| Friday, 28th May 2021, 7:35 am

സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റാകണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ. സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റാവണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. കെ.പി.സി.സി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനു മുന്നോടിയായി അശോക് ചവാന്‍ സമിതി ആരംഭിച്ച ഓണ്‍ലൈന്‍ തെളിവെടുപ്പിലാണ് ഉണ്ണിത്താന്‍ നിര്‍ദേശം മുന്നോട്ടുവച്ചത്.

വി.എം.സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കെ.പി.സി.സി അധ്യക്ഷരായ സമയത്തും പരിഗണിച്ചിരുന്ന പേരാണ് സുധാകരന്റേത്. അതിനാല്‍ ഇത്തവണ സുധാകരനെ പരിഗണിക്കണമെന്ന് ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരം സുധാകരന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സുധാകരനെതിരെ ഒരു വിഭാഗം ഐ, എ ഗ്രൂപ്പുകാര്‍ രംഗത്തുണ്ട്. സുധാകരന്റെ തീവ്രനിലപാട് ദോഷം ചെയ്യുമെന്നാണ് ഇരുഗ്രൂപ്പുകാരും പറയുന്നത്.

സ്വന്തം ജില്ലയായ കണ്ണൂരില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ കഴിയാത്ത സുധാകരന് സംസ്ഥാനത്ത് പാര്‍ട്ടിയെ എങ്ങനെ ചലിപ്പിക്കാനാകുമെന്നാണ് ചോദ്യം.

തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍ നടത്തിയ പരമാര്‍ശങ്ങള്‍ ഒരു വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്നകറ്റിയെന്നും വിമര്‍ശനമുണ്ട്. തൊഴിലിനെയടക്കം പരിഹസിച്ച സുധാകരന്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തെത്തിയാല്‍ ആ വിഭാഗം ഒപ്പം നില്‍ക്കില്ലെന്നും ഒരു വിഭാഗം നേതാക്കള്‍ എ.ഐ.സി.സിയെ അറിയിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസില്‍ നിന്ന് വലിയൊരു വിഭാഗം ബി.ജെ.പിയിലേക്ക് പോയേക്കുമെന്ന് സുധാകരന്‍ പറഞ്ഞിരുന്നു. ഇത് പാര്‍ട്ടിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും വിമര്‍ശനമുയര്‍ന്നു.

അതേസമയം സുധാകരനെ പിന്തുണയ്ക്കുന്ന വിഭാഗവും ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി പുനസംഘടനയുടെ ഭാഗമായി അശോക് ചവാന്‍ അധ്യക്ഷനായ സമിതി അടുത്തയാഴ്ച കേരളത്തിലെത്താനിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: KPCC President K Sudhakaran Rajmohan Unnithan Congress

We use cookies to give you the best possible experience. Learn more