തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഗ്രൂപ്പിനെ സജീവമാക്കാന്‍ നേതാക്കള്‍. സതീശന്‍-സുധാകരന്‍-വേണുഗോപാല്‍ ത്രയങ്ങളെ നേരിടാന്‍ ഒന്നിച്ച് നീങ്ങാനാണ് എ, ഐ ഗ്രൂപ്പുകളുടെ ശ്രമം.
ഡി.സി.സി, കെ.പി.സി.സി ഭാരവാഹി പട്ടിക പുറത്തുവന്നതോടെ തീര്‍ത്തും ഒതുക്കപ്പെട്ട അവസ്ഥയിലാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. ഇതോടെയാണ് സംയുക്തമായി സംഘടനാ തെരഞ്ഞെടുപ്പ് നേരിടാന്‍ ഗ്രൂപ്പുകള്‍ ഒരുങ്ങുന്നത്.
സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, കെ. മുരളീധരന്‍ എന്നിവരൊക്ക പഴയ ഗ്രൂപ്പില്‍നിന്ന് അകലം പാലിച്ചാണ് നില്‍ക്കുന്നത്.
അതിനാല്‍ മത്സരിക്കുന്ന ഗ്രൂപ്പിന് മറുഗ്രൂപ്പില്‍ നിന്ന് പിന്തുണ നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. മുതിര്‍ന്ന നേതാക്കളായ വി.എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പുതിയ നേതൃത്വത്തിനോട് ഇടഞ്ഞാണ് നില്‍ക്കുന്നത്.
ഇവരുടെ പിന്തുണ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഗ്രൂപ്പുകള്‍.
ഗ്രൂപ്പുകള്‍ അപ്രസക്തമായെന്നാണ് സുധാകരന്‍ ആവര്‍ത്തിച്ച് പറയുന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പിസം നേതാക്കളില്‍ മാത്രം ചുരുങ്ങി കഴിഞ്ഞു. താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ മനസ്സില്‍ ഗ്രൂപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ ഗ്രൂപ്പ് നേതാക്കളായ രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിയ്ക്കും കടുത്ത അതൃപ്തിയാണുള്ളത്.
23 ജനറല്‍ സെക്രട്ടറിമാര്‍, 28 നിര്‍വാഹക സമിതി അംഗങ്ങള്‍, നാല് വൈസ് പ്രസിഡന്റുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക പ്രഖ്യാപിച്ചത്.
എന്‍. ശക്തന്‍, വി.ടി. ബല്‍റാം, വി.പി. സജീന്ദ്രന്‍, വി.ജെ പൗലോസ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയെ പോലും പരിഗണിച്ചിരുന്നില്ല.