Kerala News
കെ.പി.സി.സിയുടെ ഫേസ്ബുക്ക് പേജ് സംഘപരിവാര്‍ അനുകൂലികള്‍ കൈയ്യേറിയതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 14, 01:58 am
Thursday, 14th June 2018, 7:28 am

തിരുവനന്തപുരം: കെ.പി.സി.യുടെ ഫേസ്ബുക്ക് പേജ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഹാക്ക് ചെയ്തതായി പരാതി. കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എന്ന പേരിലുള്ള ഫേസ്ബുക്ക് പേജാണ് സംഘപരിവാര്‍ അനുകൂലികള്‍ കൈയ്യടക്കിയതായി നേതാക്കള്‍ ആരോപിച്ചത്.

കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെട്ട പേജാണ് ഹാക്ക് ചെയ്തിരിക്കുന്നത്. കെ.മുരളീധരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഈ പേജില്‍ അഡ്മിന്‍മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

16,000ത്തോളം അംഗങ്ങളുള്ള ഗ്രൂപ്പില്‍ ഇപ്പോള്‍ സംഘപരിവാര്‍ അനുകൂലികളായ സൈബര്‍ പോരാളികളാണ് ആധിപത്യം തുടരുന്നത്. ഗ്രൂപ്പില്‍ കോണ്‍ഗ്രസ് വിരുദ്ധവും ബി.ജെ.പി അനുകൂലമായ പോസ്റ്റുകളും വന്നതോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടത്. യുവമോര്‍ച്ചാ നേതാവ് ലസിതാ പാലയ്ക്കല്‍ അടക്കമുള്ളവരാണ് ഇപ്പോള്‍ ഗ്രൂപ്പില്‍ സജീവമായി പോസ്റ്റുകളിടുന്നത്.


ALSO READ: ‘വിവേചനം സാധ്യമല്ല’; ശബരിമല സ്‌പെഷ്യല്‍ ബസുകളില്‍ സ്ത്രീകളെ വിലക്കാനാവില്ലെന്ന് കെ.എസ്.ആര്‍.ടി


അതേസമയം, കെ.പി.സി.സിയുടെ ഔദ്യോഗിക പേജല്ല ഇതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിശദീകരണം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് – കേരള എന്നതാണ് കെ.പി.സി.സിയുടെ ഔദ്യോഗിക പേജെന്നും വിശദീകരണമുണ്ട്.

എന്നാല്‍ പേജിന്റെ യഥാര്‍ഥ വിവരം സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം, കെ.മുരളീധരന്‍ കന്നോത്ത് എന്നയാള്‍ അഡ്മിനായ പേജ് വഴി പാര്‍ട്ടി വിരുദ്ധമായ പോസ്റ്റുകളും ചര്‍ച്ചകളും നടക്കുന്നത് ശ്രദ്ധയില്‍ പെട്ടതായും ഇക്കാര്യത്തില്‍ തനിക്ക് ബന്ധമില്ലെന്നും കെ.മുരളീധരന്‍ എം.എല്‍.എ ഫേസ്ബുക്കിലൂടെ പറഞ്ഞു.

നിലവിലെ ഈ ഗ്രൂപ്പില്‍ സംഘപരിവാര്‍ അനുകൂല പോസ്റ്റുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. തങ്ങളുടെ പേജ് സംഘപരിവാര്‍ സംഘടനകള്‍ തന്നെയാണ് ഹാക്ക് ചെയ്തതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട പ്രവര്‍ത്തകര്‍ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.