തിരുവനന്തപുരം: ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഇടപെടണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
തെരുവില്‍ കുട്ടികള്‍ തെറിവിളിക്കുന്നത് പോലെയാണ് ഇപ്പോഴത്തെ സ്ഥിതി. നാടിന്റെ സംസ്‌കാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇരു കൂട്ടരുടെയും വാക്‌പോര്. ഭീഷണിയുണ്ടെന്ന് ഗവര്‍ണര്‍ പറയുന്നത് ഗൗരവമായി കാണണമെന്നും കെ. സുധാകരന്‍ പറഞ്ഞു.
അതിനിടെ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്ററുമെത്തി. ഗവര്‍ണര്‍ക്ക് സമചിത്തതയില്ലെന്ന് എം.വി. ഗോവിന്ദന്‍ വിമിര്‍ശിച്ചു.
ഗവര്‍ണര്‍ പദവിയിലിരുന്ന് പാലിക്കേണ്ട സമചിത്തത ഗവര്‍ണര്‍ പാലിക്കുന്നില്ലെന്നും, ജനങ്ങളുടെ കണ്‍മുന്നിലുള്ള കാര്യങ്ങള്‍ ഗവര്‍ണര്‍ വളച്ചൊടിക്കുകയാണെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു.
ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടായിട്ടില്ല. പൊടുന്നനെയുണ്ടായ പ്രതിഷേധമാണ് ചരിത്ര കോണ്‍ഗ്രസില്‍ സംഭവിച്ചത്. അന്ന് നടന്ന സംഭവങ്ങളെല്ലാം ജനങ്ങള്‍ കണ്ടതാണ്. ഇര്‍ഫാന്‍ ഹബീബ് വധശ്രമം നടത്തിയെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും. യുണിവേഴ്‌സിറ്റിക്കും സര്‍ക്കാറിനുമെതിരെ ഗവര്‍ണര്‍ പ്രചാരണം നടത്തുകയാണെന്നും ഗോവിന്ദന്‍ കുട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം, സര്‍ക്കാരിനും മുഖ്യമന്ത്രിക്കും സി.പി.ഐ.എമ്മിനുമെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഗവര്‍ണര്‍ ഉന്നയിച്ച ഓരോ വാദങ്ങളും എടുത്തു പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്.
വൈസ് ചാന്‍സലര്‍ നിയമനം, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനം, സി.പി.ഐ.എം കയ്യൂക്കും ഭീഷണിയുമായി മുന്നോട്ടുപോകുന്നു എന്ന ആരോപണം, നിയമസഭയില്‍ അവതരിപ്പിച്ച ബില്ലുകള്‍, യൂണിവേഴ്സിറ്റികളിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പോസ്റ്ററുകള്‍ എന്നിങ്ങനെ ഗവര്‍ണര്‍ ഉന്നയിച്ച വിവിധ ആരോപണങ്ങളിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
‘പൊതുവില്‍ ഞങ്ങള്‍ ഇക്കാര്യത്തിലൊക്കെ സ്വീകരിക്കുന്ന സമീപനമുണ്ട്. പക്ഷെ ഇപ്പോള്‍ അതിനുള്ള ഘട്ടം കഴിഞ്ഞിരിക്കുകയാണ്. പേഴ്സണല്‍ സ്റ്റാഫിന്റെ ബന്ധുവിന്റെ നിയമനം മുഖ്യമന്ത്രി അറിയാതെ നടക്കുമോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഇതില്‍പരം അസംബന്ധം വേറെയൊരാള്‍ക്കും പറയാന്‍ കഴിയില്ല. ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് വേണം വര്‍ത്തമാനം.
ഞാന്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവാണല്ലോ, അതുകൊണ്ട് മുഖ്യമന്ത്രിയുടെ അനുമതി വാങ്ങാമെന്ന് ആരെങ്കിലും ചിന്തിക്കുമോ. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ ബന്ധു അപേക്ഷ കൊടുക്കുക. ഈ നാടിനെ കുറിച്ചും അറിയാവുന്ന ആര്‍ക്കെങ്കിലും അങ്ങനെ ആലോചിക്കാന്‍ പറ്റുമോ. എന്തൊക്കെ അസംബന്ധമാണ് എഴുന്നള്ളിക്കുന്നത്.
കേരളത്തില്‍ മുഖ്യമന്ത്രിയുടെ സ്റ്റാഫിന്റെ ബന്ധുവായതുകൊണ്ട് ഒരാള്‍ ജോലിക്ക് അപേക്ഷിക്കരുത്, ജോലി സ്വീകരിക്കരുത് എന്നെല്ലാം പറയാന്‍ ഇദ്ദേഹത്തിന് എന്ത് അധികാരം. ആരാണ് അധികാരം നല്‍കിയത്. ഇതാണോ ഗവര്‍ണര്‍, ചാന്‍സലര്‍ പദവികള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു.
നിയസഭയില്‍ ബില്‍ അവതരിപ്പിച്ചതും സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിച്ചതുമെല്ലാം നിയമപരമായി മാത്രമാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
Content highlight: KPCC President K Sudakaran wants the central government to Intervene in the Issue between the governor and the government