| Friday, 7th January 2022, 1:04 pm

കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും മുകളിലോട്ട് തുപ്പിക്കൊണ്ട് കളിക്കാം, കെ റെയില്‍ യു.ഡി.എഫിന്റെ സ്വപ്‌ന പദ്ധതി: എം.വി. ജയരാജന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി യു.ഡി.എഫ് വിഭാവനം ചെയ്തിരുന്നതാണെന്ന തെളിവുകള്‍ ഇതിനകം തന്നെ പുറത്തുവന്നെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍.

2011ലെ യു.ഡി.എഫ് മാനിഫെസ്റ്റോവിലും 2012ലെ എമര്‍ജിങ് കേരളയിലും യു.ഡി.എഫിന്റെ പ്രധാന സ്വപ്‌ന പദ്ധതികളിലൊന്നായിരുന്നു കെ റെയിലെന്ന് ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റായി രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന സമയത്താണ് പദ്ധതി മുന്നോട്ട് വെച്ചതെന്ന് അദ്ദേഹം പറഞ്ഞു.

അതുകൊണ്ട് തന്നെ ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും മുകളിലോട്ട് തുപ്പിക്കൊണ്ട് കളിക്കാമെന്നും എന്നാല്‍ തുപ്പല്‍ മറ്റുള്ളവരുടെ ദേഹത്താകരുതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ഇനി മുതല്‍ കല്ല് പറിക്കാന്‍ സ്വന്തം അണികളെ കിട്ടാന്‍ കെ. സുധാകരന് എളുപ്പമല്ല. സുധാകരന്‍ കല്ല് പിഴുതെറിയാന്‍ ഗുണ്ടാ സംഘങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നതിന്റെ കാരണം പകല്‍ പോലെ വ്യക്തമാണ്. സുധാകര- സതീശ സംഘം കെ റെയിലിനെതിരെ നടത്തികൊണ്ടിരിക്കുന്ന സമരം അതിന് വേണ്ടി മാത്രമുള്ളതല്ല, ഉമ്മന്‍ ചാണ്ടി ചെന്നിത്തല കൂട്ട്‌കെട്ടിനെതിരെ കൂടെയുള്ളതാണെന്നും അദ്ദേഹം പറയുന്നു.

തങ്ങളുടെ കാലത്താണ് കെ റെയില്‍ പദ്ധതി മുന്നോട്ട് വെച്ചതെന്ന കാരണത്താലാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഇപ്പോള്‍ മൗനം പാലിക്കുന്നതെന്നും മുകളിലോട്ട് തുപ്പികളിക്കാന്‍ മുന്നോട്ട് വന്നാല്‍ എല്ലാവരില്‍ നിന്നും ഒറ്റപ്പെടുമെന്നും അവര്‍ക്കറിയാമെന്നും ജയരാജന്‍ പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ വികസനത്തിന് എതിരല്ലെന്നും വോട്ട് ചെയ്ത് വിജയിപ്പിച്ച ജനത്തെ വഞ്ചിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറാല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കെ റെയില്‍ നഷ്ടപരിഹാരത്തില്‍ ഗ്രാമ-നഗരങ്ങളിലെ പദ്ധതി ബാധിത പ്രദേശങ്ങളില്‍ ലഭിക്കുന്ന തുകയില്‍ അവ്യക്തത തുടരുകയാണ്. ഗ്രാമങ്ങളില്‍ നാലിരട്ടി വരെ വില ലഭിക്കുമെന്ന് പറയുമ്പോഴും കേരളത്തിലെ സാഹചര്യത്തില്‍ അത്രകണ്ട് വില ഉയരില്ല. സാമൂഹിക ആഘാത പഠനം കഴിഞ്ഞ ശേഷമാകും സര്‍ക്കാര്‍ തുടര്‍നടപടികളിലേക്ക് കടക്കുക.

തലസ്ഥാനത്തെ ജനസമക്ഷം പരിപാടിക്ക് തൊട്ട് മുന്നോടിയായാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരുന്നത്. അന്തിമ കണക്ക് നിശ്ചയിക്കാന്‍ സമയമാകാത്തത് കൊണ്ട് തന്നെ പരിഗണിക്കപ്പെടുന്ന നഷ്ടപരിഹാരം എന്ന് അടിവരയിട്ടാണ് കണക്ക് പുറത്തുവിട്ടിട്ടുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: KPCC President and Leader of the Opposition can spit and play, K Rail UDF’s dream project: MV Jayarajan

We use cookies to give you the best possible experience. Learn more