| Saturday, 28th January 2023, 11:23 am

ഇനി കോണ്‍ഗ്രസ് ബ്രിഗേഡ്, കുത്താന്‍ വരുന്ന കടന്നലുകളെ തിരിച്ചുകുത്തും: പി. സരിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ മീഡിയയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ കോ-ഓര്‍ഡിനേറ്ററായി നിയമിതമനായ പി. സരിന്‍.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സോഷ്യല്‍ മീഡിയ ബ്രിഗേഡുകള്‍ ഒരു പരിധിവരെ മാധ്യമ സൃഷ്ടിയാണെന്നും, നേതാക്കളുടെയല്ല, കോണ്‍ഗ്രസ് ബ്രിഗേഡാണ് ഇനി ഉണ്ടാകുകയെന്നും സരിന്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ കുത്താന്‍ വരുന്ന കടന്നലുകളെ തിരിച്ചുകുത്തുമെന്നും സി.പി.ഐ.എം സൈബര്‍ പോരാളികളെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് സരിന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

‘ബ്രിഗേഡുകള്‍ ഒരു പരിധിവരെ മാധ്യമ സൃഷ്ടിയാണ്. അതില്ല എന്ന് ഞാന്‍ പറയുന്നില്ല. ഇവരെല്ലാം ഒരാളോടുള്ള ഇഷ്ടം കൊണ്ട് അത് ചെയ്യുന്നു എന്നതുകൊണ്ട് മറ്റൊരാളെ ഇഷ്ടമല്ല എന്നുള്ള ധ്വനി പാടില്ല.

ആ ഇഷ്ടങ്ങളെല്ലാം കോണ്‍ഗ്രസിനോടുള്ള ഇഷ്ടം കൊണ്ട് തുടങ്ങിയതാണ്. അതിനെ ഒരുമിപ്പിക്കാന്‍ എളുപ്പത്തില്‍ സാധിക്കും. അത് സംഭവിപ്പിക്കുക എന്നുള്ളതാണ് എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം. അത് നടക്കും. ഇത് കോണ്‍ഗ്രസ് ബ്രിഗേഡാണ്, അതിനപ്പുറത്തേക്ക് ഒരു ചോദ്യവും ഉത്തരവും ഇതിനില്ല,’ സരിന്‍ പറഞ്ഞു.

ബി.ബി.സി ഡോക്യുമെന്ററി വിവാദത്തെത്തുടര്‍ന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി രാജിവച്ച ഒഴിവിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് പി. സരിനെ കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറായി നിയമിച്ചത്.

പുനഃസംഘടിപ്പിച്ച കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചെയര്‍മാന്‍ മുന്‍ എം.എല്‍.എ വി.ടി. ബല്‍റാമാണ്.

തൃശ്ശൂര്‍ തിരുവില്വാമല സ്വദേശിയായ ഡോ. സരിന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് സര്‍വീസില്‍ കര്‍ണാടകയില്‍ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലായിരിക്കെയാണ് ജോലി രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്.

Content Highlight: KPCC Digital Media Co-ordinator P Sarin about Congress Brigade in Social Media

Latest Stories

We use cookies to give you the best possible experience. Learn more