| Friday, 23rd June 2023, 8:12 pm

സംസ്ഥാനത്ത് രണ്ട് ദിവസം കരിദിനം ആചരിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം; രാഷ്ട്രീയ ഗൂഢാലോചനയുടെ ഉദാഹരണമെന്ന് നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കെ. സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിനെതിരെ സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് വ്യാപക പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ഇന്നും നാളെയും കോണ്‍ഗ്രസ് കേരളത്തില്‍ കരിദിനമായി ആചരിക്കുമെന്ന് കെ.പി.സി.സി നേതൃത്വം അറിയിച്ചു.

കെ. സുധാകരനെ അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയ ഗൂഢാലോചനയുടെ ഉദാഹരണമാണെന്ന് കെ.പി.സി.സി നേതാക്കള്‍ തിരുവനന്തപുരത്ത് അറിയിച്ചു. കേരളത്തിലെ കെ.പി.സി.സി നേതൃത്വത്തിനെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് ഈ അറസ്റ്റെന്നും അതിന്റെ ഭാഗമായാണ് അദ്ദേഹത്തെ ഇന്ന് ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയതെന്നും നേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

കേരളത്തിലെ സി.പി.ഐ.എം നടത്തുന്ന രാഷ്ട്രീയ ഗൂഢാലോചന മുന്‍കൂട്ടി കണ്ടാണ് കോണ്‍ഗ്രസ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ കരുത്തിനെ ഇല്ലാതാക്കാനുള്ള സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ തന്ത്രത്തിനെതിരെ ഇന്നും നാളെയും കേരളത്തിലാകെ പ്രതിഷേധം ആഞ്ഞുകത്തിക്കാന്‍ പോകുകയാണ്. ഇന്നും നാളെയും കേരളത്തില്‍ കരിദിനമായി ആചരിക്കുമെന്നും നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രീയ എതിരാളികളെ അപവാദ പ്രചരണം നടത്തി അവര്‍ക്കെതിരെ കള്ളക്കേസ് ഉണ്ടാക്കാനും അപമാനിക്കാനും മാത്രമാണ് സി.പി.ഐ.എം മഞ്ഞപ്പത്രവും ഗോസിപ്പ് ചാനലും നടത്തുന്നത്. പച്ചയായ നുണകള്‍ പ്രചരിപ്പിച്ച് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ നോക്കുന്ന ഗോവിന്ദനും പാര്‍ട്ടിക്കാര്‍ക്കും എതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും എം. ലിജു ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു.

അതേസമയം, പ്രതിപക്ഷത്തെ പൊലീസിനെ ഉപയോഗിച്ച് ഒതുക്കാനുള്ള മുണ്ടുടുത്ത മോദിയുടെ ഫാസിസ്റ്റ് സര്‍ക്കാരിന്റെ പരിഹാസ്യമായ നീക്കമാണിതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചാല്‍ തോല്‍ക്കുന്നത് സി.പി.ഐ.എം തന്നെയായിരിക്കുമെന്നും കെ.പി.സി.സി ഔദ്യോഗിക ഫേസ്ബുക്ക് പേജിലും കുറിച്ചു.

Content Highlights: kpcc leaders reacts to k  sudhakaran arrest

We use cookies to give you the best possible experience. Learn more