| Thursday, 20th May 2021, 2:25 pm

കിംവദന്തികള്‍ക്ക് പിന്നാലെ പോകരുത്, വികാരപ്രകടനങ്ങള്‍ കൊണ്ട് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷതം സംഭവിക്കുകയേയുള്ളു; കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് മാത്യു കുഴല്‍നാടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സൈബര്‍ ഇടങ്ങളിലടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പക്വതയോടെ പെരുമാറണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. സ്വതന്ത്രമായും നിര്‍ഭയമായും അഭിപ്രായം പറയാനുള്ള അവസരം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടെന്നും പ്രവത്തകരുടെ വികാരം നേതൃത്വത്തിന് മുന്നില്‍ എത്തും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘നിങ്ങള്‍ ദയവു ചെയ്തു കിംവദന്തികള്‍ക്ക് പിന്നാലെ പോകരുത്. അതിന്റെ വികാരത്തില്‍ പ്രതികരിക്കരുത്. ആഴമുള്ള ഒരു പ്രതിസന്ധിയുടെ മുന്നിലാണ് നമ്മള്‍ നില്‍ക്കുന്നത്. വികാരപ്രകടനങ്ങള്‍ കൊണ്ട് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷതം സംഭവിക്കത്തെ ഉള്ളു. അത് പരിഹരിക്കാന്‍ ഞാനും നിങ്ങളും തന്നെ വേണം എന്നത് മറക്കണ്ട,’ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

അഭിപ്രായ പ്രകടനത്തില്‍ പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ കുറച്ച്കൂടി പക്വത കാണിക്കണം എന്നാണ് എന്റെ അഭ്യര്‍ത്ഥന. കോണ്‍ഗ്രസിനും നേതാക്കള്‍ക്കും എതിരായ പല ട്രോളുകളും സി.പി.ഐ.എം സൈബര്‍ ഗ്രൂപ്പുകളില്‍ നിന്നാണ് ഉത്ഭവിക്കുന്നത് എന്നതും മറക്കരുതെന്ന് അദ്ദേഹം പ്രവര്‍ത്തകരെ ഒര്‍മപ്പെടുത്തി.

മാത്യു കുഴല്‍നാടന്‍ എഴുതിയ ഫേസ്ബുക്ക പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞ ദിവസങ്ങളില്‍ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഫോണിലും നേരിട്ടും പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തെ കുറിച്ച് ആശങ്കയും അഭിപ്രായങ്ങളും ഒക്കെ അറിയിക്കുകയുണ്ടായി.
കൂടാതെ സാമൂഹ മാധ്യമങ്ങളിലൂടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അവരുടെ രോഷവും നിരാശയും ഒക്കെ കടുത്ത ഭാഷയിലും ട്രോളുകളും ഒക്കെ ആയി പ്രകടിപ്പിക്കുന്നുണ്ട്. പ്രവര്‍ത്തകരുടെ വികാരം നൂറു ശതമാനം ഉള്‍കൊള്ളുന്നു.

ഒരു അഭ്യര്‍ത്ഥന നടത്താനാണ് ഇതെഴുതുന്നത്. നിങ്ങള്‍ ദയവു ചെയ്തു കിംവദന്തികള്‍ക്ക് പിന്നാലെ പോകരുത്. അതിന്റെ വികാരത്തില്‍ പ്രതികരിക്കരുത്. ആഴമുള്ള ഒരു പ്രതിസന്ധിയുടെ മുന്നിലാണ് നമ്മള്‍ നില്‍ക്കുന്നത്. വികാരപ്രകടനങ്ങള്‍ കൊണ്ട് പാര്‍ട്ടിക്ക് കൂടുതല്‍ ക്ഷതം സംഭവിക്കത്തെ ഉള്ളു. അത് പരിഹരിക്കാന്‍ ഞാനും നിങ്ങളും തന്നെ വേണം എന്നത് മറക്കണ്ട.
പിന്നെ പാര്‍ട്ടിയിലെ എല്ലാ തീരുമാനങ്ങളും അഭിപ്രായങ്ങളും ഗ്രൂപ്പ് താത്പര്യം മുന്‍നിര്‍ത്തി മാത്രമാണ് എന്ന് കരുതണ്ട.

സ്വതന്ത്രമായും നിര്‍ഭയമായും അഭിപ്രായം പറയാനുള്ള അവസരം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ട്. അതിനുള്ള ആര്‍ജവവും ഇച്ഛാശക്തിയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പൂര്‍ണമായും അസ്തമിച്ചു എന്ന് ധരിക്കണ്ട. പ്രവത്തകരുടെ വികാരം നേതൃത്വത്തിന് മുന്നില്‍ എത്തും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.
അതുകൊണ്ട് അഭിപ്രായ പ്രകടനത്തില്‍ പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ കുറച്ചുകൂടി പക്വത കാണിക്കണം എന്നാണ് എന്റെ അഭ്യര്‍ത്ഥന.

കോണ്‍ഗ്രസിനും നേതാക്കള്‍ക്കും എതിരായ പല ട്രോളുകളും സി.പി.ഐ.എം സൈബര്‍ ഗ്രൂപ്പുകളില്‍ നിന്നാണ് ഉത്ഭവിക്കുന്നത് എന്നതും നമ്മള്‍ മറക്കണ്ട..
ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റ സ്വരത്തില്‍ പറയണമെന്ന്, ഉള്‍കൊള്ളണമെന്നും ഞാന്‍ ആഗ്രഹിക്കുന്ന ഒരു വരി താഴെ കുറിക്കട്ടെ.
‘We shall prevail. we shall overcome.’നന്ദി..

COMTENT HIGHLIGHTS : KPCC general secretary Mathew Kuzhalnadan urges Congress workers to behave maturely in cyberspace

Latest Stories

We use cookies to give you the best possible experience. Learn more