| Tuesday, 15th November 2022, 4:31 pm

ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബി.ജെ.പിക്കൊപ്പം വരില്ല, സുരേന്ദ്രന്റെ വിഡ്ഢിത്തം കേട്ടവരിപ്പോഴും ചിരി നിര്‍ത്തിക്കാണില്ല: കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: തന്റെ മനസ് ബി.ജെ.പിക്കൊപ്പമാണെന്ന കെ. സുരേന്ദ്രന്റെ വിഡ്ഢിത്തം കേട്ടവര്‍ ഇപ്പോഴും ചിരി നിര്‍ത്തിക്കാണില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. എ.കെ.ജി സെന്ററില്‍ നിന്ന് തന്നെയാണ് സുരേന്ദ്രനും പ്രസ്താവനകള്‍ എഴുതി നല്‍കുന്നത് എന്നതിനുള്ള നല്ല തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

കൊടകര കുഴല്‍പ്പണക്കേസ് ഒതുക്കി തീര്‍ത്തതിനുള്ള രാഷ്ട്രീയ പാരിതോഷികങ്ങളാണ് ഇത്തരം പ്രസ്താവനകളെന്ന് സമകാലിക കേരള രാഷ്ട്രീയം പഠിക്കുന്ന ഏതൊരാള്‍ക്കും മനസിലാവും. തന്റെ മനസ് കേരള ജനതയ്ക്കൊപ്പമാണെന്നും സുധാകരന്‍ പറഞ്ഞു.

ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബി.ജെ.പിക്കൊപ്പം വരില്ല. മരിച്ച് കഴിഞ്ഞാലും അയാളുടെ ഓര്‍മകള്‍ ബി.ജെ.പിക്കെതിരെ ശബ്ദിച്ചുകൊണ്ടേയിരിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

‘ബി.ജെ.പിയുടെ സംഹാരാത്മക രാഷ്ട്രീയത്തിനെതിരെ ഇന്ത്യന്‍ മനസാക്ഷിയുണര്‍ത്താനുള്ള രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തോല്‍പ്പിക്കാന്‍ പിണറായി-സുരേന്ദ്ര കക്ഷികളുടെ നെട്ടോട്ടം കേരളം കണ്ടതാണ്. ഇതില്‍ നിന്നെല്ലാം മുഖം രക്ഷിക്കാന്‍ തന്റെ പ്രസംഗങ്ങളിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് രണ്ടുകൂട്ടരും ഒരുമിച്ചു നടത്തുന്ന പന്ത് തട്ടിക്കളിയാണ് ഇപ്പോള്‍ കേരളം കാണുന്നത്. കോണ്‍ഗ്രസുകാരെ ബി.ജെ.പിയിലേക്ക് ക്ഷണിക്കുന്ന സുരേന്ദ്രന്റെ വിടുവായിത്തം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു.

ഇ.ഡിയെ കണ്ടാല്‍ മുട്ടുവിറയ്ക്കുന്നവരല്ല സുരേന്ദ്രാ യഥാര്‍ത്ഥ കോണ്‍ഗ്രസുകാര്‍. ഇഡിയോട് പോയി പണി നോക്കാന്‍ പറഞ്ഞ സോണിയയുടെയും രാഹുലിന്റെയും അനുയായികളാണ് കോണ്‍ഗ്രസുകാര്‍. സുരേന്ദ്രാ ആളും തരവും നോക്കി കളിക്കണം എന്നേ പറയാനുള്ളൂ. ജീവനുള്ള ഒരു കോണ്‍ഗ്രസുകാരനും ബി.ജെ.പിക്കൊപ്പം വരില്ല. മരിച്ചു കഴിഞ്ഞാലും അയാളുടെ ഓര്‍മകള്‍ ബി.ജെ.പിക്കെതിരെ ശബ്ദിച്ചുകൊണ്ടേയിരിക്കും,’ സുധാകരന്‍ പറഞ്ഞു.

സുധാകരന്റെ വാക്കുകള്‍ കോണ്‍ഗ്രസിലെ ഓരോ നേതാക്കളുടെയും മനസാണ് കാണിക്കുന്നതെന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതികരിച്ചത്. ലീഗില്‍ നിന്നും വലിയ ഭീഷണികളാണ് കോണ്‍ഗ്രസിനുള്ളിലെ ഭൂരിപക്ഷ സമുദായക്കാര്‍ നേരിടുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

‘കെ. സുധാകരന്റെ മനസ് ബി.ജെ.പിക്കൊപ്പമാണെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിന്റെ രണ്ട് മൂന്ന് പ്രസ്താവനകള്‍ കാണുമ്പോള്‍ കോണ്‍ഗ്രസിലാണ് ഇപ്പോള്‍ ഉള്ളതെങ്കിലും മനസ് ബി.ജെ.പിക്ക് ഒപ്പമാണെന്ന് തന്നെയാണ് മനസിലാകുന്നത്. കോണ്‍ഗ്രസിലെ നേതാക്കളുടെ മനസിലുള്ള അരക്ഷിതബോധമാണ് യഥാര്‍ത്ഥത്തില്‍ സുധാകരന്റെ പ്രസ്താവനയിലൂടെ പുറത്തുവരുന്നത്. കോണ്‍ഗ്രസില്‍ ഇനി എത്ര നാള്‍ പിടിച്ചുനില്‍ക്കാനാകുമെന്ന ആശങ്കയിലാണ് അവര്‍,’ എന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്.

അതേസമയം, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവനകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസിനുള്ളിലും ലീഗിനുള്ളിലും അസ്വാരസ്യങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷന്റെ പ്രസ്താവനകള്‍ ഗൗരവതരമാണെന്നും കോണ്‍ഗ്രസ് പരിശോധിക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്.

‘വിവാദ പ്രസ്താവന നാക്കുപിഴയാണെന്നാണ് സുധാകരന്‍ പറഞ്ഞത്. പ്രധാനപ്പെട്ട നേതാക്കള്‍ കെ.പി.സി.സി പ്രസിഡന്റുമായി വിഷയത്തില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. പരാമര്‍ശത്തില്‍ എതിര്‍പ്പുയര്‍ത്തിയ ഘടക കക്ഷികളുമായി സംസാരിക്കും. മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന നിലപാടുകള്‍ കോണ്‍ഗ്രസിലുണ്ടാകില്ല. സുധാകരന്റെ പരാര്‍മശത്തെ ഗൗരവതരമായാണ് പാര്‍ട്ടി കാണുന്നതെന്നും,’ സതീശന്‍ പറഞ്ഞു.

ആര്‍.എസ്.എസ് അനുകൂല പരാമര്‍ശത്തില്‍ ഖേദപ്രകടനം കൊണ്ടായില്ലെന്നും ലീഗിനെ അടക്കം വിശ്വാസത്തില്‍ എടുത്തുള്ള തിരുത്തല്‍ വേണമെന്നും മുരളീധരന്‍ പറഞ്ഞു. ആര്‍.എസ്.എസ് അനുകൂല പ്രസ്താവനകള്‍ അനുചിതമാണ്. നെഹ്റുവിനെ കൂട്ടുപിടിച്ചത് തെറ്റായി. കെ.പി.സി.സി പ്രസിഡന്റ് എന്നാല്‍ പാര്‍ട്ടിയുടെ ശബ്ദമാണെന്നും ഖേദം പ്രകടിപ്പിച്ചതുകൊണ്ടായില്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

ഈ രണ്ടാഴ്ചകളായി നടത്തിയ പ്രസ്താവനകള്‍ യു.ഡി.എഫിന് ക്ഷീണമായി. പാര്‍ട്ടിയുടെ അവസാന വാക്കാണ് അധ്യക്ഷന്‍ എന്നിരിക്കെ സുധാകരന്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നുവെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് അംഗമായ എച്ച്. നജീം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചുകൊണ്ടാണ് സംഭവത്തില്‍ പ്രതികരിച്ചത്. കേരളത്തില്‍ കെ. സുധാകരന്‍ പാര്‍ട്ടിയെ നയിക്കുമ്പോള്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് നജീം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്.

ആര്‍.എസ്.എസുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ നടത്തിയ പരാമര്‍ശം യു.ഡി.എഫിന് ഡാമേജുണ്ടാക്കിയെന്നാണ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞത്.

അനവസരത്തിലുള്ള പ്രസ്താവനകള്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും. മുസ്‌ലിം ലീഗിനുള്ള അഭിപ്രായങ്ങള്‍ പറയേണ്ട വേദികളില്‍ അവതരിപ്പിക്കും. ലീഗ്, മുന്നണി മാറുന്നത് ഇപ്പോള്‍ ആലോചിക്കുന്നില്ല. മുന്നണിയെ ശക്തമാക്കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുധാകരന്റെ പരാമര്‍ശത്തിനെതിരെ എം.കെ. മുനീര്‍ എം.എല്‍.എ അടക്കമുള്ള ലീഗ് നേതാക്കളും ശക്തമായി രംഗത്തെത്തിയിരുന്നു. മുസ്‌ലിം ലീഗിന്റെ അതൃപ്തി യു.ഡി.എഫിനെ അറിയിച്ചിട്ടുണ്ടെന്നും ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന്റെ പേരില്‍ ലീഗ് മുന്നണി വിടേണ്ട സാഹചര്യമില്ലെന്നുമായിരുന്നു എം.കെ. മുനീര്‍ പ്രതികരിച്ചത്.

ആര്‍.എസ്.എസിന് പോലും അവസരം കൊടുത്ത വിശാല ജനാധിപത്യ ബോധമാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റേതെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വിവാദ പ്രസ്താവന. പാര്‍ലമെന്റില്‍ ആര്‍.എസ്.എസ്- സി.പി.ഐ.എം നേതാക്കള്‍ക്ക് അവസരം നല്‍കിയ ജനാധിപത്യ വാദിയാണ് നെഹ്‌റുവെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞിരുന്നു. കണ്ണൂര്‍ ഡി.സി.സി സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാന്‍ പോലും നെഹ്‌റു തയ്യാറായി, അംബേദ്കറെയും ശ്യാമപ്രസാദ് മുഖര്‍ജിയെയും ആദ്യ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി, അംഗബലം ഇല്ലാതിരുന്നിട്ട് പോലും എ.കെ.ജിക്ക് പ്രതിപക്ഷ നേതാവിന്റെ പദവി നല്‍കിയതും ഈ ജനാധിപത്യ നിലപാടിന്റെ ഭാഗമായിരുന്നെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, കെ.എസ്.യു നേതാവായിരിക്കെ സി.പി.എം ആക്രമണങ്ങളില്‍ നിന്ന് ആര്‍.എസ്.എസ് ശാഖകള്‍ക്ക് താന്‍ സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന സുധാകരന്റെ പരാമര്‍ശവും ഏറെ വിവാദമായിരുന്നു.

Content Highlight: KPCC President K Sudhakaran’s Reply on BJP State President K Surendran’s Statement

We use cookies to give you the best possible experience. Learn more