ആര്‍.എസ്.എസിന് പോലും അവസരം കൊടുത്ത വിശാല ജനാധിപത്യ ബോധമാണ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റേതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.
പാര്‍ലമെന്റില്‍ ആര്‍.എസ്.എസ്- സി.പി.ഐ.എം നേതാക്കള്‍ക്ക് അവസരം നല്‍കിയ ജനാധിപത്യ വാദിയാണ് നെഹ്‌റുവെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു.
വര്‍ഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാന്‍ പോലും നെഹ്‌റു തയ്യാറായി, അംബേദ്കറെയും ശ്യാമപ്രസാദ് മുഖര്‍ജിയെയും ആദ്യ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി, അംഗബലം ഇല്ലാതിരുന്നിട്ട് പോലും എ.കെ.ജിക്ക് പ്രതിപക്ഷ നേതാവിന്റെ പദവി നല്‍കിയതും ഈ ജനാധിപത്യ നിലപാടിന്റെ ഭാഗമായിരുന്നെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ ഡി.സി.സി സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”വൈവിധ്യങ്ങളുള്ള നാടാണ് നമ്മുടേത്. ആ നാടിനെ ഒന്നിപ്പിച്ച് കൊണ്ടുപോകാന്‍ സാധിക്കുന്ന ഒരു ഭരണഘടന ഉണ്ടാക്കാന്‍ നെഹ്‌റു ഏല്‍പ്പിച്ചത് കോണ്‍ഗ്രസ് നേതാവിനെയല്ല, അംബേദ്കറെയാണ്. ഡോ. അംബേദ്കര്‍ കോണ്‍ഗ്രസുമായി ബന്ധമില്ലാത്തയാളാണ്, ഒരു പരിധി വരെ കോണ്‍ഗ്രസിന്റെ വിമര്‍ശകനായിരുന്ന ആളാണ്. പക്ഷെ ബുദ്ധിയുള്ളവനാ.
അതുകൊണ്ട് തന്നെ അദ്ദേഹത്തെ വിളിച്ച്, കൂടെ നിര്‍ത്തി, ചര്‍ച്ച ചെയ്ത് ഇന്ത്യയുടെ ഭരണഘടയുണ്ടാക്കാന്‍ അദ്ദേഹത്തെ ഏല്‍പിച്ച്, സ്വന്തം മന്ത്രിസഭയില്‍ നിയമമന്ത്രിയാക്കി അംബേദ്കറെ വെക്കാന്‍ സാധിച്ച വലിയ ജനാധിപത്യ ബോധത്തിന്റെയും ഉയര്‍ന്ന മൂല്യത്തിന്റെയും പ്രതീകമാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു.
ആര്‍.എസ്.എസിന്റെ നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ സ്വന്തം കാബിനറ്റില്‍ മന്ത്രിയാക്കാന്‍ അദ്ദേഹം കാണിച്ച മനസ്, വര്‍ഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാന്‍ മനസുകാണിച്ച അദ്ദേഹത്തിന്റെ വിശാല മനസ്.
പാര്‍ലമെന്റില്‍ നെഹ്‌റുവിന്റെ കാലത്ത് പ്രതിപക്ഷമില്ല. അന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവ് ശ്രീ. എ.കെ. ഗോപാലനെ പ്രതിപക്ഷ നേതാവിന്റെ പദവി കൊടുത്ത് നിര്‍ത്തിയ ഉദാത്തമായ ജനാധിപത്യ ബോധമാണ് നെഹ്‌റുവിന്റേത്.
വിമര്‍ശിക്കാനും തെറ്റ് തിരുത്താനും പാര്‍ലമെന്റില്‍ പ്രതിപക്ഷം വേണമെന്നതായിരുന്നു നെഹ്‌റുവിന്റെ കാഴ്ചപ്പാട്. പ്രതിപക്ഷമാകാന്‍ അര്‍ഹതയില്ലാതിരുന്നിട്ടും എ.കെ. ഗോപാലനെ പ്രതിപക്ഷ നേതാവാക്കി വെച്ചയാളാണ് നെഹ്‌റു. ആര് ചെയ്യും ഇതുപോലെ?,” കെ. സുധാകരന്‍ പറഞ്ഞു.
അതേസമയം, കെ.എസ്.യു പ്രവര്‍ത്തകനായിരിക്കെ ആര്‍.എസ്.എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന കെ. സുധാകരന്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രസ്താവനയും വലിയ വിവാദമായിരുന്നു.
കെ.എസ്.യു പ്രവര്‍ത്തകനായിരുന്ന കാലത്ത് ആര്‍.എസ്.എസുകാര്‍ ആരംഭിച്ച ശാഖ കളെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ അടിച്ചുപൊളിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആളെയയച്ച് സംരക്ഷിച്ചിട്ടുണ്ടെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്.
കണ്ണൂരില്‍ എം.വി.ആര്‍ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു വിവാദ പരാമര്‍ശം.
”ഞാന്‍ കെ.എസ്.യു പ്രവര്‍ത്തകനായിരുന്ന കാലം, എന്റെ ഇടക്കാല അസംബ്ലിയിലെ കേഴുന്ന, തോട്ടട തുടങ്ങിയ പ്രദേശങ്ങളില്‍ ആര്‍.എസ്.എസിന്റെ ശാഖ ആരംഭിച്ചപ്പോള്‍, ആ ശാഖ അടിച്ചുപൊളിക്കാനും തകര്‍ക്കാനും സി.പി.ഐ.എം ശ്രമിച്ച ഒരു കാലമുണ്ടായിരുന്നു.
അന്ന് അവിടെ ശാഖ നടത്താന്‍ സാധിക്കാത്ത ഒരു ചുറ്റുപാട് പ്രദേശത്തുണ്ടായപ്പോള്‍ ആളെ അയച്ച് ശാഖകള്‍ക്ക് സംരക്ഷണം കൊടുത്ത ആളാണ് ഞാന്‍. ശാഖയോടും ശാഖയുടെ ലക്ഷ്യത്തോടും ആര്‍.എസ്.എസിനോടും ആഭിമുഖ്യമുണ്ടായിട്ടല്ല. ഒരു ജനാധാപത്യ അവകാശം നിലനില്‍ക്കുന്ന സ്ഥലത്ത് ഒരു മൗലികാവകാശം തകര്‍ക്കപ്പെടുന്നത് നോക്കിനില്‍ക്കുന്നത് ഒരു ജനാധിപത്യ വിശ്വാസിക്ക് ഗുണകരമല്ല എന്ന തോന്നലാണ് എന്നെ അതിന് പ്രേരിപ്പിച്ചത്.
ഞാന്‍ ഒരിക്കലും ആര്‍.എസ്.എസിന്റെ ഒരു തരത്തിലുമുള്ള പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുകയോ സഹകരിക്കുകയോ ചെയ്തിട്ടില്ല, പിന്തുണ പ്രഖ്യാപിച്ചിട്ടുമില്ല. പക്ഷേ ആവിഷ്‌കാര സ്വാതന്ത്ര്യം രാഷ്ട്രീയ സ്വാതന്ത്ര്യം എന്നിവ ഓരോ പൗരന്റേയും ജന്മാവകാശമാണ്. അത് നിലനിര്‍ത്തണം.
നാടിന്റെ സാമൂഹിക- സാമ്പത്തിക സുരക്ഷിതത്വത്തിനും മതേതരത്വത്തിനും പോറലേല്‍ക്കാതെ നടത്തുന്ന ഏത് പ്രവര്‍ത്തനത്തെയും നമ്മള്‍ സഹായിക്കേണ്ട സാഹചര്യം ജനാധിപത്യ- മതേതര രാഷ്ട്രത്തിലുണ്ട്.
ആ തീരുമാനം ശരിയോ തെറ്റോ എന്നതൊക്കെ ഒരുപക്ഷേ വിവാദമാകാം. പക്ഷെ അങ്ങനെയൊരു തോന്നലാണ് അന്ന് ഈ തീരുമാനമെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത്,” എന്നായിരുന്നു സുധാകരന്‍ പറഞ്ഞത്.
Content Highlight: KPCC president K Sudhakaran comment on Jawaharlal Nehru