എന്റെ ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ പുറത്തുവിട്ടോളൂ; മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറയുണ്ടെന്ന വെളിപ്പെടുത്തലില്‍ സുധാകരന്റെ പ്രതികരണം
Kerala News
എന്റെ ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ പുറത്തുവിട്ടോളൂ; മോന്‍സന്റെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളിക്യാമറയുണ്ടെന്ന വെളിപ്പെടുത്തലില്‍ സുധാകരന്റെ പ്രതികരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd October 2021, 5:03 pm

തിരുവനന്തപുരം: മോന്‍സന്റെ വീട്ടിലെ ഒളിക്യാമറാ വിവാദം സംബന്ധിച്ച് പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍.
മോന്‍സന്റെ കലൂരിലുള്ള വീട്ടിലെ തിരുമ്മല്‍കേന്ദ്രത്തില്‍ ഒളിക്യാമറ വെച്ചിരുന്നുവെന്നും അവിടെ ഉന്നതരെ കണ്ടിരുവെന്നുമുള്ള മോന്‍സന്റെ പീഡനത്തിനിരയായ യുവതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അങ്ങനെ ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ ചാനലില്‍ കാണിക്കണമെന്നും അതിനായി ചലഞ്ച് ചെയ്യുകയാണെന്നും സുധാകരന്‍ പറഞ്ഞു.

‘എനിക്കെതിരെ ഒരു ആരോപണവുമില്ല. ഈ പൂഴിക്കടകനൊന്നും എന്റെയടുത്ത് വേണ്ട. ഇത് ജനൂസ് വേറെയാണ്. അതുണ്ടെങ്കില്‍ അന്വേഷിക്കട്ടേ. നടപടി വന്നോട്ടേ. ഞാനപ്പോള്‍ നോക്കിക്കോളും.

എന്റെ ദൃശ്യങ്ങള്‍ നിങ്ങളുടെ ചാനല്‍ കാണിക്ക്. നിങ്ങളെ ചലഞ്ച് ചെയ്യുകയാണ് ഞാന്‍. ഇത് വേറെയാണാള്. കേട്ടോ… എല്ലാവരോടും പറയുന്നമാതിരി എന്നോട് പറയേണ്ട. ഇത് കെ. സുധാകരനാണ്.’ തന്റെ ചിത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിന് കെ. സുധാകരന്‍ മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു.

മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലുള്ള വീട്ടിലെ തിരുമ്മല്‍കേന്ദ്രത്തില്‍ ഒളിക്യാമറ വെച്ച് രഹസ്യമായി ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നുവെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

മോന്‍സണെതിരേ പലരും പരാതി നല്‍കാത്തത് ബ്ലാക്ക്മെയിലിങ് കാരണമാണെന്നും പെണ്‍കുട്ടി ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. തന്റെ വീടിന്റെ രണ്ടാം നിലയിലാണ് മോന്‍സണ്‍ കോസ്മറ്റോളജി ചികിത്സാകേന്ദ്രം നടത്തിവന്നിരുന്നത്. നിരവധി ഉന്നതര്‍ ഇവിടെ ചികിത്സയ്ക്കെത്തിയിരുന്നുവെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഡി.ആര്‍.ഡി.ഒ വ്യാജരേഖ കേസില്‍ മോന്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്തയാഴ്ച മോന്‍സണെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: KPCC president K Sudhakaran responds to the camera controversy at Monson’s house