സോണിയക്കും രാഹുലിനുമെതിരായ ഇ.ഡി സമന്‍സ് ബി.ജെ.പിയുടെ പൊടിതട്ടിയെടുക്കല്‍ നാടകം: കെ.സുധാകരന്‍
Kerala News
സോണിയക്കും രാഹുലിനുമെതിരായ ഇ.ഡി സമന്‍സ് ബി.ജെ.പിയുടെ പൊടിതട്ടിയെടുക്കല്‍ നാടകം: കെ.സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th June 2022, 6:12 pm

 

തിരുവനന്തപുരം: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കുമെതിരെ ഇ.ഡി സമന്‍സ് അയച്ചതില്‍ പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍.

മോദി സര്‍ക്കാരിനെതിരായ ജനരോഷം ഉയരുകയോ, ഭരണ പ്രതിസന്ധി നേരിടുകയോ ചെയ്യുന്ന ഘട്ടത്തിലെല്ലാം ജനശ്രദ്ധതിരിക്കാനും രാഷ്ട്രീയ നേട്ടത്തിനും ഈ കേസ് പൊടിതട്ടിയെടുക്കുക എന്ന നാടകപരമ്പയുടെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡാണ് ഇ.ഡിയുടെ സമന്‍സെന്ന് കെ. സുധാകരന്‍ പറഞ്ഞു.

ഈ നാടകം ഇതേ അവസ്ഥയില്‍ തുടരുകയും അത് അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ നീട്ടിക്കൊണ്ടു പോകുകയും ചെയ്യുമെന്നത് ഉറപ്പാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതികാരത്തിന്റെയും കുടിപ്പകയുടെയും ബാക്കിപത്രമാണ് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെന്നും കോണ്‍ഗ്രസിനെതിരെ കഴിഞ്ഞ എട്ട് വര്‍ഷമായി മോദി സര്‍ക്കാര്‍ നടത്തുന്ന നെറികെട്ട രാഷ്ട്രീയത്തിന്റെയും തുടര്‍ച്ചയാണിതെന്നും സുധാകരന്‍ പറഞ്ഞു.

തീവ്ര സംഘപരിവാര്‍ പക്ഷക്കാരനായ ഒരു വ്യക്തിനല്‍കിയ കേസില്‍ നാളിതുവരെ അന്വേഷിച്ചിട്ടും തെളിവുകള്‍ ശേഖരിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയാതെ പോയത് ഈ കേസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സത്യത്തിന്റെ കണികപോലും ഇല്ലാത്തതിനാലാണ്.

ബി.ജെ.പിയുമായി ഒരുവിധത്തിലും സന്ധിച്ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതിനാലാണ് ഈ കേസ് കഴിഞ്ഞ എട്ടുവര്‍ഷമായി നീട്ടിക്കാണ്ടുപോകുന്നത്. അതേസമയം ബി.ജെ.പിയുമായി രഹസ്യകരാര്‍ ഉണ്ടാക്കിയ കേസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എങ്ങനെയെല്ലാം അട്ടിമറിക്കപ്പെടുന്നുയെന്ന് കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസ് ഉള്‍പ്പെടെയുള്ളവ പരിശോധിച്ചാല്‍ ബോധ്യമാകുമെന്ന് സുധാകരന്‍ പറഞ്ഞു.

Content Highlights: KPCC President K.S. Sudhakaran In response to the ED summons  Sonia Gandhi and  Rahul Gandhi in connection with the National Herald case