തിരുവനന്തപുരം: കെ.പി.സി.സി ഓഫീസിലെ ജീവനക്കാരില്‍ ബി.ജെ.പിയോടും സി.പി.ഐ.എമ്മിനോടും ആഭിമുഖ്യമുള്ളവര്‍ കയറിക്കൂടിയിട്ടുണ്ടെന്നും ഇവരെ പുറത്താക്കി ഓഫീസ് ശുദ്ധീകരിക്കുമെന്നും അധ്യക്ഷന്‍ കെ. സുധാകരന്‍. കെ.പി.സി.സി യോഗത്തിലായിരുന്നു വിമര്‍ശനം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും നിയമസഭയിലേക്ക് മത്സരിക്കാനാണ് താല്‍പര്യമെന്നും സ്വയം പ്രഖ്യാപിച്ച എം.പിമാര്‍ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് യോഗത്തിലുണ്ടായത്.
എം.പിമാരെ സംസ്ഥാന നേതൃത്വം നിലയ്ക്ക് നിര്‍ത്തണമെന്നാണ് യോഗത്തില്‍ ആവശ്യമുയര്‍ന്നത്. ടി.എന്‍. പ്രതാപന്‍ എം.പിയുടെ പേരെടുത്തു പറഞ്ഞായിരുന്നു ചില നേതാക്കളുടെ വിമര്‍ശനം.
ശശി തരൂര്‍ വിഷയത്തിലും സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ.പി.സി.സി ഭാരവാഹികള്‍ എത്തി.
തരൂരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് പിഴവ് സംഭവിച്ചെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.
കോഴിക്കോട് നടന്ന പരിപാടിയില്‍ ശശി തരൂരിനെ വിലക്കിയ നടപടി ശരിയായില്ലെന്നും, അദ്ദേഹത്തെ വിലക്കാന്‍ പാടില്ലായിരുന്നുവെന്നും കെ.പി.സി.സി യോഗം നിലപാടെടുത്തു.
അഞ്ച് വര്‍ഷം പിന്നിട്ട ഡി.സി.സി ഭാരവാഹികള്‍ പുനഃസംഘടനയില്‍ തുടരേണ്ടതില്ലെന്ന നിബന്ധനയിലും കെ.പി.സി.സി മാറ്റം വരുത്തും.
അഞ്ച് വര്‍ഷം എന്നതു കുറഞ്ഞ കാലയളവ് മാത്രമാണെന്നും ഇതിന്റെ പേരില്‍ വലിയൊരു നേതൃനിരയെ അപ്പാടെ മാറ്റി നിര്‍ത്തുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും കെ.പി.സി.സി നേതൃയോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
ഇത്രയധികം പേരെ മറ്റു തലങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള പരിമിതിയും യോഗത്തില്‍ ചര്‍ച്ചയായി. ഇതോടെയാണ് നേതൃയോഗത്തിന് ശേഷം, ജില്ലകളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരുടെ യോഗം ചേര്‍ന്ന് ഇളവിന് ധാരണയായത്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കൂടി പങ്കെടുത്ത് വ്യാഴാഴ്ച ചേരുന്ന നിര്‍വാഹകസമിതിയില്‍ ഇക്കാര്യത്തില്‍ അന്തിമധാരണയാകും.
എട്ട് മണിക്കൂറോളം തുടര്‍ച്ചയായി ചേര്‍ന്ന കെ.പി.സി.സി നേതൃയോഗത്തില്‍ തന്റെ കാലയളവിലെ മുഴുവന്‍ സാമ്പത്തിക കണക്കുകളും പ്രസിഡന്റ് കെ.സുധാകരന്‍ അവതരിപ്പിച്ചു.
137 രൂപ ചാലഞ്ച് വഴി ലഭിച്ച പണത്തിന്റെ കണക്ക് അവതരിപ്പിച്ചില്ലെന്ന വിമര്‍ശനം കഴിഞ്ഞ നിര്‍വാഹക സമിതിയോഗത്തിലുണ്ടായിരുന്നു. ഇതിന് ശേഷമായിരുന്നു കെ.പി.സി.സി ട്രഷറര്‍ പ്രതാപചന്ദ്രന്റെ അപ്രതീക്ഷിത വിയോഗം.
ഈ സാഹചര്യത്തിലാണ് കെ. സുധാകരന്‍ കണക്കവതരിപ്പിച്ചത്. ഭാരത് ജോഡോ യാത്രയ്ക്ക് പിരിഞ്ഞുകിട്ടിയതിന്റെ കണക്കും വെച്ചു. തല്‍ക്കാലം പുതിയ ട്രഷററെ നിയമിക്കില്ലെന്നും യോഗത്തില്‍ തീരുമാനമായി.