| Thursday, 18th April 2024, 8:33 pm

'പോണ്‍ഗ്രസ്' പരാമര്‍ശം; ദേശാഭിമാനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി കെ.പി.സി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ ‘പോണ്‍ഗ്രസ്’ എന്ന് തലക്കെട്ടിട്ട ദേശാഭിമാനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി കെ.പി.സി.സി.

ഏപ്രില്‍ 18ലെ പത്രത്തിലാണ് പോണ്‍ഗ്രസ് എന്ന തലക്കെട്ടില്‍ കോണ്‍ഗ്രസിനെതിരെ ദേശാഭിമാനി വാര്‍ത്ത നല്‍കിയത്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ അറിവോടെയാണ് തലക്കെട്ട് ഇട്ടതെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസന്‍ പറഞ്ഞു.

വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ നടപടി എടുക്കണമെന്നും എം.എം. ഹസന്‍ ആവശ്യപ്പെട്ടു. ‘ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുകയും ഗാന്ധിജിയെ ആത്മാവിലേക്ക് ആവാഹിക്കുകയും ചെയ്ത കോണ്‍ഗ്രസിനെയാണ് പോണ്‍ഗ്രസ് എന്ന് വിശേഷിപ്പിച്ചത്. പാര്‍ട്ടി സെക്രട്ടറിയുടെ അറിവോ സമ്മതമോ ഇല്ലാതെ ഇത്തരമൊരു വാര്‍ത്ത പാര്‍ട്ടി പത്രത്തില്‍ വരില്ല,’ എം.എം. ഹസന്‍ പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയെല്ലാം പോണ്‍ഗ്രസ് എന്ന് വിശേഷിപ്പിച്ച് കാര്‍ട്ടൂണ്‍ സഹിതമാണ് എട്ട് കോളം വാര്‍ത്ത നല്‍കിയത്. ഇതിന് പിന്നില്‍ വ്യക്തമായ ആസൂത്രണം ഉണ്ടെന്നും എം.എം. ഹസന്‍ ആരോപിച്ചു.

വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ നുണബോംബ് പൊട്ടിച്ച് ചീറ്റിയതിന്റെ നാണക്കേട് മറക്കാനാണ് ഇത്തരമൊരു വാര്‍ത്ത ഇപ്പോള്‍ ഇറക്കിയിരിക്കുന്നത്. വ്യാജ വീഡിയോയുടെ ഉത്തരവാദിത്തം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവെക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യാ മുന്നണിയുടെ ഭാഗമായ സി.പി.ഐ.എമ്മില്‍ നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ലെന്നും എം.എം. ഹസന്‍ പറഞ്ഞു.

Content Highlight: KPCC filed a complaint against deshabhimani in the Election Commission

Latest Stories

We use cookies to give you the best possible experience. Learn more