കണ്ണൂര്‍: ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിെത്തുടര്‍ന്ന് കോണ്‍ഗ്രസ് പദവികളില്‍ നിന്ന് രാജിവെച്ച അനില്‍ ആന്റണിക്ക് പിന്തുണയുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.
അനില്‍ ആന്റണി കോണ്‍ഗ്രസുകാരനാണ്, അദ്ദേഹത്തെ എന്തിനാണ് പുറത്താക്കുന്നതെന്നും, മറ്റ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും പാകപ്പിഴകള്‍ വരാറുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ.പി.സി.സി പ്രസിഡന്റ്.
ഇതിപ്പോള്‍ വിവാദമാക്കേണ്ട വലിയ വിഷയമായിട്ട് ഞങ്ങള്‍ക്കിപ്പോള്‍ തോന്നിയിട്ടില്ല. ഓരോ ആളുകള്‍ക്കും ഓരോ വിഷയങ്ങളെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമുണ്ട്. ആ അഭിപ്രായങ്ങള്‍ ഏകീകരിക്കുന്നതാണ് കോണ്‍ഗ്രസിന്റെ കരുത്തെന്നും സുധാകരന്‍ പറഞ്ഞു.
‘അദ്ദേഹം കോണ്‍ഗ്രസുകാരനാണ്, അതിനോടൊക്കെയുള്ള പാര്‍ട്ടി സമീപനം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. അത് തിരുത്തുമെന്നാണ് എന്റെ പ്രതീക്ഷ. ഞാന്‍ അതിന് വേണ്ടി കാത്തിരിക്കുകയാണ്. ഇതൊന്നും ഒരു വിവാദമാക്കേണ്ട വലിയ വിഷയമായിട്ട് ഞങ്ങള്‍ക്കിപ്പോള്‍ തോന്നിയിട്ടില്ല.
പാര്‍ട്ടിയില്‍ നിന്ന് എന്തിനാണ് അദ്ദേഹത്തെ പുറത്താക്കുന്നത്. ആളുകള്‍ എന്തെല്ലാം തെറ്റുകള്‍ പറയുന്നുണ്ട്? കോണ്‍ഗ്രസിന്റെ മറ്റ് നേതാക്കളില്‍ നിന്ന് പാകപ്പിഴകള്‍ വരാറുണ്ട്.
എന്റെ ഭാഗത്ത് നിന്നും വരാറില്ലേ? സ്വാഭാവികമല്ലേ? മനുഷ്യനല്ലേ… യന്ത്രമല്ലല്ലോ? അത് വരുമല്ലോ, അങ്ങനെ വന്നാല്‍ ഉടന്‍ പുറത്താക്കലാണോ?
ഓരോ ആളുകള്‍ക്കും ഓരോ വിഷയങ്ങളെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമുണ്ട്. ആ അഭിപ്രായങ്ങള്‍ ഏകീകരിക്കുന്നതാണ് കോണ്‍ഗ്രസിന്റെ കരുത്ത്. ഇതിന് മുമ്പും കുറെ വിഷയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതൊന്നും വലിയ പ്രകമ്പനമൊന്നും ഉണ്ടാക്കിയിട്ടില്ല,’ സുധാകരന്‍ പറഞ്ഞു.
Content Highlight: KPCC President K Sudhakaran in Support with Anil Antony Over BBC Documentary Controversy