ചോക്ലേറ്റ് പോലെ എന്തോ കൊടുത്ത് ബോധം കെടുത്തി; ജിതിന്‍ പൊലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തിയെന്ന് പറയുന്നത് വസ്തുതാവിരുദ്ധം: കെ. സുധാകരന്‍
Kerala News
ചോക്ലേറ്റ് പോലെ എന്തോ കൊടുത്ത് ബോധം കെടുത്തി; ജിതിന്‍ പൊലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തിയെന്ന് പറയുന്നത് വസ്തുതാവിരുദ്ധം: കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd September 2022, 5:36 pm

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുറ്റം സമ്മതിച്ചെന്ന വാര്‍ത്തക്ക് പിന്നാലെ പ്രതികരണവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍.

ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത യുവാവിനെ വിട്ടയച്ചില്ലെങ്കില്‍ നാളെ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സുധാകരന്‍ പറഞ്ഞു.

അറസ്റ്റിലായ ജിതിന്‍ പൊലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തിയെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണെന്നും അങ്ങനെ ചെയ്‌തെങ്കില്‍ അത് അവര്‍(പൊലീസ്)ചോക്ലേറ്റ് പോലെ എന്തോ കൊടുത്ത് ബോധമനസിനെ കെടുത്തി പറയിച്ചതാണെന്നും സുധാകരന്‍ പറഞ്ഞു.

‘തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. കോണ്‍ഗ്രസ് ഒരുപാട് ക്ഷമിക്കും, അതിരുവിട്ടാല്‍ നിയമം കയ്യിലെടുക്കും. ഭരണകക്ഷി ആ അപകടകരമായ സാഹചര്യത്ത അഭിമുഖീകരിക്കേണ്ടി വരും,’ സുധാകരന്‍ പറഞ്ഞു.

ജിതിന്‍ നിരപരാധിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലും കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാമും പറഞ്ഞിരുന്നു.

എ.കെ.ജി സെന്റര്‍ ആക്രമണക്കേസിലെ അറസ്റ്റ് സി.പി.ഐ.എം തിരക്കഥയുടെ ഭാഗമെന്നാണ് ഷാഫി പറമ്പില്‍ എം.എല്‍.എ പറയുന്നത്.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് തവണ ജിതിനെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച
വി.ടി. ബല്‍റാം എന്നാല്‍ പിന്നീട് വിട്ടയച്ചതായിരുന്നുവെന്നും ഇപ്പോള്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ഇയാളെ വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും ആരോപിച്ചു.

യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന്‍. ജിതിനാണ് സ്ഫോടകവസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. നിലവില്‍ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ജിതിനെ ചോദ്യം ചെയ്ത് വരികയാണ്.