യു.ഡി.എഫ് വിളിച്ചുപറഞ്ഞ സത്യങ്ങള്‍ ശരിയാകുന്നു; ദുരന്തകാലത്ത് നാടിനെ കൊള്ളയടിച്ച ശൈലജയും സംഘവും പൊതുസമൂഹത്തോട് മാപ്പ് പറയണം: കെ. സുധാകരന്‍
Kerala News
യു.ഡി.എഫ് വിളിച്ചുപറഞ്ഞ സത്യങ്ങള്‍ ശരിയാകുന്നു; ദുരന്തകാലത്ത് നാടിനെ കൊള്ളയടിച്ച ശൈലജയും സംഘവും പൊതുസമൂഹത്തോട് മാപ്പ് പറയണം: കെ. സുധാകരന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 14th October 2022, 6:50 pm

തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരായ ലോകായുക്തയുടെ അന്വേഷണ ഉത്തരവില്‍ പ്രതികരണവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ദുരന്തകാലത്ത് നാടിനെ കൊള്ളയടിച്ച ശൈലജയും സംഘവും പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കെ.കെ. ശൈലജയുടെയും ആരോഗ്യവകുപ്പിന്റെയും കെടുകാര്യസ്ഥത കാരണം 70,000ല്‍ ഏറെ കൊവിഡ് മരണങ്ങളാണ് കേരളത്തില്‍ നടന്നത്. ആരോഗ്യരംഗത്ത് മികവ് ഉണ്ടായിരുന്നിട്ടും ഫലപ്രദമായി കൊവിഡിനെ നേരിടാന്‍ കേരളത്തിന് കഴിയാതെ പോയത് ആരോഗ്യമന്ത്രിയുടെയും ഭരണകൂടത്തിന്റെയും കഴിവില്ലായ്മ കൊണ്ട് മാത്രമാണ്.

ജനം മരണഭയംകൊണ്ട് നെട്ടോട്ടമോടുമ്പോള്‍ കോടികളുടെ അഴിമതിയാണ് ആരോഗ്യവകുപ്പില്‍ കെ.കെ. ശൈലജയും പിണറായി വിജയനും ചേര്‍ന്ന് നടത്തിയത്.

ഈ അഴിമതി കേസുകളില്‍ നടപടി ഉണ്ടാകാതിരിക്കാന്‍ ആണ് പിണറായി വിജയന്‍ ലോകായുക്തയെ വന്ധ്യംകരിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫ് വിളിച്ചുപറഞ്ഞ സത്യങ്ങളൊക്കെയും ശരിവെക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ദുരന്തകാലത്ത് ഈ നാടിനെ കൊള്ളയടിച്ച ശൈലജയും സംഘവും നിയമനടപടികള്‍ നേരിടുന്നതോടൊപ്പം പൊതുസമൂഹത്തിനോട് മാപ്പ് പറയാനും തയ്യാറാകണം,’ എന്നാണ് കെ. സുധാകരന്‍ പറഞ്ഞത്.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്. നായരുടെ പരാതിയിലാണ് നടപടി. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ പി.പി.ഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം.
പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി കൊടുക്കണം.

450 രൂപയുടെ പി.പി.ഇ കിറ്റ് 1500 രൂപക്കാണ് വാങ്ങിയതെന്ന ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വീണ ലോകായുക്തയില്‍ ഹരജി സമര്‍പ്പിച്ചത്. കെ.എം.സി.എല്‍ ജനറല്‍ മാനേജര്‍ ഡോ. ദിലീപ് അടക്കമുള്ളവര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

മഹിളാ അപ്പാരല്‍സ്, ക്യാരി വണ്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നായിരുന്നു നിപാ സമയത്ത് കേരളാ സര്‍ക്കാര്‍ പി.പി.ഇ കിറ്റുകള്‍ വാങ്ങിയിരുന്നത്. ഈ സ്ഥാപനങ്ങള്‍ 550 രൂപക്കാണ് കിറ്റ് നല്‍കിയിരുന്നത്. എന്നാല്‍ അവരില്‍ നിന്ന് വാങ്ങാതെ മഹാരാഷ്ട്രയില്‍ നിന്നുള്ള സാന്‍ ഫാര്‍മ എന്ന സ്ഥാപനത്തില്‍ നിന്ന് ഉയര്‍ന്ന വിലക്ക് കിറ്റ് വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.

എന്നാല്‍ കൊവിഡ് തീവ്രമായ ഘട്ടത്തില്‍ ആവശ്യഘട്ടത്തില്‍ ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിന് പ്രഥമ പരിഗണന നല്‍കിയാണ് ഇങ്ങനെ വാങ്ങിയതെന്നതായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.