| Monday, 24th October 2022, 5:56 pm

കേരളത്തില്‍ ഗവര്‍ണര്‍ ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്നില്ല, ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചാകും വേണുഗോപാല്‍ പറഞ്ഞത്; ഗവര്‍ണറുടെ തീരുമാനം ശരിയെന്ന് കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: സര്‍വകലാശാല വി.സിമാര്‍ രാജിവെക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഉത്തരവില്‍ കോണ്‍ഗ്രസില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നിലപാടിനെ തള്ളിക്കൊണ്ട് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ രംഗത്തെത്തി. വി.സിമാരെ പുറത്താക്കാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം ശരിയാണെന്ന് കെ. സുധാകരന്‍ പറഞ്ഞു.

കെ.സി. വേണുഗോപാലിന്റെയും കെ.പി.സി.സിയുടെയും നിലപാട് ഒന്നാണ്. ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചാകും വേണുഗോപാല്‍ പറഞ്ഞിട്ടുണ്ടാവുകയെന്നും സുധാകരന്‍ വിശദീകരിച്ചു. കേരളത്തില്‍ ഗവര്‍ണര്‍ ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

വി.സിമാര്‍ രാജിവെച്ച് പോകണമെന്ന് പറയില്ല. പക്ഷെ തെറ്റുതിരുത്തി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും സുധാകരന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കെ.പി.സി.സി. ‘പിണറായി ഭരണത്തിനെതിരെ പൗര വിചാരണ’ എന്ന പേരില്‍ തുടര്‍ പ്രക്ഷോഭം നടത്തുമെന്നും കെ. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാജ്യത്തെ ഉന്നത വിദ്യാഭ്യാസരംഗത്ത് കൈകടത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമാണ് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് കെ.സി. വേണുഗോപാല്‍ പറഞ്ഞത്.

സംസ്ഥാന സര്‍ക്കാര്‍ ചട്ടവിരുദ്ധമായി നടത്തിയ സര്‍വകലാശാലാ നിയമനങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്നും എന്നാല്‍ സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാന്‍സലര്‍ സ്ഥാനത്തിരുന്ന് ഗവര്‍ണര്‍ സ്വീകരിച്ചാല്‍ അത് ചോദ്യം ചെയ്യണമെന്നുമാണ് കെ.സി. വേണുഗോപാല്‍ പറഞ്ഞത്.

സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തെ അട്ടിമറിക്കുന്ന നിലപാടാണ് ഇടത് സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ചട്ടവിരുദ്ധമായി ചെയ്ത ഒരു കാര്യത്തെ മറികടക്കാനും തിരുത്താനുമെന്ന പേരില്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഗവര്‍ണറുടെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഗവര്‍ണറുടെ അസാധാരണ നീക്കത്തെ തള്ളിക്കൊണ്ടാണ് മുഖ്യ പ്രതിപക്ഷ കക്ഷിയായ മുസ്‌ലിം ലീഗ് എത്തിയത്.

സര്‍ക്കാരിന്റെ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്ക് ഗവര്‍ണറും കൂട്ടുനിന്നിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇപ്പോള്‍ ചെയ്ത തെറ്റ് തിരുത്താന്‍ തയ്യാറായതിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് വി.ഡി. സതീശന്‍ പറഞ്ഞത്. ഗവര്‍ണര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ ചൊല്ലി യു.ഡി.എഫില്‍ ഭിന്നതയില്ലെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു

ഗവര്‍ണറുടെ നടപടി അതിരുകടന്നതാണെന്നും പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നുമാണ് ലീഗിന്റെ വിമര്‍ശനം. സുപ്രീം കോടതി വിധിയിലേക്ക് നയിച്ച സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി കാണേണ്ടതാണെന്നും ലീഗ് വ്യക്തമാക്കി.

Content Highlight: KPCC President K Sudhakaran In support of Kerala Governor

We use cookies to give you the best possible experience. Learn more