കൊച്ചി: സാമ്പത്തിക തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ കളമശ്ശേരി ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. വെള്ളിയാഴ്ച 11 മണിയോടെയാണ് അദ്ദേഹം ഹാജരായത്.
എറണാകുളം ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ്, കോണ്‍ഗ്രസ് നേതാക്കളായ എം. ലിജു, വി.പി. സജീന്ദ്രന്‍ അടക്കമുള്ളവര്‍ ക്രൈംബ്രാഞ്ച് ഓഫീസിന് മുന്നില്‍ എത്തിയിരുന്നു.
ആരേയും ഭയമില്ലെന്നും ചോദ്യം ചെയ്യലില്‍ ആശങ്കയില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ആദ്യം പരാതിക്കാര്‍ തന്റെ പേര് പറഞ്ഞില്ലെന്നും പിന്നെ എങ്ങനെയാണ് വളരെ പെട്ടന്ന് തന്റെ പേര് പരാതിയില്‍ വന്നതെന്നും സുധാരന്‍ ചോദിച്ചു. കേസില്‍ സി.പി.ഐ.എമ്മും ക്രൈംബ്രാഞ്ചും തമ്മില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
‘കോടതിയില്‍ നിന്ന് നീതി ലഭിക്കും. എന്റെ നിരപരാധിത്വം തെളിയിക്കാന്‍ നിഷ്പ്രയാസം കഴിയും. ജീവിതത്തില്‍ കൈക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരനാണ് ഞാന്‍. ആരെയും ദുരുപയോഗം ചെയ്തിട്ടില്ല. അറസ്റ്റ് ചെയ്യുമെങ്കില്‍ ചെയ്യട്ടേ, എനിക്ക് ജാമ്യമുണ്ട്. കടല്‍ താണ്ടിയ എന്നെ കയ്‌തോട് കാണിച്ച് ഭയപ്പെടുത്തേണ്ട,’ സുധാകരന്‍ പറഞ്ഞു.
സംരംഭകരായിട്ടുള്ള അനൂപ് അഹമ്മദ്, സിദ്ദീഖ്, സലീം, ഷമീര്‍, യാക്കൂബ് എന്നിവരില്‍ നിന്ന് മോണ്‍സന്‍ മാവുങ്കല്‍ 25 ലക്ഷം രൂപ കൈപ്പറ്റിയെന്നും, ഇത് സുധാകരന്റെ സാന്നിധ്യത്തില്‍ കൈമാറിയെന്നുമാണ് പരാതി. അതില്‍ 10 ലക്ഷം രൂപ സുധാകരന്‍ സ്വീകരിച്ചെന്നും മോണ്‍സന്‍ മാവുങ്കലിന്റെ ജീവനക്കാരന്റെ മൊഴിയുണ്ട്. മോണ്‍സന്‍ മാവുങ്കലുമായി കെ. സുധാകരന്‍ വര്‍ഷങ്ങളായി നിരന്തരബന്ധം പുലര്‍ത്തിയതിന്റെ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുധാകരന്‍ ഈ സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിയായത്. കേസില്‍ നിന്ന് സുധാകരന്റെ പേര് ഒഴിവാക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
അതേസമയം, കേസില്‍ കെ. സുധാകരന്‍ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. നോട്ടീസ് പ്രകാരം സുധാകരന്‍ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും അറസ്റ്റുണ്ടായാല്‍ 50,000 രൂപയുടെ ബോണ്ടിലും അതേ തുകയ്ക്ക് രണ്ടുപേരുടെ ഉറപ്പിലും ജാമ്യം അനുവദിക്കണമെന്നുമാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഉത്തരവിട്ടിരുന്നത്. കേസില്‍ നാലാം പ്രതിയായ ഐ.ജി ജി.ലക്ഷ്മണിനും ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.