വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ മേവാനിയുടെ അറസ്റ്റില്‍ പ്രതികരിച്ച് കെ. സുധാകരന്‍; ബി.ജെ.പിയുടെ ലക്ഷ്യം വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പെന്ന് വിമര്‍ശനം
തിരുവനന്തപുരം: വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റില്‍ പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. ജിഗ്‌നേഷ് മേവാനി വീണ്ടും അറസ്റ്റിലായി എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് സുധാകരന്‍ രംഗത്തെത്തിയത്.
മേവാനിയെ ആദ്യം അസം പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ കേരളത്തില്‍ നിന്നുള്ള എം.പിമാരായ രാഹുല്‍ ഗാന്ധിയും ടി.എന്‍. പ്രതാപനും മാത്രമായിരുന്നു സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പ്രതികരണമെഴുതിയിരുന്നത്. ഇതില്‍ കെ.പി.സി.സി പ്രസിഡന്റായ സുധാകരന്‍ പ്രതികരിക്കാത്തതില്‍ വിമര്‍ശനമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരിച്ച് അദ്ദേഹം രംഗത്തുവന്നത്.
രാജ്യം എത്തി നില്‍ക്കുന്ന ഏറ്റവും അപകടകരമായ അവസ്ഥയെയാണ് ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റ് സൂചിപ്പിക്കുന്നതെന്ന് ക. സുധാകരന്‍ പറഞ്ഞു.
ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹത്തിന് എല്ലാവിധ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നതായും സുധാകരന്‍ ഫേസ്ബുക്കില്‍ എഴുതി.
നരേന്ദ്രമോഡിയുടെ തെറ്റായ നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ ഒരു ജനപ്രതിനിധിയെ നിരന്തരം വേട്ടയാടുകയാണിവിടെ. രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചവര്‍ ഇന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചപ്പോള്‍ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നു.
വരാനിരിക്കുന്ന ഗുജറാത്ത് ഇലക്ഷനില്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടി നല്‍കുമെന്ന ഭയം കൊണ്ടാണ് ഇത്തരം നടപടികളിലേക്ക് സംഘപരിവാര്‍ ഭരണകൂടം കടക്കുന്നത്.
പക്ഷെ. ബ്രിട്ടീഷ് ജയിലറകള്‍ ഭേദിച്ച് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന പ്രസ്ഥാനത്തിന്റെ അമരക്കാരെ ജയിലറ കാണിച്ചു ഭയപ്പെടുത്താന്‍ ശ്രമിക്കരുതെന്ന് മാത്രം ഓര്‍മിപ്പിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്ത കേസില്‍ അസമിലെ കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ഗുജറാത്തില്‍ നിന്നുള്ള എം.എല്‍.എ ജിഗ്നേഷ് മേവാനി വീണ്ടും അറസ്റ്റിലായത്.
പുതിയ കേസിലാണ് അദ്ദേഹത്തെ ബി.ജെ.പി സര്‍ക്കാര്‍ നിയന്ത്രിക്കുന്ന അസം പൊലീസ് അറസ്റ്റ് ചെയ്തത്. അസമിലെ ബാര്‍പേട്ട പൊലീസാണ് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്ത്. പുതുതായി ഏത് കേസിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പുറത്തുവിടുന്നില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റ് ചെയ്തതിന് അറസ്റ്റിലായതിന് പിന്നാലെ മേവാനിക്ക് ജാമ്യം ലഭിച്ചിരുന്നു. അസമിലെ കൊക്രജാര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്.