| Tuesday, 24th January 2023, 3:57 pm

ബി.ബി.സി മുന്‍വിധിയുള്ള ചാനല്‍; ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തെ തകര്‍ക്കും: കെ.പി.സി.സി മീഡിയ സെല്‍ കണ്‍വീനർ അനില്‍ കെ. ആന്റണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബി.ബി.സിയുടെ ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍ (India: The Modi Question) എന്ന ഡോക്യുമെന്ററിയെ വിമര്‍ശിച്ച് എ.കെ. ആന്റണിയുടെ മകനും കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറുമായ അനില്‍ കെ. ആന്റണി. ട്വിറ്ററിലൂടെയായിരുന്നു അനിലിന്റെ പ്രതികരണം.

ബി.ബി.സി മുന്‍വിധിയുള്ള ചാനലാണെന്നും ഡോക്യുമെന്ററിയിലെ വാദങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ സ്വീകരിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കുമെന്നുമാണ് അനില്‍ ട്വീറ്റ് ചെയ്തത്.

”ബി.ജെ.പിയുമായി വലിയ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും, മുന്‍വിധികളുടെ ഒരു നീണ്ട ചരിത്രമുള്ള ബ്രിട്ടീഷ് സ്റ്റേറ്റ് സ്പോണ്‍സേര്‍ഡ് ചാനലായ ബി.ബി.സിയുടെയും ഇറാഖ് യുദ്ധത്തിന് പിന്നിലെ തലച്ചോറായ ജാക്ക് സ്ട്രോയുടെയും ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇന്ത്യയിലുള്ളവര്‍ ഏറ്റുപിടിക്കുന്നത് അവര്‍ക്ക് അപകടകരമാം വിധം മുന്‍തൂക്കം നല്‍കുമെന്നും നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുമെന്നുമാണ് ഞാന്‍ കരുതുന്നത്,” എന്നാണ് അനില്‍ കെ. ആന്റണിയുടെ ട്വീറ്റ്.

യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ ബി.ബി.സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കെ.പി.സി.സിയുടെ മീഡിയ സെല്‍ മേധാവിയുടെ പ്രതികരണവും പുറത്തുവരുന്നത്.

ഒറ്റുകൊടുത്തതിന്റെയും മാപ്പ് എഴുതിയതിന്റെയും വംശഹത്യ നടത്തിയതിന്റെയുമൊക്കെ ഓര്‍മപ്പെടുത്തലുകള്‍ അധികാരമുപയോഗിച്ച് മറച്ച് പിടിക്കാവുന്നതല്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും പാലക്കാട് എം.എല്‍.എയുമായ ഷാഫി പറമ്പില്‍ പ്രതികരിച്ചത്.

2002ലെ ഗുജറാത്ത് വംശഹത്യയെയും മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്തതില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെയും പൊലീസിന്റെയും പങ്കിനെയും കുറിച്ചാണ് ബി.ബി.സി ഡോക്യുമെന്ററിയുടെ ആദ്യഭാഗം പറയുന്നത്.

കലാപത്തിനിടെ കോണ്‍ഗ്രസ് നേതാവ് ഇഹ്‌സാന്‍ ജാഫ്രി കൊല്ലപ്പെട്ടതടക്കമുള്ള സാഹചര്യങ്ങളും ദൃക്‌സാക്ഷികളായവര്‍ ഡോക്യുമെന്ററിയില്‍ വിശദീകരിക്കുന്നുണ്ട്. ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ജനുവരി 24ന് പുറത്തുവരും.

C0ntent Highlight: KPCC Digital media cell convenor Anil K Antony criticise BBC documentary on Modi

We use cookies to give you the best possible experience. Learn more