തിരുവനന്തപുരം: പത്മജ വേണുഗോപാലിനെ അധിക്ഷേപിച്ച് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ പ്രസ്താവനക്കെതിരെ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി. യോഗത്തില്‍ രാഹുലിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു.
പത്മജയെ വിമര്‍ശിക്കാന്‍ രാഹുല്‍ കെ. കരുണാകരന്റെ പേര് ഉപയോഗിച്ചത് ശരിയായില്ലെന്നും അദ്ദേഹത്തിന് അഹങ്കാര സ്വരമുണ്ടെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പത്മജ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് അവര്‍ക്കെതിരെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശം.
പത്മജയെ തന്തയെ കൊന്ന സന്താനമായി ചരിത്രം അടയാളപ്പെടുത്തുമെന്നാണ് രാഹുല്‍ പറഞ്ഞത്. ‘തന്തക്ക് പിറന്ന മകളോ? തന്തയെ കൊന്ന സന്താനമോ? പത്മജയെ വിശേഷിപ്പിക്കേണ്ടത് എങ്ങെയാണ്. കെ. കരുണാകരന്‍ പത്മജയോട് എന്ത് പാതകമാണ് ചെയ്തത്’, രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.
കരുണാകരന്റെ പാരമ്പര്യം മറ്റെവിടെയെങ്കിലും ഉപയോഗിച്ചാല്‍ യൂത്ത് കോണ്‍ഗ്രസ് അവരെ തെരുലവില്‍ തടയുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. അതേസമയം, രാഹുലിന്റെ പ്രസ്താവനയെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ തന്നോട് അത് പറയണ്ടെന്നും രാഹുല്‍ ടി.വി ചര്‍ച്ചയില്‍ ഇരുന്ന് വലുതായ നേതാവാണെന്നുമാണ് പത്മജ പ്രതികരിച്ചത്.
പത്മജക്ക് എതിരെ രാഹുല്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ശൂരനാട് രാജശേഖരന്‍ രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ നിലപാട് ഒരു തവണ വ്യക്തമാക്കിയതാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചത്.
Content Highlight: KPCC Political Affairs Committee against Rahul Mamkootathil