തിരുവനന്തപുരം: പ്രളയബാധിതര്‍ക്ക് വാഗ്ദാനം ചെയ്തതുപോലെ ആയിരം വീടുകളല്ല, കെ.പി.സി.സി നിര്‍മിക്കുന്നത് 96 വീടുകളെന്ന് എം.എം ഹസ്സന്‍. ആയിരം വീടുകള്‍ നിര്‍മിച്ചു നല്‍കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും ആഗ്രഹിച്ചതുപോലെ ഫണ്ട് ശേഖരിക്കാനായില്ലെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
‘ആയിരം വീടുകള്‍ക്കായി 50 കോടി രൂപ കണ്ടെത്താന്‍ കെ.പി.സി.സി തീരുമാനിച്ചിരുന്നു. നിരവധി ബുദ്ധിമുട്ടുകള്‍ കാരണം ആഗ്രഹിച്ചതുപോലെ ഫണ്ട് ശേഖരിക്കാനായില്ല. കെ.പി.സി.സിക്ക് വീട് നിര്‍മാണത്തിനായി ഇതുവരെ സംഭാവനയായി ലഭിച്ചത് മൂന്നരക്കോടി രൂപ മാത്രമാണ്. ആരില്‍ നിന്നും പണപ്പിരിവ് നടത്തിയിട്ടുമില്ല.’- അദ്ദേഹം പറഞ്ഞു.
ഇതുവരെ നിര്‍മാണം പൂര്‍ത്തിയായത് 23 വീടുകളാണ്. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ഒരു കോടി രൂപ സംഭാവനയായി നല്‍കുമെന്നു നേരത്തേ അറിയിച്ചിരുന്നു. അതുകൂടി ലഭിക്കുന്നതോടെ 96 വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ കഴിയും. നിലവില്‍ സമാഹരിച്ച തുകയില്‍ നിന്ന് 76 വീടുകളുടെ നിര്‍മാണം മാത്രമാണു പൂര്‍ത്തിയാക്കാന്‍ കഴിയുകയെന്നും അദ്ദേഹം വിശദീകരിച്ചു.
ഡി.സി.സികളുടെയും എം.എല്‍.എമാരുടെയും നേതൃത്വത്തില്‍ പ്രളയബാധിതര്‍ക്കായി 371 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം വീട് നിര്‍മാണത്തിന്റെ ഫണ്ടില്‍ തിരിമറി നടത്തിയെന്ന ഡി.വൈ.എഫ്.ഐ നേതാവിന്റെ പരാമര്‍ശത്തില്‍ കഴമ്പില്ല. മൂന്നരക്കോടി രൂപ സംഭാവനയായി നല്‍കിയവരുടെ പേരും ഹസ്സന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇതു പിന്നീട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേരളയുടെ ഫേസ്ബുക്ക് പേജിലും പോസ്റ്റ് ചെയ്തു.
സന്നദ്ധസംഘടനകളും കെ.പി.എസ്.ടി.എ, കേരളാ കോ-ഓപ്പറേറ്റീവ് ഫ്രണ്ട്, കെ.എസ്.ടി വര്‍ക്കേഴ്‌സ് യൂണിയന്‍ തുടങ്ങിയവരും സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.