| Saturday, 17th December 2022, 9:46 pm

പെരിയയിലെ കുട്ടികളെ കൊന്നത് സി.പി.ഐ.എം; എ.കെ.ജി സെന്ററില്‍ വാലാട്ടി നില്‍ക്കാന്‍ ഒരാളെ കിട്ടിയാല്‍ സത്യമില്ലാതാകില്ല; അഡ്വ. ശ്രീധരനെതിരെ സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളുടെ വക്കാലത്ത് മുന്‍ കോണ്‍ഗ്രസ് നേതാവ് സി.കെ.ശ്രീധരന്‍ ഏറ്റെടുത്തതില്‍ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.

ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത് സി.പി.ഐ.എമ്മാണെന്നും ശ്രീധരന്‍ വിചാരിച്ചാല്‍ ഇല്ലാതാകുന്ന ഒന്നല്ല സത്യമെന്നും സുധാകരന്‍ പറഞ്ഞു.

പിണറായി വിജയന്‍ എറിഞ്ഞുകൊടുക്കുന്ന വറ്റുകള്‍ കഴിച്ച് എ.കെ.ജി സെന്ററില്‍ വാലാട്ടി നില്‍ക്കാന്‍ ഒരാള്‍ കൂടെ ഉണ്ടായി എന്ന് കേരളം ശ്രീധരനെ ഓര്‍ത്തുസഹതപിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.

പെരിയയിലെ കുട്ടികളെ മൃഗീയമായി കൊന്നതാണ്. ഒരു തെറ്റും ചെയ്യാത്ത ആ മക്കളുടെ തല വെട്ടിപ്പൊളിച്ചതാണ്. ഇത് ചെയ്തത് സി.പി.ഐ.എം ആണ്. ആസൂത്രിതമായി തന്നെ.
ഏതെങ്കിലും ശ്രീധരന്‍ വിചാരിച്ചാല്‍ ഇല്ലാതാകുന്ന ഒന്നല്ല സത്യം. അത് തെളിയിക്കപ്പെടുക തന്നെ ചെയ്യും. ഞങ്ങളുടെ കുട്ടികള്‍ക്ക് നീതി വാങ്ങി കൊടുക്കാന്‍ കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും. ശ്രീധരനത് വഴിയേ മനസിലായിക്കോളുമെന്നും സുധാകരന്‍ പറഞ്ഞു.

കൂടെയുള്ളവര്‍ മരണപ്പെട്ടാല്‍ പിറ്റേന്ന് തന്നെ കുടുംബസമേതം വിനോദയാത്ര പോകുന്ന നേതാക്കളുടെ പാരമ്പര്യമല്ല കോണ്‍ഗ്രസിന്റേത്. ഈ പാര്‍ട്ടിയിലെ ഓരോ പ്രവര്‍ത്തകനും ഞങ്ങള്‍ക്ക് ജീവനാണ്. അതില്‍ തൊട്ട് കളിച്ചവരെയൊന്നും വെറുതെ വിടാന്‍ ഞങ്ങളനുവദിക്കില്ല.

നിയമത്തിന്റെ സകല സാധ്യതകളും ഉപയോഗിച്ച് ഈ കൊലയാളിക്കൂട്ടത്തിന് പരമാവധി ശിക്ഷ വാങ്ങിക്കൊടുത്തിരിക്കും. സി.പി.ഐ.എമ്മിന്റെ അടുക്കളപ്പുറത്തെ എച്ചില്‍ നക്കാന്‍ ഒരുപാട് അടിമകള്‍ ഇന്നാട്ടിലുണ്ട്. പിണറായി വിജയന്‍ എറിഞ്ഞുകൊടുക്കുന്ന വറ്റുകള്‍ കഴിച്ച്, എ.കെ.ജി സെന്ററില്‍ വാലാട്ടി നില്‍ക്കാന്‍ ഒരാള്‍ കൂടെ ഉണ്ടായി എന്ന് കേരളം ശ്രീധരനെ ഓര്‍ത്തു സഹതപിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പെരിയ കേസിലെ ഒന്നാംപ്രതി പീതാംബരന്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്കായി സി.കെ. ശ്രീധരന്‍ ഹാജരാകും. അടുത്തിടെയാണ് സി.കെ.ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മില്‍ ചേര്‍ന്നത്.

Content Highlight:  KPCC President K. Sudhakaran Reacting to former Congress leader CK Sreedharan taking up the defense of the accused in the Periya double murder case

We use cookies to give you the best possible experience. Learn more