കൊല്ലം: നേതാക്കള്‍ പ്രസംഗിച്ച് തീരുന്നതിന് മുമ്പ് പ്രവര്‍ത്തകര്‍ വേദി വിട്ടതില്‍ പ്രകോപിതനായി കെ.പി.സി.സി പ്രസസിന്റ് കെ. സുധാകരന്‍. കൊല്ലത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വന്‍ഷനിലാണ് സംഭവം.
നേതാക്കള്‍ സംസാരിച്ചു കൊണ്ടിരിക്കെ പ്രവര്‍ത്തകര്‍ വേദിവിട്ടതോടെ സംസാരിക്കുകയായിരുന്ന വി.ടി. ബല്‍റാമിനോട് പ്രസംഗം നിര്‍ത്താനും സുധാകരന്‍ ആവശ്യപ്പെട്ടു.
‘ഞങ്ങളൊക്കെ ഇവിടെ ക്ഷമയോടെ നില്‍ക്കുമ്പോള്‍ നാണവും മാനവുമില്ലാതെ ഇറങ്ങി പോകുന്നത് ശരിയല്ല. അതുകൊണ്ട് ഇവിടെ ഇരിക്കണം. യോഗം കഴിയാതെ ഒരാളും ഈ സദസില്‍ നിന്ന് പുറത്തേക്ക് പോകരുതെന്ന് കര്‍ക്കശമായി കെ.പി.സി.സി അധ്യക്ഷന്‍ എന്ന നിലയില്‍ ഞാന്‍ പറയുന്നു. ഒരു മര്യാദ കാണിക്കേണ്ടേ നമ്മളോട്. ഇനിയാരാണ് പ്രസംഗിക്കാനുള്ളതെങ്കിലും പ്രസംഗിക്കണ്ട. എന്തൊരു അപമാനിക്കലാണിത്,’ എന്നായിരുന്നു സുധാകരന്റെ പ്രതികരണം.
എല്ലാ ജില്ലകളിലും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയായ പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും ഒരുമിച്ചാണ് പങ്കെടുക്കുന്നത്. ജില്ലയിലെ മുഴുവന്‍ നേതാക്കളും പങ്കെടുക്കുന്ന പരിപാടിയാണിത്.
കൊല്ലത്ത് നടന്ന പരിപാടിയില്‍ കെ.പി.സി.സി പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് പദ്ധതികളെ കുറിച്ചുള്ള പ്രസംഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് എത്താന്‍ വൈകിയതിനാല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ. ജയന്ത് ആയിരുന്നു പ്രസംഗിച്ചത്. ഈ സമയത്ത് സദസില്‍ നിന്ന് ആളുകള്‍ കൂട്ടമായി എഴുന്നേറ്റ് പുറത്തേക്കിറങ്ങാന്‍ തുടങ്ങി. ഇതാണ് പ്രസിഡന്റിനെ പ്രകോപിതനാക്കിയത്. ഇത് കണ്ട് അണികള്‍ മടങ്ങി വന്ന് സദസില്‍ തന്നെ ഇരുന്നു.
പിന്നീട് പ്രതിപക്ഷനേതാവ് എത്തുകയും പ്രസംഗിക്കുകയും ചെയ്തു. ശേഷം വി.ടി. ബല്‍റാം സംസാരിക്കാന്‍ എത്തിയപ്പോള്‍ ആളുകള്‍ വീണ്ടും വേദിവിട്ടിറങ്ങി. ഇത് കണ്ട പ്രകോപിതനായ സുധാകരന്‍ ബല്‍റാമിനോട് പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെടുകയും പ്രവര്‍ത്തകരോട് ക്ഷുഭിതനാകുകയുമായിരുന്നു.
cont highlight: KPCC President K. Sudhakaran got angry with the party workers