| Friday, 18th February 2022, 9:16 pm

'ബോംബ് പൊട്ടിയതിന്റെ പേരില്‍ കല്യാണം നിരോധിക്കരുത്, ഒരു കടയിലെ ഭക്ഷണം മോശമായതിന്റെ പേരില്‍ ബീച്ച് അടച്ചുപൂട്ടരുത്, അപേക്ഷയാണ്': കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: അത്താഴപ്പട്ടിണിക്കാരന്റെ ജീവിതത്തിലെ വെളിച്ചം തല്ലിക്കെടുത്തുന്ന നടപടിയാണ് കോഴിക്കോട് ബീച്ചില്‍ ഉപ്പിലിട്ട പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുന്നത് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള വകുപ്പ് ഉപയോഗിച്ച് ചെയ്യേണ്ട നടപടിയാണ് പൂര്‍ണനിരോധനത്തിലൂടെ വഷളാക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. അത്താഴപ്പട്ടിണിക്കാരന്റെ ജീവിതത്തിലെ വെളിച്ചം തല്ലിക്കെടുത്താനായി എന്തിനാണിങ്ങനെയൊരു ദുരന്ത ഭരണമെന്നും അദ്ദേഹം ചോദിച്ചു.

‘കോഴിക്കോട് ബീച്ചില്‍ ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും വിറ്റു ജീവിക്കുന്ന കടകള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയത് ഒരു കടയില്‍ ആസിഡ് കണ്ടെത്തി എന്നുപറഞ്ഞാണ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള വകുപ്പും ഉദ്യോഗസ്ഥരുമിവിടെയുണ്ട്. അവര്‍ സ്ഥിരമായി പരിശോധന നടത്തി പരിഹരിക്കേണ്ട നിസാര പ്രശ്‌നമാണിത്

എന്നാല്‍ എളുപ്പവഴിയും, സി.പി.ഐ.എം എന്ന പാര്‍ട്ടിക്ക് ഇഷ്ടവും അധ്വാനിച്ചു ജീവിക്കുന്നവരുടെ സ്ഥാപനം അടച്ചു പൂട്ടിക്കുന്നതാണല്ലോ. ശാരീരിക അവശതകള്‍ കാരണം കടുത്ത അധ്വാനത്തില്‍ ഏര്‍പ്പെടുവാന്‍ സാധിക്കാത്ത ഒരുപാട് പേരുടെ ജീവിത മാര്‍ഗമാണീ കടകള്‍. പാവപ്പെട്ടവന്റെ കഞ്ഞിക്കലം നിസ്സാരമായി സര്‍ക്കാര്‍ തച്ചുടച്ചു കളയുകയാണ്,’ സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞദിവസം കണ്ണൂരില്‍ കല്യാണ വീട്ടിലെ ബോംബ് സ്‌ഫോടനത്തിന് ശേഷവും ഇതുപോലൊരു മരമണ്ടന്‍ തീരുമാനമാണ് പതിവുപോലെ പിണറായി വിജയന്‍ എടുത്തത്. എങ്ങനെയാണ് ബോംബ് ഇത്ര സുലഭമായതെന്നും എവിടെയാണ് ബോംബ് നിര്‍മാണം നടക്കുന്നതെന്നും അന്വേഷിക്കാതെ, ആ ക്രിമിനലുകളെ ഇനി ഒരിക്കലും ബോംബുണ്ടാക്കാന്‍ ആലോചിക്കുകപോലും ചെയ്യാത്ത വിധത്തില്‍ നിയമനടപടികള്‍ എടുത്ത് ജയിലിലടക്കാനുള്ള വഴികള്‍ സ്വീകരിക്കാതെ കല്യാണങ്ങള്‍ക്ക് ഗാനമേള നിരോധിച്ചു കൊണ്ട് ഉത്തരവിറക്കുകയാണ് ഈ വിഡ്ഢികള്‍ ചെയ്തത്. ഈ കൊവിഡ് കാലത്ത് ജീവിതത്തില്‍ ഇന്നേവരെ നേരിട്ടിട്ടില്ലാത്ത തൊഴില്‍ പ്രതിസന്ധി നേരിടുന്ന പാവപ്പെട്ട കലാകാരന്മാരുടെ അന്നം കൂടിയാണ് സാമാന്യബോധം പോലുമില്ലാത്ത ഭരണകൂടം ഇല്ലാതാക്കിയതെന്നും സുധാകരന്‍ പറഞ്ഞു.

പണം ഇല്ലാത്തവര്‍ക്ക് ഒരുകാരണവശാലും ജീവിക്കുവാന്‍ സാധിക്കാത്ത സ്ഥലമായി കേരളം മാറുകയാണ്. വന്‍കിട പദ്ധതികളും കണ്‍സള്‍ട്ടന്‍സി, കമ്മീഷന്‍ തട്ടിപ്പും, വീതം വെപ്പും മാത്രമാണ് ഭരണകര്‍ത്താക്കളുടെ അജണ്ട. ബാക്കി എല്ലാ കാര്യങ്ങളും പാര്‍ട്ടിക്കാരായ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കള്‍ക്ക് വിട്ടു നല്‍കിയിരിക്കുകയാണ്. പാവങ്ങളോട് കരുണയില്ലാത്ത, പാവപ്പെട്ടവന്റെ കണ്ണീരിനോട് അശേഷം സഹതാപം ഇല്ലാത്ത മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത വിജയന്‍ സര്‍ക്കാര്‍ ഇപ്പോഴെല്ലാം നിരോധിക്കുകയാണെന്നും സുധാകരന്‍ പരിഹസിച്ചു.

‘കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്, ബോംബ് പൊട്ടിയതിന്റെ പേരില്‍ കല്യാണം നിരോധിക്കരുത്. ബീച്ചില്‍ ഒരു കടയിലെ ഭക്ഷണം മോശമായതിന്റെ പേരില്‍ ബീച്ച് അടച്ചു പൂട്ടരുത്.

നിങ്ങളത് ചെയ്‌തേക്കുമെന്ന് കേരളം ഭയക്കുന്നു. ഒരു കാര്യം ഓര്‍മിച്ചോളൂ, അന്നന്നത്തെ അന്നത്തിന് എല്ലുമുറിയെ പണിയെടുക്കുന്ന മനുഷ്യജന്മങ്ങളോട് തെരുവുനായ്ക്കളോടുള്ള പരിഗണന പോലും കാണിക്കാത്ത കാരണഭൂതങ്ങളെ കാലത്തിന്റെ ചവറ്റുകൊട്ടയിലെറിയുന്ന വിപ്ലവം ഈ മണ്ണിലുണ്ടാകും. അധികം വൈകാതെ,’ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights:  KPCC President K Sudhakaran against A complete ban on salted fruits and vegetables on Kozhikode beach

We use cookies to give you the best possible experience. Learn more