| Sunday, 16th October 2022, 11:33 am

രാമനെ കടലിലേക്ക് തള്ളി സീതയുമായി കടന്നാലോയെന്ന ലക്ഷ്മണന്റെ ചിന്ത തെക്കില്‍ നിന്ന് തൃശൂരെത്തിയപ്പോള്‍ മാറി; തെക്കന്‍ കേരളത്തെ അപമാനിച്ച് കെ. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തെക്കന്‍ കേരളത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ തെക്കന്‍ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയക്കാര്‍ എത്രകണ്ട് വ്യത്യസ്തരാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുമ്പോഴാണ് കെ. സുധാകരന്റെ വിവാദ പരാമര്‍ശം.

രാവണന്റെയും ലക്ഷ്മണന്റെയും ഉദാഹരണം പറഞ്ഞാണ് അദ്ദേഹം ഈ ചോദ്യത്തിന് മറുപടി നല്‍കിയത്. രാമനെ കടലിലേക്ക് തള്ളി സീതയുമായി കടന്നാലോയെന്ന ലക്ഷ്മണന്റെ ചിന്ത തെക്കില്‍ നിന്ന് തൃശൂരെത്തിയപ്പോള്‍ മാറിയെന്ന് സുധാകരന്‍ പറഞ്ഞു.

തെക്കന്‍ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയക്കാര്‍ എത്രകണ്ട് വ്യത്യസ്തരാണ് എന്ന ചോദ്യത്തിനുള്ള സുധാകരന്റെ പ്രതികരണം ഇങ്ങന.

‘അതെ, അതിന് ചരിത്രപരമായ കാരണങ്ങള്‍ ഉണ്ട്. ഞാനൊരു കഥ പറയാം. രാവണനെ കൊന്ന ശേഷം പുഷ്പക വിമാനത്തില്‍ ഭാര്യ സീതക്കും സഹോദരന്‍ ലക്ഷ്മണനും ഒപ്പം ലങ്കയില്‍ നിന്ന് രാമന്‍ മടങ്ങുകയാണ്. കേരളത്തിന്റെ തെക്കന്‍ പ്രദേശത്തിന് മുകളിലൂടെ വിമാനം കടന്നുപോകുമ്പോള്‍. ലക്ഷ്മണന്‍ ആലോചിച്ചു.രാമനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നാലോ എന്ന്. അപ്പോഴേക്കും വിമാനം തൃശൂര്‍ എത്തുകയും ലക്ഷ്മണന്റെ മനസ് മാറുകയും ചെയ്തു. മാത്രമല്ല അദ്ദേഹത്തിന് പശ്ചാത്താപം ഉണ്ടായി. രാമനാകട്ടെ അവന്റെ തോളത്തുതട്ടി പറഞ്ഞു. ‘അതെ, നിന്റെ മനസ് ഞാന്‍ വായിച്ചു. നിന്റെ കുറ്റമല്ല , നമ്മള്‍ കടന്നു വന്ന നാടിന്റെ പ്രശ്‌നമാ.(ചിരിക്കുന്നു)’.

തെക്കന്‍- മൂര്‍ഖന്‍ തിയറിയുടെ തുടര്‍ച്ചയാണ് സുധാകരന്റെ ഈ പരാമര്‍ശമെന്നാണ് സമൂഹ മാധ്യമങ്ങളിലുയരുന്ന വിമര്‍ശനം.

കോണ്‍ഗ്രസ് എന്ന പുഷ്പക വിമാനത്തിലെ ആരെയൊക്കെയാണ് തന്റെ കഥയിലൂടെ ഉദ്ദേശിച്ചത് എന്ന് സുധാകരന്‍ തന്നെ പറയുന്നതാണ് ഭംഗിയെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് എം.പിയുടെ പരിഹാസം.

തങ്ങളെ പറ്റി ഇങ്ങനെ വിചാരിക്കുന്ന ഒരാള്‍ ആണോ കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കേണ്ടത് എന്ന് തെക്കന്‍ കേരളത്തിലുള്ള കോണ്‍ഗ്രസ് നേതാക്കളും അണികളുമാണ് ചിന്തിക്കേണ്ടതെന്നും വിഷയത്തില്‍
കെ. സുധാകരന്‍ മാപ്പ് പറയണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയരുന്നുണ്ട്.

CONTENT HIGHLIGHTS: KPCC president K.K. Sudhakaran With an insulting reference to South Kerala

We use cookies to give you the best possible experience. Learn more