| Thursday, 16th December 2021, 9:46 pm

'കെ.കെ. ശൈലജ കേരള ചരിത്രത്തിലെ ഏറ്റവും മോശം ആരോഗ്യമന്ത്രി'; അഴിമതി ആരോപണത്തില്‍ കണക്കു പറയിപ്പിക്കുമെന്ന് കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരെ അഴിമതി ആരോപണവുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. കൊവിഡിന്റെ ആദ്യ തരംഗ സമയത്ത് കേരളത്തിലെ ജനങ്ങള്‍ ആശങ്കാകുലരായ സമയത്ത് അതൊരവസരമാക്കി തീവെട്ടി കൊള്ള നടത്തുകയായിരുന്നു ശൈലജയും സംഘവുമെന്ന് അദ്ദേഹം പറഞ്ഞു.

550 രൂപയുടെ പി.പി.ഇ കിറ്റ് 1550 രൂപയ്ക്ക് ഒരു തട്ടിക്കൂട്ട് കമ്പനിയില്‍ നിന്ന് വാങ്ങിയത്, 1500 രൂപ വിലയുള്ള തെര്‍മോമീറ്റര്‍ 5400 രൂപയ്ക്ക് വാങ്ങി ലക്ഷങ്ങള്‍ വെട്ടിച്ചത്, പൊതുവിപണിയേക്കാള്‍ 10,000 രൂപ കൂടുതല്‍ വില നല്‍കി ആരോഗ്യ വകുപ്പില്‍ എ.സി, ഫ്രിഡ്ജ് എന്നിവ വാങ്ങിയത്. ഇങ്ങനെ ലക്ഷക്കണക്കിന് രൂപയുടെ അഴിമതികളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഈ അഴിമതികള്‍ക്കും അനീതികള്‍ക്കും സി.പി.ഐ.എമ്മിനെകൊണ്ട് കണക്കു പറയിക്കാതെ കാലം കടന്നുപോകില്ല. കേരള ചരിത്രത്തിലെ ഏറ്റവും മോശം ആരോഗ്യ മന്ത്രി ആയിരുന്നിട്ടും നോട്ടുകെട്ടുകള്‍ വാരി വിതറി നിങ്ങള്‍ വെള്ളി വെളിച്ചത്തില്‍ നിര്‍ത്തിയ ശൈലജയെ പോലുള്ള ബിംബങ്ങളുടെ അഴിമതിക്കറ പുരണ്ട യഥാര്‍ത്ഥ രൂപം ജനങ്ങളുടെ മുന്നില്‍ അനാവരണം ചെയ്യപ്പെടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ ആരോഗ്യവകുപ്പ് നിര്‍ജീവവും, ഡെങ്കി പനി, കൊവിഡ് എന്നിവയെ പ്രതിരോധിക്കുന്നതില്‍ തികഞ്ഞ പരാജയമായിരുന്നുവെന്നും നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം അന്നേ പറഞ്ഞിട്ടുണ്ട്. എന്നാല്‍ മാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ട്, മാധ്യമ സഖാക്കളെക്കൊണ്ട് വാഴ്ത്തുപാട്ടുകള്‍ എഴുതിച്ചുകൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് തുടര്‍ഭരണം നേടുകയായിരുന്നു ഇടതുമുന്നണിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെ. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ഉറങ്ങിയിട്ടില്ല സാര്‍ ഉറങ്ങിയിട്ടില്ല’
ആരോഗ്യമന്ത്രി കെ.കെ. ശൈലജയെക്കുറിച്ച് ഒരു സി.പി.ഐ.എം യുവ എം.എല്‍.എ കഴിഞ്ഞ നിയമസഭയില്‍ പറഞ്ഞതാണിത്. ഇന്നീ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരിക്കുകയാണ്. കൊവിഡിന്റെ ആദ്യ തരംഗ സമയത്ത് കേരളത്തിലെ ജനങ്ങള്‍ ആശങ്കാകുലരായി, വിറങ്ങലിച്ചു നിന്ന കാലത്ത്, ഇതൊരവസരമാക്കി, ഉറങ്ങാതെ തീവെട്ടി കൊള്ള നടത്തുകയായിരുന്നു ശൈലജയും സംഘവും !

550 രൂപയുടെ പി.പി.ഇ കിറ്റ് 1550 രൂപയ്ക്ക് ഒരു തട്ടിക്കൂട്ട് കമ്പനിയില്‍ നിന്ന് വാങ്ങിയത്,
1500 രൂപ വിലയുള്ള തെര്‍മോമീറ്റര്‍ 5400 രൂപയ്ക്ക് വാങ്ങി ലക്ഷങ്ങള്‍ വെട്ടിച്ചത്, പൊതുവിപണിയേക്കാള്‍ 10000 രൂപ കൂടുതല്‍ വില നല്‍കി ആരോഗ്യവകുപ്പില്‍ എ.സി, ഫ്രിഡ്ജ് എന്നിവ വാങ്ങിയത്. ഇങ്ങനെ ലക്ഷക്കണക്കിന് രൂപയുടെ അഴിമതികളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കേരളത്തിന്റെ ആരോഗ്യവകുപ്പ് നിര്‍ജീവവും, ഡെങ്കി പനി, കൊവിഡ് എന്നിവയെ പ്രതിരോധിക്കുന്നതില്‍ തികഞ്ഞ പരാജയമായിരുന്നുവെന്നും നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം അന്നേ പറഞ്ഞിട്ടുണ്ട്. എന്നാല്‍ മാധ്യമങ്ങളെ ഉപയോഗിച്ചുകൊണ്ട്, മാധ്യമ സഖാക്കളെക്കൊണ്ട് വാഴ്ത്തുപാട്ടുകള്‍ എഴുതിച്ചുകൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് തുടര്‍ഭരണം നേടുകയായിരുന്നു ഇടതുമുന്നണി.

കെ.കെ. ശൈലജയെ പുതിയ മന്ത്രിസഭയില്‍ നിന്നും, മന്ത്രിയുടെ വിശ്വസ്തരായ 2 ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യ വകുപ്പില്‍ നിന്നും പുറത്തേക്ക് പോകേണ്ടി വന്നത് അഴിമതിപ്പണത്തിന്റെ വീതം വെക്കലില്‍ പാര്‍ട്ടിയിലെ ഉന്നതരുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണോയെന്ന ചോദ്യങ്ങള്‍ അന്തരീക്ഷത്തിലുണ്ട്. പുര കത്തുമ്പോള്‍ വാഴ വെട്ടുക മാത്രമല്ല, കത്തിക്കൊണ്ടിരിക്കുന്ന പുരയിലേക്ക് ചാടിക്കയറി കഴുക്കോല്‍ കൂടി ഊരിയെടുത്ത മന്ത്രിയായിട്ടാണ് കെ.കെ. ശൈലജ ഇന്ന് കേരളത്തിലെ പൊതുസമൂഹത്തിന് മുന്നില്‍ നില്‍ക്കുന്നത്.

സി.പി.ഐ.എമ്മിനോട്, കേരള ചരിത്രത്തിലെ ഏറ്റവും മോശം ആരോഗ്യ മന്ത്രി ആയിരുന്നിട്ടും നോട്ടുകെട്ടുകള്‍ വാരി വിതറി നിങ്ങള്‍ വെള്ളി വെളിച്ചത്തില്‍ നിര്‍ത്തിയ ശൈലജയെ പോലുള്ള ബിംബങ്ങളുടെ അഴിമതിക്കറ പുരണ്ട യഥാര്‍ത്ഥ രൂപം ജനങ്ങളുടെ മുന്നില്‍ അനാവരണം ചെയ്യപ്പെടുക തന്നെ ചെയ്യും. ഈ അഴിമതികള്‍ക്കും അനീതികള്‍ക്കും നിങ്ങളെ കൊണ്ട് കണക്കു പറയിക്കാതെ കാലം കടന്നു പോകില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  KPCC president  K  Sudhakaran  Against Former Health Minister K.K.  Shailaja 

We use cookies to give you the best possible experience. Learn more