തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പൂര്‍ണ പിന്തുണയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. സംസ്ഥാന സര്‍ക്കാരിനെതിരെ ഗൗരവതരമായ വിഷയമാണ് ഗവര്‍ണര്‍ ഉന്നയിച്ചിട്ടുള്ളതെന്നും, ഉത്തരേന്ത്യയിലെ പോലെ കാവിവല്‍ക്കരണം ഇവിടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിയമപരമായി ഇടപെടുമെന്ന ഗവര്‍ണറുടെ നിലപാട് സ്വാഗതാര്‍ഹമാണ്. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും സുധാകരന്‍ പറഞ്ഞു.
‘ആര്‍ജ്ജവമുണ്ടെങ്കില്‍ അത് അന്വേഷിക്കാനെങ്കിലും ഗവര്‍ണര്‍ പറയണം. അതിനുള്ള തന്റേടം ഗവര്‍ണര്‍ കാണിക്കണം. അല്ലാതെ മാറിയിരുന്ന് എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല. ഗവര്‍ണര്‍ സര്‍ക്കാരുമായി തെറ്റിയപ്പോഴാണ് ഇതെല്ലാം പുറത്തുവരുന്നത്. അനധികൃത നിയമനങ്ങള്‍ നടത്തിയത് ഗവര്‍ണറല്ല. ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണറെ ആക്ഷേപിക്കാന്‍ മന്ത്രിമാരും മുഖ്യമന്ത്രിയും നടത്തുന്ന ശ്രമങ്ങള്‍ അംഗീകരിക്കാനാവില്ല,’ സുധാകരന്‍ പറഞ്ഞു.
ഉത്തരേന്ത്യയിലെ പോലെ കാവിവല്‍ക്കരണം ഇവിടില്ല. അത് എതിര്‍ക്കാന്‍ ശക്തമായ പ്രതിപക്ഷം ഇവിടുണ്ട്. കോണ്‍ഗ്രസിന് സങ്കുചിത താല്‍പ്പര്യമില്ല. കേരളത്തിലെ സാഹചര്യത്തിന് അനുസരിച്ചാണ് ഇവിടത്തെ നിലപാടെന്നും കെ.പി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കി.
ആര്‍.എസ്.എസ് പ്രതിനിധിയെ രാജ്ഭവനില്‍ നിയമിച്ചെങ്കില്‍ ആരോപണം ഉന്നയിച്ചവര്‍ തന്നെ ചൂണ്ടിക്കാണിക്കണമെന്ന് സുധാകരന്‍ പറഞ്ഞു. കേരളത്തില്‍ ബി.ജെ.പി ശക്തമായ പാര്‍ട്ടിയല്ല. ഒറ്റ എം.എല്‍.എ പോലുമില്ലാത്ത ബി.ജെ.പിക്കെതിരെ എന്തിന് സമരം ചെയ്യണമെന്നും സുധാകരന്‍ ചോദിച്ചു. സ്വര്‍ണക്കടത്ത്, വി.സി വിഷയങ്ങളില്‍ ഗവര്‍ണര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നോക്കട്ടെയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഗവര്‍ണര്‍ സ്ഥാനത്ത് ഇരുന്ന് ആരിഫ് മുഹമ്മദ് ഖാന്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ഇത്തരം പ്രസ്താവനകള്‍ ഇരിക്കുന്ന പദവിയുടെ അന്തസിന് നിരക്കുന്നതല്ല. ബി.ജെ.പി ഇതര സംസ്ഥാനങ്ങളില്‍ ഗവര്‍ണറെ ഉപയോഗിച്ച് രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. ദേശീയ തലത്തില്‍ മറ്റ് പാര്‍ട്ടികളുമായി ആലോചിച്ച് തുടര്‍ നടപടികള്‍ കൈക്കൊള്ളുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
അതിനിടെ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിയോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം പറഞ്ഞു. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പ്രതിപക്ഷം പിന്തുണക്കുമെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.
Content Highlight: KPCC President K Sudkaran In support With Kerala Governor Arif Mohammed Khan