞ്ഞു.
‘ഫ്രാന്‍സും നല്ല ടീമാണ്. ഫൈനലില്‍ നല്ലൊരു മത്സരം തന്നെ നമുക്ക് കാണാന്‍ സാധിക്കും. ബ്രസീലിന് ഇപ്പോള്‍ ക്ഷീണകാലമാണ്. എന്ന് കരുതി ബ്രസീലിന്റെ ശത്രുവാണ് അര്‍ജന്റീന എന്നൊന്നുമില്ല. കളിയെ അതായിട്ട് തന്നെ കാണണം. കേരളത്തില്‍ ഫുട്ബോള്‍ നടക്കുന്ന പ്രതീതിയാണ് ഉള്ളത്,’ വി.ഡി.സതീശന്‍ പറഞ്ഞു.