അനില്‍ ആന്റണിയേക്കാള്‍ അപകടകാരി; കോണ്‍ഗ്രസിന്റെ അന്ത്യം കാണാന്‍ ബി.ജെ.പി നിയോഗിച്ച ട്രോജന്‍ കുതിരയാണ് കെ. സുധാകരന്‍: പി.എ. മുഹമ്മദ് റിയാസ്
Kerala News
അനില്‍ ആന്റണിയേക്കാള്‍ അപകടകാരി; കോണ്‍ഗ്രസിന്റെ അന്ത്യം കാണാന്‍ ബി.ജെ.പി നിയോഗിച്ച ട്രോജന്‍ കുതിരയാണ് കെ. സുധാകരന്‍: പി.എ. മുഹമ്മദ് റിയാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th October 2024, 2:19 pm

കോഴിക്കോട്: കേരളത്തിലെ കോണ്‍ഗ്രസിന്റെ അന്ത്യം കാണാന്‍ ബി.ജെ.പി നിയോഗിച്ച ട്രോജന്‍ കുതിരയാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ചേവായൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് സുധാകരന്‍ നടത്തിയ വിവാദപ്രസംഗത്തക്കുറിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗ്രീക്ക് പുരാണങ്ങളില്‍, ട്രോജന്‍ യുദ്ധസമയത്ത് ട്രോയ് നഗരത്തില്‍ പ്രവേശിച്ച് യുദ്ധവിവരങ്ങള്‍ മോഷ്ടിക്കാനും മറ്റ് ദുഷ്പ്രവര്‍ത്തികള്‍ക്കുമായി ഉപയോഗിച്ചിരുന്ന കൂറ്റന്‍ കുതിരകളാണ് ട്രോജന്‍ കുതിരകള്‍.

ചാവക്കാട് സ്വദേശിയായ ലാല്‍ജി, മധു ഈച്ചരത്ത് തൃശൂരിലെ ഹനീഫ, കണ്ണൂരിലെ, ബഷീര്‍ എന്നീ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊന്നതും കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും റിയാസ് പറഞ്ഞു. ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ വിമത നേതാക്കളെ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല എന്ന കെ.സുധാകരന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ സുധാകരന്റെ വിവാദപ്രസ്താവന കേരളത്തിലെ മാധ്യമങ്ങള്‍ വേണ്ടവിധം ചര്‍ച്ച ചെയ്തില്ലെന്നും ഒരുപക്ഷെ ഒരു ഇടത് നേതാവിന്റെ അകന്ന ബന്ധുവാണ് ഇത് പറഞ്ഞതെങ്കില്‍ മാധ്യമങ്ങള്‍ അത് ആഘോഷിക്കുമായിരുന്നെന്നും മന്ത്രി കുറ്റപ്പെടുത്തി. ഉത്തരവാദിത്തമുള്ള ഒരു സ്ഥാനത്ത് ഇരിക്കുന്നവര്‍ ഇത്തരം പരാമര്‍ശം നടത്താന്‍ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കെ.സുധാകരന് ഇടതുപക്ഷത്തോട് അടുക്കുന്നവരോട് വല്ലാത്ത അലര്‍ജിയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്ന് ഒട്ടനവധി കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോയപ്പോള്‍ ഇല്ലാതിരുന്ന പ്രശ്‌നമാണ് ഇടതുപക്ഷത്തോട് അടുക്കുമ്പോള്‍ അദ്ദേഹത്തിന് ഉണ്ടാകുന്നത്. അതിനാലാണ് അവരെ പ്രാണികള്‍ എന്നൊക്കെ അഭിസംബോധന ചെയ്തതെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ചേവായൂര്‍ സഹകരണ ബാങ്കിലെ പാര്‍ട്ടി നേതൃത്വവുമായുള്ള തര്‍ക്കത്തൈ തുടര്‍ന്ന് ഒരു വിഭാഗം സി.പി.ഐ.എമ്മുമായി ചേര്‍ന്ന് ഭരണം കൈക്കലാക്കാന്‍ ശ്രമിക്കുന്നു എന്നാണ് കെ.സുധാകരന്‍ ആരോപിച്ചത്. അതിനാല്‍ ഇത്തരക്കാര്‍ തടി വേണോ ജീവന്‍ വേണോ എന്ന് ആലോചിക്കണമെന്നും അല്ലാത്തപക്ഷം തിരിച്ചടിയുണ്ടാവുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് വെല്ലുവിളിച്ചത്‌.

നവംബര്‍ 16നാണ് ചേവായൂര്‍ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പ്. അന്ന് തന്നെ ഫലം അറിയുകയും ചെയ്യും. 17നാണ് പുതിയ ഭരണ സമിതി ചുമതലയേല്‍ക്കുക. കോണ്‍ഗ്രസ് പുറത്താക്കിയ ജി.സി പ്രശാന്ത് കുമാറിന്റെ നേത്യത്വത്തിലാണ് നിലവില്‍ ഭരണം നടക്കുന്നത്.

Content Highlight: KPCC president is Trojan horse appointed by BJP to see the end of Congress says P.A. Muhammad Riyas